ചന്ദ്രനിൽ മനുഷ്യരുടെ താമസം യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ ലോകമെമ്പാടും പുരോഗമിക്കുകയാണ്. ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യവും നാസയുടെ ആര്‍ട്ടെമിസ് ദൗത്യവുമെല്ലാം ചാന്ദ്രപര്യവേഷണങ്ങളുടെ വ്യത്യസ്ത തലങ്ങളിലുളളവയാണ്. മറ്റു രാജ്യങ്ങളിലെ ബഹിരാകാശ ഏജന്‍സികളും ചാന്ദ്രദൗത്യങ്ങള്‍ക്ക് അതീവപ്രാധാന്യമാണ് നല്‍കുന്നത്. ഈ സാഹചര്യത്തിൽ ഒരു ചന്ദ്രദൗത്യം വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ ഏറ്റവും അനുയോജ്യമായ സംഘത്തിന്റെ വലുപ്പം എത്രയാകണം എന്നതിനെക്കുറിച്ചുള്ള നാസ പിന്തുണയുള്ള ഒരു പഠനം ശ്രദ്ധ നേടുകയാണ്.
പഠനമനുസരിച്ച്, ആറ് പേരടങ്ങുന്ന ഒരു സംഘം ചന്ദ്രനിലെ സ്ഥിരം ഗവേഷണ കേന്ദ്രത്തിന് ഏറ്റവും അനുയോജ്യമാണെന്നാണ് കണ്ടെത്തൽ. ഇത്തരമൊരു സംഘം ശാസ്ത്രീയ ഗവേഷണങ്ങൾ, സാങ്കേതിക പരിപാലനം, അടിയന്തര സാഹചര്യങ്ങൾ എന്നിവ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു. കംപ്യൂട്ടര്‍ സിമുലേഷനുകൾ ഉപയോഗിച്ച് വിവിധ സാഹചര്യങ്ങൾ പരിശോധിച്ചാണ് ഈ നിഗമനത്തിലെത്തിയത്. . ഈ വലുപ്പമുള്ള സംഘത്തില്‍ ജോലികള്‍ ഫലപ്രദമായി വിഭജിക്കാനും ഒരാള്‍ക്ക് ആരോഗ്യപ്രശ്നമോ മറ്റേതെങ്കിലും അടിയന്തര സാഹചര്യമോ ഉണ്ടായാല്‍ മറ്റുളളവര്‍ക്ക് ദൗത്യം തടസമില്ലാതെ തുടരാനും സാധിക്കും . ആറംഗ സംഘത്തിന് രണ്ടാഴ്ച കൂടുമ്പോൾ ഒരിക്കൽ ആവശ്യമായ സാധനങ്ങൾ എത്തിക്കുന്ന സംവിധാനം ഉണ്ടെങ്കിൽ, ദൗത്യത്തിന്റെ വിജയസാധ്യതയും സംഘാംഗങ്ങളുടെ മാനസികാരോഗ്യവും പ്രവർത്തനക്ഷമതയും കൂടുതൽ മെച്ചപ്പെടുമെന്ന് പഠനം വ്യക്തമാക്കുന്നു
അതേസമയം, നാലംഗ സംഘം മാത്രമുള്ള സാഹചര്യത്തിൽ, പ്രത്യേകിച്ച് മാസത്തിൽ ഒരിക്കൽ മാത്രം സാധനങ്ങൾ എത്തിക്കുന്ന രീതിയിൽ പ്രവര്‍ത്തിച്ചാല്‍ ഒറ്റപ്പെടൽ, ജോലിഭാരം, മാനസിക സമ്മർദ്ദം എന്നിവ വർധിക്കാനുള്ള സാധ്യത കൂടുതലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഒരു ചാന്ദ്രദൗത്യത്തിന്റെ വിജയം സാങ്കേതിക വിദ്യയെ മാത്രം ആശ്രയിച്ചല്ല മറിച്ച് ശരിയായ സംഘവലുപ്പം, വ്യത്യസ്ത മേഖലകളിലെ വിദഗ്ധരുടെ സാന്നിധ്യം വിശ്വസനീയമായ വിതരണസംവിധാനം, മാനസികാരോഗ്യ സംരക്ഷണം, മികച്ച ആശയവിനിമയം തുടങ്ങിയവയും നിര്‍ണായക ഘടകങ്ങളാണ്.
ഭാവിയിൽ ആർട്ടെമിസ് പദ്ധതിയുടെ ഭാഗമായി ചന്ദ്രനിൽ സ്ഥിരമായ മനുഷ്യസാന്നിധ്യം സ്ഥാപിക്കാനുള്ള നാസയുടെ ലക്ഷ്യത്തിന് ഈ കണ്ടെത്തലുകൾ നിർണായക മാർഗനിർദേശമാകുമെന്നാണ് വിലയിരുത്തൽ. ചന്ദ്രനിൽ താമസിക്കുന്നത് ശാസ്ത്രീയ വെല്ലുവിളി മാത്രമല്ല, മനുഷ്യരുടെ സഹകരണം, മാനസിക ആരോഗ്യം, ഭക്ഷണ-വിതരണ ശൃംഖല എന്നിവയും ഒരുപോലെ നിർണായകമാണെന്ന് ഈ പഠനം വീണ്ടും ഓർമ്മിപ്പിക്കുന്നു.