ayodhya-case

Ai Generated Images

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയടിച്ച കേസിലെ പ്രതികള്‍ക്ക് നിയമസഹായം നല്‍കില്ലെന്ന് അയോധ്യ കോടതിയിലെ അഭിഭാഷകര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതികള്‍ക്കെതിരായ പ്രദേശിക, വിശ്വാസ വികാരങ്ങള്‍ പരിഗണിച്ച് ഫൈസാബാദ് ബാർ അസോസിയേഷനാണ് ഈ തീരുമാനമെടുത്ത് പ്രമേയം പാസാക്കിയത്. മാത്രമല്ല ബാര്‍ അസോസിയേഷനിലെ ഏതെങ്കിലും അഭിഭാഷകര്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്താന്‍ അവര്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്. എന്നാല്‍ അഭിഭാഷകര്‍ക്ക് ഇങ്ങനെ പ്രതികളെ ബഹിഷ്കരിക്കാനാകുമോ എന്നാണ് ചോദ്യം.  

അഭിഭാഷകര്‍ പ്രതികൾക്ക് നിയമസഹായം നിഷേധിക്കുന്നത്  തെറ്റാണെന്നാണ് സുപ്രീം കോടതിതന്നെ വ്യക്തമാക്കിയത്. എത്ര ദുഷ്ടനായ പ്രതിയാണെങ്കില്‍ പോലും യോഗ്യനായ ഒരു അഭിഭാഷകന്റെ സഹായം ലഭിക്കാൻ അയാള്‍ക്ക് മൗലികാവകാശമുണ്ടെന്നാണ് സുപ്രീം കോടതി വിധി. ജസ്റ്റിസുമാരായ മാർക്കണ്ഡേയ കട്ജു, ജ്ഞാൻ സുധ മിശ്ര  എന്നിവരടങ്ങിയ ബെഞ്ച്, 2010-ലാണ് സുപ്രധാനമായ വിധി പ്രസ്താവിച്ചത്. തമിഴ്‌നാട് കോയമ്പത്തൂരിൽ ഒരു അഭിഭാഷകനും പൊലീസുകാരനും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ടായിരുന്നു കേസ്. 

പ്രതിയായ പൊലീസുകാരന്‍റെ വക്കാലത്ത്  അഭിഭാഷകരാരും ഏറ്റെടുക്കില്ലെന്ന് അന്ന് സ്ഥലത്തെ ബാർ അസോസിയേഷൻ പ്രമേയം പാസാക്കിയിരുന്നു. ബാർ അസോസിയേഷനുകളുടെ ഇത്തരം പ്രമേയങ്ങൾ തികച്ചും നിയമവിരുദ്ധവും, പാരമ്പര്യത്തിനും പ്രൊഫഷണൽ ധാർമ്മികതയ്ക്കും നിരക്കാത്തതുമാണ് എന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. ബാർ അസോസിയേഷനുകളുടെ ഉന്നതമായ പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കണമെന്നും സുപ്രീം കോടതി ഓര്‍മിപ്പിച്ചു.

ഒരാളെ സമൂഹം ദുഷ്ടനോ, നീചനോ,  അധഃപതിച്ചവനോ, വധശിക്ഷ അര്‍ഹിക്കുന്നവനോ ആയി കണക്കാക്കിയാലും, കോടതിയിൽ അയാള്‍ക്ക് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ട്, അയാള്‍ക്കായി വാദിക്കുക എന്നത് അഭിഭാഷകന്റെ കടമയാണെന്നും ജസ്റ്റിസ് കട്ജു വിധിന്യായത്തിൽ പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് അഭിഭാഷകനുമായി കൂടിയാലോചിക്കാനും അദ്ദേഹത്തിന്റെ സഹായത്തോടെ പ്രതിരോധം തീർക്കാനുമുള്ള അവകാശം നിഷേധിക്കരുതെന്ന് ഭരണഘടനയുടെ അനച്ഛേദം 22(1)ല്‍  അനുശാസിക്കുന്നതായും വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

കൂടാതെ, ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടങ്ങളിലെ 'പ്രൊഫഷണൽ പെരുമാറ്റവും മര്യാദകളും' പ്രകാരവും  പ്രത്യേക സാഹചര്യങ്ങൾ ഇല്ലാത്തപക്ഷം കേസുകൾ സ്വീകരിക്കാൻ അഭിഭാഷകര്‍ ബാധ്യസ്ഥനാണ്.  ഒരു കക്ഷി ഫീസ് നൽകാൻ തയ്യാറാവുകയും അഭിഭാഷകന് മറ്റ് തിരക്കുകൾ ഇല്ലാതിരിക്കുകയും ചെയ്താൽ, കേസ് ഏറ്റെടുക്കാൻ വിസമ്മതിക്കുന്നത് പ്രൊഫഷണൽ ധാർമ്മികതയ്ക്ക് വിരുദ്ധമാണെന്നു കോടതി വ്യക്തമാക്കി.  രാജ്യദ്രോഹ കുറ്റങ്ങള്‍ നേരിട്ട പ്രതികള്‍ക്കായിപോലും അഭിഭാഷകര്‍ ഹാജരായതിന് ലോകത്തെ ചരിത്രപരമായ ഉദാഹരണങ്ങൾ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതായത് അയോധ്യകേസിലെ പ്രതികളെ ബഹിഷ്കരിക്കാനുള്ള ഫൈസാബാദ് ബാർ അസോസിയേഷന്‍റെ പ്രമേയം സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് ചുരുക്കം.  

ENGLISH SUMMARY:

Ayodhya temple donation case lawyers refusing to represent accused faces legal challenges as the Supreme Court has ruled that individuals, regardless of the severity of their alleged crimes, have a fundamental right to legal representation. The Faizabad Bar Association's resolution to boycott the accused in the Ayodhya temple donation case is a violation of this established legal principle and professional ethics.