AI Generated Image
ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതി കബളിപ്പിച്ചെന്ന് യുവാവ്. കാണാനെന്ന വ്യജേന തന്നെ വിളിച്ചുവരുത്തിയ യുവതി ബാറില്‍ വച്ച് 22000 രൂപയുടെ ബില്ല് അടപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് യുവാവ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റില്‍ വ്യക്തമാക്കി. ഒരു പ്രമുഖ ഡേറ്റിംഗ് ആപ്പ് വഴിയാണ് യുവാവ് ഒരു യുവതിയെ പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും നേരിട്ട് കാണാൻ തീരുമാനിക്കുകയും യുവതി നിർദ്ദേശിച്ച ഒരു കഫേയിൽ വെച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ജിയ നേഗി എന്ന യുവതിയെ കാണാന്‍ ഗുരുഗ്രാമില്‍നിന്നും യുവാവ് രജൗരി ഗാര്‍ഡനില്‍ എത്തി. അവിടെ നിന്നും യുവതിയുടെ നിര്‍ബന്ധപ്രകാരം ജിബിടി നഗറിലെ ബഘീര എന്ന കഫേയിലേക്ക് പോവുകയായിരുന്നു. ഇവിടെ വച്ച് യുവാവ് 800 രൂപയുടെ ഭക്ഷണം മാത്രം കഴിച്ചപ്പോള്‍ യുവതി തുടര്‍ച്ചയായി മദ്യം ഓര്‍ഡര്‍ ചെയ്യാന്‍ തുടങ്ങി. പിന്നീട് ബില്ല് വന്നപ്പോള്‍ തുക 22000 രൂപ. എന്നാല്‍ യുവാവ് ഈ പണം നല്‍കാന്‍ തയ്യാറായില്ല. ഒടുവില്‍ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് 4000 രൂപ കൊടുത്താണ് യുവാവ് കഫെയില്‍ നിന്നും ഇറങ്ങിയത്.
'ദയവായി എന്നെപ്പോലെ വിഡ്ഢികളാകരുത്. ഇത്തരം ആപ്പുകൾ വഴി അപരിചിതരെ കാണാൻ പോകുമ്പോൾ ശ്രദ്ധിക്കുക' എന്ന കുറിപ്പോടെയാണ് അദ്ദേഹം സമൂഹമാധ്യമത്തില്‍ അനുഭവം പങ്കുവച്ചത്. പോസ്റ്റ് വൈറലായതോടെ ഡല്‍ഹില്‍ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ കൂടുതലായി ഉണ്ടെന്ന് നിരവധി പേരാണ് കമന്റ് ചെയ്തത്.
ഇത്തരത്തിലുള്ള 'ഡേറ്റിംഗ് സ്കാം' ഇപ്പോൾ ഇന്ത്യയിലെ പല നഗരങ്ങളിലും വ്യാപകമാണ്. ഡേറ്റിംഗ് ആപ്പുകളിലെ വ്യാജ പ്രൊഫൈലുകൾ വഴി ആളുകളെ കെണിയിൽ വീഴ്ത്തി പണംതട്ടുന്ന സംഘങ്ങളുണ്ടെന്നും ശ്രദ്ധിക്കണമെന്നും യുവാവ് മുന്നറിയിപ്പ് നല്‍കി.