delhi-hostel

ഡൽഹി സത്യനികേതനിലെ അപകടത്തിന് പിന്നാലെ കാലപ്പഴക്കം ചെന്ന ഹോസ്റ്റലുകളും ഫ്ലാറ്റുകളും ഒഴിപ്പിച്ച് പൊളിക്കാനാരംഭിച്ച് സര്‍ക്കാര്‍. ബദല്‍ താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും എവിടെ പോകണം എന്നറിയാതെ വലയുകയാണ് മലയാളികള്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍. അതേസമയം പരുക്കേറ്റവരെ സന്ദര്‍ശിച്ച മുഖ്യമന്ത്രി രേഖ ഗുപ്ത അപകടത്തില്‍ പെട്ടവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു. 

ഏഴ് ജീവനുകള്‍ പൊലിഞ്ഞതിന് പിന്നാലെ ശക്തമായ പ്രതിഷേധം ശമിപ്പിക്കാന്‍ തിരക്കിട്ട നടപടികളിലാണ് ഡല്‍ഹി സര്‍ക്കാര്‍. തകര്‍ന്ന ഹോസ്റ്റല്‍ ഡെയ്സിനു സമീപത്തെ കെട്ടിടങ്ങളെല്ലാം ഒഴിപ്പിക്കുകയാണ്. തൊട്ടടുത്ത 40 വിദ്യാർഥിനികൾ താമസിക്കുന്ന ഹോസ്റ്റല്‍ ഉടൻ ഒഴിയാൻ നടത്തിപ്പുകാർ നിർദേശം നൽകി. ഇതര സംസ്ഥാനക്കാർ ആയതിനാൽ എവിടെ പോകണം എന്നറിയാതെ വലയുകയാണ് വിദ്യാര്‍ഥികള്‍.

സത്യ നികേതൻ, മുഖർജി നഗർ, ഓൾഡ് രാജേന്ദ്ര നഗർ, ലക്ഷ്മി നഗർ, സാകേത് തുടങ്ങിയ ഇടങ്ങളിലെല്ലാം പരിശോധന തുടരുകയാണ്. സത്യനികേതനില്‍ മൂന്ന് ദിവസത്തിനകം പൊളിക്കാന്‍ ആവശ്യപ്പെട്ട് ആറ് കെട്ടിടങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. അതില്‍ ഒന്ന് നാളെ പൊളിക്കും. ഡൽഹി സർവകലാശാല താൽകാലിക താമസ സൗകര്യവും ഭക്ഷണവും നൽകാനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. പരുക്കേറ്റവരെ സന്ദര്‍ശിച്ച മുഖ്യമന്ത്രി രേഖ ഗുപ്ത 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.

കെട്ടിടത്തിന്റെ അടിത്തറയ്ക്ക് അധികഭാരം താങ്ങാനുള്ള ശേഷിയില്ലെന്ന് അറിഞ്ഞിട്ടും വാടക വരുമാനം ലക്ഷ്യമിട്ട് ഉടമ ഹരിറാമും കുടുംബവും കൂടുതൽ നിലകൾ നിർമ്മിച്ചതാണ് അപകടത്തിന് പ്രധാന കാരണമായതെന്ന് എഫ്ഐആറിൽ പറയുന്നു. 

ENGLISH SUMMARY:

Delhi hostel demolition is underway following a tragic accident in Satya Niketan, with authorities evicting and demolishing aged hostels and flats. Despite government claims of alternate accommodation, many students, including Malayalis, are struggling to find new places to stay.