വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ചിക്കമഗളൂരുവിലെ മാണിക്യധാര വ്യൂ പോയിന്റ്. മലയാളി പെണ്‍കുട്ടി ശ്രീനന്ദയുടെ മരണത്തോടെയാണ് മാണിക്യദാര വ്യൂ പോയിന്റ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.
ബാബ ബുഡാൻഗിരി കുന്നുകളിൽ പ്രകൃതി സൗന്ദര്യം വാരിക്കോരി വിതറിയിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ വെള്ളിക്കസവാണ് മാണിക്യദാര വെള്ളച്ചാട്ടം. മാണിക്യദാര എന്ന പേരിനർഥം മുത്തുപോലെയുള്ള തുള്ളികളെന്നാണ്. പക്ഷെ ഓരോ മലയാളിയുടെയും മനസ്സിൽ ആ ജലകണങ്ങൾ കൂരമ്പുകളാണ്.
ഇവിടെ സൂര്യനും ജലകണങ്ങളും മഴവില്ലിനെ ചാലിച്ചെടുക്കുന്നു. കഠിനമായ വേനലിലും വറ്റാത്ത ഈ ഉറവ ജാതിമതഭേദമെന്യേയുള്ള തീർഥാടനകേന്ദ്രം കൂടിയാണ്. രോഗശാന്തിക്കും പ്രാർത്ഥനാ സഫലീകരണത്തിനുമായി ആയിരക്കണക്കിനുപ്പേരാണ് ഇവിടെയെത്തുന്നു. മലയാളികൾ ഒന്നടങ്കം നെഞ്ചുരുകി പ്രാർത്ഥിച്ചിട്ടും, ശ്രീനന്ദയുടെ ജീവന്‍റെ തുടിപ്പുകൾ മലമടക്കുകളിൽ നിലച്ചു. അവൾ നെയ്ത സ്വപ്നങ്ങളും പ്രതീക്ഷകളും അവിടെ ഓർമപ്പെടുത്തലുകളായി.മാറി മറിയുന്ന പ്രകൃതിഭാവങ്ങൾക്കു മുന്നിൽ കരുതൽ വേണമെന്ന ഓർമപ്പെടുത്തൽ.