Image Credit : Twitter
പ്രണയിച്ചതും കൂടെ താമസിപ്പിച്ചതും ഒരു സ്ത്രീയെയല്ല, പുരുഷനെയാണെന്ന് അറിഞ്ഞതോടെ പങ്കാളിയെ കൊലപ്പെടുത്തി യുവാവ്. ഗുജറാത്തിലെ രാജ്ഘോട്ടിലാണ് സംഭവം. 20കാരന്‍ പിയൂഷ് കുമാർ ഖാർവാറാണ് കൊലക്കേസില്‍ പിടിയിലായത്. ചന്ദൻ കുമാർ എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത്. 3 വര്‍ഷം ഒരുമിച്ച് താമസിച്ച ശേഷമാണ് കാമുകി പുരുഷനാണെന്ന് തിരിച്ചറിഞ്ഞതെന്ന് പീയുഷ് പൊലീസിനോട് പറഞ്ഞു. ബന്ധം ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴെല്ലാം ചന്ദന്‍ കുമാര്‍ വിടാതെ പിന്തുടര്‍ന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി പീയുഷ് പറയുന്നു.
ജൂണ്‍ 25നാണ് കൊലപാതകം നടന്നത്. തുടര്‍ന്ന് മസ്‌കട് ഫാടക് റെയില്‍വേ മതിലിന് സമീപം സ്ത്രീവേഷം ധരിച്ച ഒരു യുവാവിന്‍റെ മൃതദേഹം പൊലീസിന് ലഭിച്ചു. ജീര്‍ണിച്ച നിലിയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ആദ്യം ഇതൊരു അപകടമരണമാണെന്ന് പൊലീസ് കരുതിയെങ്കിലും പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന്‍റെ തലയില്‍ ഗുരുതരമായി പരുക്കേറ്റതായും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീയുഷ് പിടിയിലായത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഫെയ്സ്ബുക്കിലൂടെയാണ് കൊല്ലപ്പെട്ട ചന്ദന്‍ പീയുഷുമായി ബന്ധം സ്ഥാപിച്ചത്. ഫെയ്സ്ബുക്കില്‍ നിഷ എന്ന പേരിലും ഇൻസ്റ്റഗ്രാമിൽ പൂനം എന്ന പേരിലുമാണ് ചന്ദന് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നത്. സ്ത്രീയാണെന്ന് പറഞ്ഞ് തെറ്റിധരിപ്പിച്ച് ഇയാള്‍ പീയുഷുമായി പ്രണയബന്ധത്തിലായി. കൂടുതല്‍ അടുത്തതോടെ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ചന്ദനെ സിന്ദൂരമണിയിച്ച് ഭാര്യയാക്കിയ പീയുഷ് ഒരു വീടെടുത്ത് കൂടെ താമസിപ്പിച്ചു. ഏകദേശം 3 വര്‍ഷക്കാലത്തോളം ഒരുമിച്ച് കഴിയുകയും ചെയ്തു. 3 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ഇരുവരും തമ്മില്‍ ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നില്ല. മതപരമായ വിശ്വാസങ്ങളുടെ പേര് പറഞ്ഞും വ്രതമാണെന്ന് പറഞ്ഞ് പറ്റിച്ചും ചന്ദന്‍ പുരുഷനാണെന്ന സത്യം പീയുഷില്‍ നിന്നും മറച്ചുവച്ചു.
എന്നാല്‍ ഒരിക്കല്‍ രാവിലെ ഉറക്കമുണര്‍ന്ന പീയുഷ് കണ്ടത് മുഖം ഷേവ് ചെയ്തുകൊണ്ടിരിക്കുന്ന ചന്ദനെയാണ്. ഇതോടെ ചന്ദന്‍റെ കളളത്തരങ്ങളും പിടിക്കപ്പെട്ടു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പീയുഷ് വീടുവിട്ട് അവിടെ നിന്ന് രക്ഷപ്പെടുകയുമായിരുന്നു. എന്നാല്‍ പീയുഷിനെ വിടാന്‍ ചന്ദന്‍ തയാറായിരുന്നില്ല. പീയുഷ് പോകുന്നിടത്തെല്ലാം ചന്ദന്‍ എത്തി, ഒരുമിച്ച് ജീവിക്കണമെന്ന് വാശിപിടിച്ചു. പീയുഷ് ജോലി ചെയ്യുന്ന ഫാക്ടറിയിലെത്തി ചന്ദന്‍ പ്രശ്നം ഉണ്ടാക്കിയതോടെയാണ് കാര്യങ്ങള്‍ കൊലപാതകത്തിലേക്ക് എത്തിയത്. തർക്കത്തിനൊടുവിൽ പിയൂഷ് ചന്ദനെ റെയിൽവേ ട്രാക്കിന് സമീപമുള്ള വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി കല്ലുകൾ കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പാറക്കെട്ടുകൾക്കിടയിൽ ഒളിപ്പിച്ച ശേഷം പിയൂഷ് അവിടെനിന്നും കടന്നുകളയുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വൃത്തങ്ങളും വ്യക്തമാക്കി.