cjp-farmers

വിദ്യാര്‍ഥി പ്രതിഷേധത്തില്‍ വെള്ളം കുടിക്കുകയാണ് കേന്ദ്രം. വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് കൊക്രോച്ച് ജനതാ പാര്‍ട്ടി തുടങ്ങിയ സമരം  സോനം വാങ്ചുക്കിന്‍റെ നിരാഹാര സത്യാഗ്രഹം മുതല്‍  വിദ്യാര്‍ഥികള്‍ക്കെതിരായ ഡല്‍ഹി പൊലീസിന്‍റെ നരനായാട്ടിന് വരെ വേദിയായി. വിദ്യാര്‍ഥികളുമായി ബിജെപി നേതാവ് ജെ.പി.നദ്ദ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ധര്‍മേന്ദ്ര പ്രധാന്‍റെ രാജിയെക്കുറിച്ച് ഇതുവരെ റിപ്പോര്‍ട്ടുകളൊന്നുമില്ല. എന്നാല്‍ വിദ്യാര്‍ഥി പ്രതിഷേധം കേന്ദ്രത്തെ വിയര്‍പ്പിച്ചെങ്കില്‍ കര്‍ഷകര്‍ കൂടി പ്രതിഷേധത്തിനിറങ്ങാന്‍ പോകുകയാണ് എന്ന റിപ്പോര്‍ട്ട് കേന്ദ്രത്തെ വെള്ളംകുടിപ്പിക്കുമെന്ന് വ്യക്തം.

2020–21ല്‍ നടന്ന കര്‍ഷക പ്രതിഷേധം കേന്ദ്രത്തിന് വലിയ തലവേദന സൃഷ്ടിച്ച വിഷയങ്ങളിലൊന്നായിരുന്നു. അന്ന് തലസ്ഥാനത്തെ തങ്ങളുടെ ട്രാക്ടറുകള്‍ കൊണ്ട് വിറപ്പിച്ച കര്‍ഷകര്‍ വീണ്ടും ഡല്‍ഹിയിലേക്ക് പ്രതിഷേധത്തിനായെത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ഥി പ്രതിഷേധത്തില്‍ വലഞ്ഞിരിക്കുന്ന കേന്ദ്രത്തിന് കൂനിന്‍ മേല്‍ കുരുവായിരിക്കും ഇത്തരമൊരു പ്രതിഷേധ സംഗമം. 

എന്നാല്‍ വിദ്യാര്‍ഥി സമരവുമായി ബന്ധമൊന്നുമില്ല കര്‍ഷകരുടെ സമരത്തിന് എന്നതാണ് പ്രത്യേകത. ഇന്ത്യയും യുഎസും ഒപ്പുവയ്ക്കാന്‍ പദ്ധതിയിടുന്ന ഡീലിനെതിരായാണ് ഡല്‍ഹി കിസാന്‍ ഘട്ടില്‍ കര്‍ഷകര്‍ സമരത്തിനെത്തുന്നത്. കര്‍ഷകസംഘടനയായ കിസാന്‍ മസദൂര്‍ മോര്‍ച്ചയാണ് പ്രതിഷേധത്തിന് നേതൃത്വം വഹിക്കുന്നത്. യുഎസുമായി വില്‍പ്പനക്കരാറില്‍ ഒപ്പിട്ടാല്‍ വിലക്കുറവില്‍ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നും ഇത് തദ്ദേശീയ കര്‍ഷകരെയും, കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ചെറുകിട വ്യവസായമേഖലയേയും ബാധിക്കുമെന്നാണ് കര്‍ഷകരുടെ വാദം. 

യുഎസില്‍ കര്‍ഷകര്‍ക്ക് മികച്ച പിന്തുണയും ആനുകൂല്യങ്ങളുമാണ് ഭരണകൂടത്തില്‍ നിന്ന് ലഭിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇതല്ല അവസ്ഥ എന്നും സ്വന്തം കര്‍ഷകരെ ബുദ്ധിമുട്ടിച്ച് അമേരിക്കയ്ക്ക് വരുമാനമുണ്ടാക്കിക്കൊടുക്കേണ്ടെന്നും കര്‍ഷകര്‍ വാദിക്കുന്നു. 

കഴിഞ്ഞ കുറച്ച് മാസങ്ങളായി കര്‍ഷകര്‍ക്കിടിയില്‍ ആശങ്ക സൃഷ്ടിക്കുന്ന വിഷയത്തിനെതിരെ കഴിഞ്ഞ മാസം വില്‍പ്പന കരാറിന്‍റെ മാതൃക കത്തിച്ചും മോട്ടോര്‍സൈക്കിള്‍ റാലി നടത്തിയും കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു.

നിലവില്‍ വിദ്യാര്‍ഥി പ്രതിഷേധം ആളിക്കത്തുന്ന അവസ്ഥയില്‍ കര്‍ഷകര്‍ കൂടി ഡല്‍ഹിയിലെത്തിയാല്‍ കേന്ദ്രം വലയുമെന്നതില്‍ ഒരു സംശയവുമില്ല. കര്‍ഷകരുടെ വരവ് മുന്നില്‍ കണ്ട് ഹരിയാനയില്‍ പൊലീസ് ഇതിനോടകം അതിര്‍ത്തി പ്രദേശങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് കഴിഞ്ഞിട്ടുണ്ട്. ‘ദേശ് ബചാവോ മോര്‍ച്ച’ എന്ന് പേരിട്ട പ്രതിഷേധത്തില്‍ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ എത്തുമെന്നാണ് നിഗമനം. 

ENGLISH SUMMARY:

Student protests are causing significant challenges for the Indian government. Farmers are now preparing to join the demonstrations, adding another layer of complexity to the current political landscape.