ബാല്‍ക്കണിയിൽ വീണ സാരിയെടുക്കാന്‍ മകനെ തുണി കെട്ടിയിറക്കിയ അമ്മയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ഹരിയാനയിലെ ഫരീദാബാദിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സ്ത്രീ തന്റെ മകനെ ഒരു തുണി മാത്രം ഉപയോഗിച്ച് ബാൽക്കണിയിൽ നിന്ന് താഴേക്ക് ഇറക്കുകയും, ശേഷം വലിച്ചു കയറ്റുകയും ചെയ്യുന്ന അപകടകരമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സ്ത്രീയുടെ ഫ്ലാറ്റിന് താഴെയുള്ള ബാൽക്കണിയിൽ വീണ വസ്ത്രം എടുക്കാനാണ് അവര്‍ മകനെ വെച്ച് കടുംകൈ ചെയ്തത്. സെക്ടർ 82 ലെ ഗ്രാൻഡുറ സൊസൈറ്റിയിൽ നടന്ന ഈ സംഭവത്തെപ്പറ്റി സോഷ്യല്‍ മീഡിയയിലാകെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഒരു തുണി എടുക്കാൻ വേണ്ടി മാത്രം സ്വന്തം മകനെ അപകടത്തിലാക്കിയ അമ്മയുടെ അശ്രദ്ധയ്‌ക്കെതിരെയാണ് വിമര്‍ശനം. 15 നിലകളില്‍ അധികമുള്ള കെട്ടിടമാണിതെന്നാണ് വിഡിയോയില്‍ വ്യക്തമാകുന്നത്.
ഇത് കണ്ട് പരിഭ്രാന്തനായ എതിർ വശത്തെ കെട്ടിടത്തിലുള്ളയാളാണ് വിഡിയോ പകര്‍ത്തിയത്. അമ്മ നിരവധി സാരികൾ ഒരുമിച്ച് കെട്ടി, മകന്റെ അരയിൽ അതിന്‍റെ ഒരു അറ്റം കെട്ടി, ബാൽക്കണിക്ക് മുകളിലൂടെ തുറന്ന സ്ഥലത്തേക്ക് അവനെ ഇറക്കുകയായിരുന്നു. കുട്ടിയെ തുണിയിൽ മുറുകെ പിടിപ്പിച്ച്, സാരി എടുപ്പിച്ച ശേഷം മുകളിലേക്ക് വലിച്ചു കയറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീഡിയോ ദശലക്ഷക്കണക്കിന് പേരാണ് കണ്ടത്.
"ഒരു തുണിക്കഷണത്തിന് ഒരു കുട്ടിയുടെ ജീവനേക്കാൾ വിലയുണ്ടോ?, കുട്ടികളെ ദുരുപയോഗം ചെയ്യുന്ന മറ്റൊരു കേസാണിത്, ആ സ്ത്രീയെ ജയിലിൽ അടയ്ക്കേണ്ടതുണ്ട്, അമ്മ കുട്ടിക്ക് കമാൻഡോ പരിശീലനം നൽകുന്നു, സ്പെഷ്യൽ ഫോഴ്‌സ് ഈ കുട്ടിയെ സൂക്ഷ്മമായി നിരീക്ഷിക്കണം, പിന്നീട് ഒരു പാരാ കമാൻഡോ ആക്കാൻ കഴിയും" എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെയുള്ള കമന്‍റുകള്‍.