woman-drunk

Image Credit : Twitter

നട്ടപ്പാതിരയ്ക്ക് മദ്യപിച്ച് ലക്കുകെട്ട് തെരുവില്‍ നാട്ടുകാര്‍ക്ക് തെറിയഭീഷേകം. അതും വാഹനം നടുറോഡില്‍ പാര്‍ക്ക് ചെയ്ത്. ഹരിയാനയിലെ ഹിസാറില്‍ നിന്നുള്ള വിഡിയോ  ഇപ്പോള്‍ വൈറലാണ്.  മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട യുവതി റോഡിന് നടുവില്‍ നിന്ന് നാട്ടുകാരെ ചീത്തവിളിക്കുന്നതാണ് വിഡിയോ. തന്‍റെ സര്‍ക്കാര്‍ ജോലിയെക്കുറിച്ചും തനിക്ക് ലഭിക്കുന്ന ശമ്പളത്തെക്കുറിച്ചുമെല്ലാം യുവതി ഉറക്കെ വീമ്പുപറയുന്നതും വിഡിയോയില്‍ കാണാം. സ്ഥലത്ത് പൊലീസ് എത്തിയാണ് അന്തരീക്ഷം ശാന്തമാക്കിയത്. പിന്നാലെ യുവതി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

രാജസ്ഥാനിലെ ഹനുമാൻഗഡ് ജില്ലയിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന നഴ്സാണ് പ്രതി. മദ്യപിച്ച് ലക്കുകെട്ട് കാര്‍ റോഡില്‍ നിര്‍ത്തിയിട്ടത് നാട്ടുകാര്‍ ചോദ്യം ചെയ്തതാണ് യുവതിയെ പ്രകോപിപ്പിച്ചത്. കാറില്‍ നിന്ന് പുറത്തിറങ്ങിയ യുവതി അവിടെ തടിച്ചുകൂടിയവരെ അസഭ്യം പറയാന്‍ തുടങ്ങി. ഗതാഗതം പൂര്‍ണമായും നിലച്ചതോടെ കൂടുതല്‍ ആളുകള്‍ യുവതിയെ ശാന്തയാക്കാന്‍ ശ്രമിച്ചെങ്കിലും യുവതി പിന്മാറാന്‍ തയാറായില്ല. താന്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരിയാണെന്ന് പറഞ്ഞായിരുന്നു ചീത്തവിളി.

സംഭവസ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരില്‍ ചിലരാണ് വിവരം പൊലീസിനെ അറിയിച്ചത്. 20 മിനിട്ടിനുളളില്‍ സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീടുളള ചോദ്യം ചെയ്യലില്‍ യുവതിയുടെ പക്കല്‍ വാഹനത്തിന്‍റെ രേഖകളൊന്നും തന്നെയില്ലെന്നും പൊലീസ് കണ്ടെത്തി. ഗതാഗതതടസം സൃഷ്ടിച്ചതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനും യുവതിക്കെതിരെ പൊലീസ് കേസെടുത്തു. അതേസമയം സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്. 

ENGLISH SUMMARY:

Drunken driving and public nuisance by a woman in Haryana are making headlines. The viral video shows a woman in an inebriated state, blocking traffic and verbally abusing locals.