sonam-raja

മേഘാലയയില്‍ ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ സോനം രഘുവംശിക്ക് ജാമ്യം. 10 മാസമായി ജയിലില്‍ കഴിയുന്ന സോനത്തിന്റെ ജാമ്യാപേക്ഷ 3 തവണ തള്ളിയ ശേഷമാണ് കോടതി ജാമ്യം അനുവദിക്കുന്നത്.

മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള വ്യവസായിയായ രാജാ രഘുവംശിയും സോനവും 2025 മെയ് മാസത്തിലാണ് വിവാഹിതരായത്. ഹണിമൂണിനായി മേഘാലയയിലെത്തിയ ദമ്പതികളെ മെയ് 23-ന് കാണാതാവുകയായിരുന്നു. തുടർന്ന് ജൂൺ 2-ന് സോഹ്‌റയിലെ ഒരു കൊക്കയിൽ നിന്ന് രാജയുടെ അഴുകിയ മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു.

12ാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള സോനത്തിന്റെ കാമുകന്‍ 20കാരനായ രാജ് കുശ്‌വാഹ സോനത്തിന്റെ പിതാവിന്റെ ഫര്‍ണിച്ചര്‍ കടയില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയായിരുന്നു . സോനത്തിന്റെ കുടുംബത്തിനു മകളുടെ പ്രണയബന്ധം അറിയാമായിരുന്നിരിക്കണമെന്ന് രാജ രഘുവംശിയുടെ അമ്മ പറഞ്ഞിരുന്നു.

പിന്നീട് ഉത്തർപ്രദേശിൽനിന്ന് പിടിയിലായ സോനം, തന്റെ കാമുകൻ രാജ് കുശ്വാഹയുമായും മറ്റ് മൂന്ന് പേരുമായും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതായി സമ്മതിച്ചിരുന്നു. എന്നാല്‍ നിലവില്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചത് സോനം മാത്രമാണ്. അറസ്റ്റ് നടപടികളിൽ പോലീസിന് സംഭവിച്ച ഗുരുതരമായ നിയമപിഴവുകൾ ചൂണ്ടിക്കാട്ടിയാണ് സോനത്തിന് ജാമ്യം നൽകിയത്. കേസിൽ സോനം ഉൾപ്പെടെ എട്ട് പേർക്കെതിരെയാണ് പോലീസ് 790 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.

50,000 രൂപ ജാമ്യത്തുകയും തുല്യമായ മറ്റ് ജാമ്യവ്യവസ്ഥകളും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ കോടതിയുടെ പരിധിവിട്ടുപോകരുത്, കേസിന്റെ വിചാരണവേളയിലെല്ലാം ഹാജരാകണം എന്നീ നിര്‍ദേങ്ങളും സോനത്തിനുണ്ട്. നിലവില്‍ ജാമ്യത്തുക കെട്ടിവയ്ക്കുന്നതിനായി സോനത്തിന്റെ പിതാവും ബന്ധുക്കളും ഷില്ലോങ്ങില്‍ എത്തിയിട്ടുണ്ട്. സോനത്തിന് ജാമ്യം ലഭിച്ചതിൽ കൊല്ലപ്പെട്ട രാജാ രഘുവംശിയുടെ കുടുംബം കടുത്ത അതൃപ്തി രേഖപ്പെടുത്തി.

ENGLISH SUMMARY:

Sonam Raghuwanshi has been granted bail in the Meghalaya honeymoon murder case where her husband was killed. This comes after her bail application was rejected three times during her 10-month imprisonment.