ഇന്ത്യയുടെ ട്വന്റി20 മത്സരത്തിനായി ഇംഗ്ലണ്ടിലെത്തിയ സഞ്ജു സാംസൺ മലയാളത്തനിമയുള്ള ഭക്ഷണം തേടിയെത്തിയപ്പോൾ വിളമ്പാൻ സാക്ഷാൽ ആബിദ റഷീദ്. ബർമിങ്ഹാമിലെ 'ഇഞ്ചി' റെസ്റ്റോറന്റിലായിരുന്നു അപൂർവസംഗമം. സഞ്ജു മലയാളികളുടെ ക്രിക്കറ്റ് രാജകുമാരനാണെങ്കിൽ മലബാറിന്റെ രുചിരാജ്ഞിയാണ് ആബിദ റഷീദ്.

'ഇഞ്ചി' റെസ്റ്റോറന്റിലെ ഗസ്റ്റ് ഷെഫായി എത്തിയ ആബിദ റഷീദ് തന്നെയാണ് സഞ്ജു എത്തിയപ്പോഴുള്ള വിഡിയോ പങ്കുവെച്ചത്. ആബിദ റഷീദിന്റെ കോഴിക്കോടൻ ബിരിയാണി രുചി ലോകപ്രശസ്തമാണ്. ഒപ്പം മലബാർ സ്പെഷ്യൽ മീൻകറിയും മലബാർ സ്നാക്സുമെല്ലാം ഭക്ഷണപ്രിയരുടെ ഫേവറിറ്റാണ്. സഞ്ജുവും ഒരു ഭക്ഷണപ്രേമിയാണെന്നത് പരസ്യമായ രഹസ്യം. ആബിദാത്തയുടെ മലബാർ സ്പെഷ്യൽസ് രുചിച്ച സഞ്ജു, ടീമിനൊപ്പം ചിത്രങ്ങളും പകർത്തിയാണ് മടങ്ങിയത്.

മലബാറിന്റെ ബിരിയാണിയെ ലോക രുചിഭൂപടത്തിൽ അടയാളപ്പെടുത്തുകയെന്ന ദൗത്യത്തിന്റെ ഭാഗമായാണ് ആബിദ റഷീദ് ലണ്ടനിലെത്തിയത്. മലബാർ ഫിയസ്റ്റയ്ക്കൊപ്പം പാചകക്ലാസും ലണ്ടനിൽ നടത്തും. കോഴിക്കോടിന്റെ സ്വന്തം ആബിദാത്തയുടെ കൈപ്പുണ്യം രുചിച്ചറിയാൻ മണിക്കൂറുകൾ യാത്ര ചെയ്തും ലണ്ടനിലേക്ക് എത്തുകയാണ് യുകെ മലയാളികൾ.

ENGLISH SUMMARY:

Sanju Samson, the Indian cricket star, recently visited the 'Inchi' restaurant in Birmingham while in England for the T20 matches. He had a special culinary experience with Abida Rasheed, a renowned Malabar cuisine expert.