പ്രതീകാത്മക ചിത്രം
ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയടക്കം മൂന്നുപേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ അമ്രോഹയിലാണ് നാടിനെ ഒന്നടങ്കം നടുക്കിയ ക്രൂരകൃത്യം നടന്നത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ഒരു രാത്രി മുഴുവന്‍ ആ മൃതദേഹത്തോടൊപ്പം കിടന്നുറങ്ങിയ ഭാര്യ റൂഹി കൊലപാതകം മറച്ച് വയ്ക്കാന്‍ വീട്ടില്‍ കവര്‍ച്ചാശ്രമം നടന്നെന്നും അതിനിടയിലാണ് ഭര്‍ത്താവിന് നേരെ ആക്രമണമുണ്ടായതെന്നും ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചു. ഭര്‍തൃപിതാവിന്‍റെ പരാതിക്ക് പിന്നാലെയാണ് റൂഹിയും കൂട്ടാളികളും പിടിയിലായത്.
റൂഹിയുടെ ഭര്‍ത്താവ് മെഹറാജ് മേസ്തിരിയായി ജോലി ചെയ്തുവരികയായിരുന്നു. ഇരുവര്‍ക്കും രണ്ട് കുട്ടികളുമുണ്ട്. നാട്ടില്‍ തന്നെയുളള ബന്ധുവായ കര്‍ഷകനുമായുളള അവിഹിതബന്ധമാണ് റൂഹിയെ മെഹ്റാജിനെ ഇല്ലാതാക്കണം എന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. റൂഹിയുടെ സഹോദരിയുടെ ഭര്‍ത്താവിന്‍റെ സഹോദരനാണ് ഈ കര്‍ഷകന്‍. റൂഹിയുടെ അവിഹിതബന്ധം മനസിലാക്കിയ മെഹ്റാജ് റൂഹിയെ പലവട്ടം വിലക്കിയിരുന്നു. മെഹ്റാജിനെ കൊലപ്പെടുത്തിയാല്‍ മാത്രമേ കാമുകനൊപ്പം ജീവിക്കാനാകൂ എന്ന് മനസിലാക്കിയ റൂഹി കാമുകന്‍റെ കൂട്ടുകാരന്‍റെ സഹായവും കൊല നടത്താന്‍ ആവശ്യപ്പെട്ടിരുന്നു.
നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ മൂവരും ചേര്‍ന്ന് മെഹ്റാജിനെ കൊല ചെയ്യാനുളള തിയതിയും കുറിച്ചു. അന്ന് രാത്രി ഭക്ഷണത്തില്‍ ഉറക്കഗുളിക ചേര്‍ത്ത് റൂഹി മെഹ്റാജിന് നല്‍കി. രാത്രി കാമുകനായ കര്‍ഷകനും കൂട്ടുകാരനും പ്ലാന്‍ ചെയ്ത പ്രകാരം മെഹ്റാജിന്‍റെ വീട്ടിലെത്തി. ഉറക്കത്തിലായിരുന്നു മെഹ്റാജിന്‍റെ കൈകളും കാലുകളും കയര്‍ കൊണ്ട് ബന്ധിച്ച ശേഷം കത്തികൊണ്ട് കഴുത്തറുത്തു. മരണം ഉറപ്പിച്ച ശേഷമാണ് കര്‍ഷകനും സുഹൃത്തും സ്ഥലം വിട്ടത്.
കൊലപാതകത്തിന് പിന്നാലെ ഭര്‍ത്താവ് ഉറങ്ങുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് റൂഹി മക്കളെയും കൂട്ടി മെഹ്റാജിനൊപ്പം കിടന്നുറങ്ങി. രാവിലെ മെഹ്റാജിനെ കാണാന്‍ വീട്ടിലെത്തിയ പിതാവാണ് മകനെ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. രാത്രി വീട്ടില്‍ കവര്‍ച്ചാശ്രമം നടന്നിരുന്നെന്നും അവര്‍ തന്നെ മാരകമായി മര്‍ദിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം കടന്നുകളയുകയായിരുന്നെന്നും റൂഹി ഭര്‍തൃപിതാവിനോട് പറഞ്ഞു. റൂഹിയുടെ വാക്കുകള്‍ വിശ്വസിക്കാതിരുന്ന ഭര്‍തൃപിതാവ് ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനൊടുവില്‍ റൂഹിയും കാമുകനായ കര്‍ഷകനും സുഹൃത്ത് അഡ്നാനും ചേര്‍ന്ന് മെഹ്റാജിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു.