sabarimala-kolla

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പി.എസ്. പ്രശാന്തിന്‍റെ നേതൃത്വത്തിലെ ദേവസ്വം ബോര്‍ഡിലേക്ക് അന്വേഷണം ശക്തമാക്കി എസ്.ഐ.ടി. 2025ല്‍ സ്വര്‍ണപ്പാളികള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയതില്‍ തട്ടിപ്പെന്ന് വിലയിരുത്തല്‍. ഇത് സ്ഥിരീകരിക്കാനായി മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കേസെടുക്കാനുള്ള അനുമതി തേടി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയേക്കും. ആദ്യ കേസുകളുടെ അന്തിമ റിപ്പോര്‍ട്ടും തിങ്കളാഴ്ച ഹൈക്കോടതിക്ക് നല്‍കും. 

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണം അന്തിമഘട്ടത്തിലെത്തിയിരിക്കുകയാണ്. മാസങ്ങളോളം നീണ്ടുപോയ അന്വേഷണം അനിശ്ചിതമായി നീട്ടാനാവില്ലന്നും തിങ്കളാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നുമാണ് ഹൈക്കോടതി എസ്ഐടിക്ക് നൽകിയിരിക്കുന്ന അന്ത്യശാസനം. അതിനിടയിലാണ് സ്വർണക്കൊള്ളയുടെ മുഖ്യസൂത്രധാരനായ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും എസ് ഐ ടി വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. ബുധനാഴ്ച പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയാണ് എഡിജിപി എച്ച് വെങ്കിടേഷിന്റെയും എസ്പി ശശിധരന്റെയും നേതൃത്വത്തിൽ ആറുമണിക്കൂറിലേറെ ചോദ്യം ചെയ്തത്. 2019ൽ സ്വർണം പൂശിക്കൊണ്ടുവന്ന പാളികൾ 2025 ൽ വീണ്ടും ചെന്നൈ സ്മാർട ക്രിയേഷൻസിൽ എത്തിച്ച് സ്വർണം പൂശിയിരുന്നു. പി എസ് പ്രശാന്ത് ദേവസ്വം പ്രസിഡണ്ട് ആയിരുന്ന സമയത്താണ് ഈ ഇടപാട് നടന്നത്. ഇതിന് പിന്നിലും തട്ടിപ്പുണ്ട് എന്നാണ് എസ്ഐടിയുടെ സംശയം.  

പ്രശാന്ത് ഉൾപ്പെടെയുള്ള 2025ലെ ദേവസ്വം ബോർഡിനെ പ്രതിചേർത്ത് കേസെടുക്കാനും ആലോചിക്കുന്നുണ്ട്. അതിൻറെ മുന്നോടിയായിട്ടാണ് അന്നും സ്വർണ്ണപ്പാളികൾ കൊണ്ടുപോയ ഉണ്ണികൃഷ്ണൻ പോറ്റിയ വീണ്ടും ചോദ്യം ചെയ്തത്. തിങ്കളാഴ്ച ഹൈക്കോടതിയിൽ നൽകുന്ന അന്തിമ റിപ്പോർട്ടിനൊപ്പം 2025ലെ ഇടപാടിലും കേസെടുക്കാനുള്ള സാഹചര്യം എസ്ഐടി അറിയിച്ചേക്കാം. അങ്ങനെയെങ്കിൽ മൂന്നാമതൊരു കേസ് രജിസ്റ്റർ ചെയ്യാനും പ്രശാന്ത് ഉൾപ്പെടെയുള്ളവർ പ്രതിയാകാനുമാണ് സാധ്യത. അതേസമയം 2019ലെ ദ്വാരപാലക ശില്പ പാളികൾ കട്ടിളപ്പാളികൾ എന്നിവയിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ച കേസിലെ അന്വേഷണം പൂർത്തിയായി എന്ന് എസ് ഐ ടി തിങ്കളാഴ്ച ഹൈക്കോടതി അറിയിക്കും. കുറ്റപത്രം തയ്യാറാക്കാനുള്ള നടപടികളിലേക്ക് അതോടുകൂടി കടക്കും.

ENGLISH SUMMARY:

Sabarimala gold heist investigation is intensifying with the SIT focusing on the Devswom Board and P.S. Prashanth's alleged involvement in a 2025 gold scam. The SIT is questioning key accused Unnikrishnan Potty to confirm fraud in transporting gold sheets to Chennai.