Image Credit : Twitter
ചില്ലറ നല്‍കാത്തതിന്‍റെ പേരില്‍ കര്‍ണാടക ഗതാഗത മന്ത്രിയെ ബസില്‍ നിന്ന് ഇറക്കിവിട്ട് കണ്ടക്ടര്‍. ബെംഗളൂരുവിലാണ് സംഭവം നടന്നത്. നഗരത്തിലെ ബസ് യാത്രക്കാർ നേരിടുന്ന ദുരിതങ്ങൾ നേരിട്ടറിയാൻ എത്തിയതായിരുന്നു കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷ്. എന്നാല്‍ ചില്ലറയില്ലെന്ന് പറഞ്ഞതോടെ സാധാരണക്കാരനാണെന്ന് കരുതി കണ്ടക്ടര്‍ മന്ത്രിയോട് ബസില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ മന്ത്രി തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
ഹെബ്ബാളിൽനിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബിഎംടിസി ബസിലായിരുന്നു ആളറിയാതെയുളള മന്ത്രിയുടെ മിന്നല്‍ പരിശോധന. ടിക്കറ്റെടുക്കാനായി മന്ത്രി 100 രൂപ നല്‍കിയപ്പോഴാണ് ചില്ലറ തന്നെ വേണമെന്ന് കണ്ടക്ടര്‍ ആവശ്യപ്പെട്ടത്. തന്റെ കയ്യിൽ ചില്ലറയില്ലെന്ന് മന്ത്രി മറുപടി നൽകി. എന്‍റെ പക്കലും ചില്ലറ ഇല്ലെന്നായിരുന്നു കണ്ടക്ടറുടെ മറുപടി. കൂടാതെ ചില്ലറ തരാന്‍ കഴിയില്ലെങ്കില്‍ ഉടന്‍ തന്നെ ബസില്‍ നിന്ന് ഇറങ്ങിക്കോളാനും കണ്ടക്ടര്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. കണ്ടക്ടറോട് അധികമൊന്നും പറയാതെ മന്ത്രി ബസില്‍ നിന്ന് ഇറങ്ങിപ്പോകുകായിരുന്നു. മന്ത്രി മാസ്ക് ധരിച്ചിരുന്നതിനാല്‍ മുന്നിലുണ്ടായിരുന്നത് ഗതാഗത മന്ത്രി ബൈരതി സുരേഷ് ആണെന്ന് കണ്ടക്ടറും തിരിച്ചറിഞ്ഞില്ല.
ബസില്‍ നിന്ന് ഇറങ്ങിയ മന്ത്രി പിന്നീട് യാത്ര ചെയ്യാനായി തിരഞ്ഞെടുത്തത് ഓട്ടോറിക്ഷയാണ്. മീറ്ററിൽ 30 രൂപയാണ് കാണിച്ചതെങ്കിലും ഓട്ടോറിക്ഷ ഡ്രൈവര്‍ മന്ത്രിയോട് ആവശ്യപ്പെട്ടത് 36 രൂപയാണ്. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ, മീറ്റർ ഉടൻ തന്നെ ശരിയാക്കുമെന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഒടുവില്‍ 40 രൂപ നൽകിയാണ് മന്ത്രി ഓട്ടോയിൽ നിന്ന് ഇറങ്ങിയത്. വിഡിയോ സൈബറിടത്ത് വൈറലായതോടെ മന്ത്രിയുടെ ഇത്തരം മിന്നല്‍പരിശോധനയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇത്തരത്തിലുളള മിന്നല്‍ പരിശോധനകളുണ്ടായാല്‍ മാത്രമേ അധികാരികള്‍ക്ക് സാധാരണക്കാരുടെ ബുദ്ധിമുട്ട് നേരിട്ട് കണ്ടറിയാന്‍ സാധിക്കുളളൂ എന്നാണ് സോഷ്യല്‍ലോകം പറയുന്നത്.