പശ്ചിമേഷ്യയിലെ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ വാണിജ്യ എൽപിജി സിലിണ്ടറുകൾ പരിമിതപ്പെടുത്തിയതോടെ, ബെംഗളുരുവിലുള്ള ഹൊസൂരിലെ ഒരു ഹോട്ടൽ നല്‍കിയ ഓഫര്‍ സമൂഹമാധ്യമങ്ങളിലാകെ ചര്‍ച്ചയാകുന്നു. വാണിജ്യ എൽപിജി സിലിണ്ടറുകൾ നൽകുന്നവർക്ക് ഫ്രീ ബിരിയാണി എന്നതാണ് ഇറോഡ് എമ്മിസ് മെസ് ഹോട്ടലിന്റെ വെറൈറ്റി ഓഫർ.
ഒരു ദിവസത്തേക്കല്ല, മറിച്ച് ഒരു മാസം എല്ലാ ദിവസവും ഒരു നേരം ബിരിയാണി ലഭിക്കും എന്നതാണ് ഓഫര്‍. ഒരു സിലിണ്ടർ നൽകിയവർക്കാണ് ഈ ഓഫർ ലഭിക്കുക. എന്നാല്‍ 2 സിലിണ്ടറുകൾ നൽകിയാൽ ഒരു മാസം എല്ലാ ദിവസവും രണ്ടുനേരം ബിരിയാണി ലഭിക്കുമെന്നാണ് ഓഫര്‍.
ഈ ഓഫര്‍ സമൂഹമാധ്യമങ്ങളിലാകെ ചര്‍ച്ചയായതോടെ രാജ്യത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഈ ഹോട്ടല്‍.
' നിങ്ങള്‍ ഗ്യാസ് തന്ന് ഞങ്ങളെ സഹായിക്കു, നിങ്ങളുടെ വയറു ഞങ്ങൾ നിറയ്ക്കും' എന്നൊരു സൈൻ ബോർഡും ഹോട്ടലില്‍ വച്ചിട്ടുണ്ട്. ഇതിന്‍റെ ചിത്രമുള്‍പ്പടെ പ്രചരിക്കുന്നുണ്ട്.
നിലവിലെ ക്ഷാമത്തിൽ പാചകത്തിന് അത്യാവശ്യമായ വാണിജ്യ സിലിണ്ടറുകൾ ഉറപ്പാക്കാനാണ് ഹോട്ടൽ ശ്രമിക്കുന്നത്. സ്പെയർ അല്ലെങ്കിൽ ഉപയോഗിക്കാത്ത സിലിണ്ടറുകൾ സംഭാവന ചെയ്യാനാണ് ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നത്. ചിലർ ഈ സംരംഭത്തെ ഒരു സമർത്ഥമായ ബിസിനസ്സ് തന്ത്രമായി പ്രശംസിച്ചപ്പോൾ, മറ്റു ചിലർ ഈ ഓഫർ പ്രയോജനപ്പെടുത്താൻ കഴിയുമോ എന്ന സംശയത്തിലാണ്.