കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ അപ്രതീക്ഷിത മരണത്തിനു പിന്നാലെ നിരവധി സംശയങ്ങളാണ് ഉയരുന്നത്. ഐടി വകുപ്പ് അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ റോയിക്കു പിന്നാലെ സംശയത്തോടെ നടന്നതിന്റെ കാരണവും വ്യക്തമല്ല. കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപറേറ്റ് സ്ഥാപനങ്ങൾ മുഴുവൻ ബെംഗളൂരുവിലായിരുന്നിട്ടും കർണാടകയിലെ ഐടി ഉദ്യോഗസ്ഥരെ മാറ്റി നിർത്തി കൊച്ചിയിലെ ഐടി യൂണിറ്റാണ് അന്വേഷണവും പരിശോധനകളും നടത്തിയിരുന്നത്. റോയിയുടെ അസ്വാഭാവിക മരണത്തിനു ശേഷവും ഇതേക്കുറിച്ചു വ്യക്തമായി പ്രതികരിക്കാൻ ആദായനികുതി ഉദ്യോഗസ്ഥരോ വകുപ്പോ തയാറായിട്ടില്ല.
ദുബായിലെ റോയിയുടെ ബിസിനസ് ഇടപാടുകളെ ഐടി വകുപ്പ് സംശയത്തോടെയായിരുന്നു കണ്ടത്. ബിസിനസ് ദുബായിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം നവംബറില്‍ ദുബായിലൊരു വമ്പന്‍ പാര്‍ട്ടി റോയ് സംഘടിപ്പിച്ചിരുന്നു. മലയാള സിനിമാപ്രവര്‍ത്തകര്‍ ഉൾപ്പെടെ ഈ പാര്‍ട്ടിയില്‍ പങ്കാളികളായി. എന്നാല്‍ പാര്‍ട്ടിക്കു പിന്നാലെ പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളും നിരീക്ഷണത്തിലാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ റോയിയുമായി അടുപ്പമുള്ള ചിലരെ ഏജൻസികൾ ചോദ്യം ചെയ്തിരുന്നു.
കോൺഫിഡന്റ് ഗ്രൂപ്പിന്റെ കേരളത്തിലെ റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കു വേണ്ടി സ്ഥലം വിട്ടുകൊടുത്തു നിർമാണത്തിനു കാത്തിരുന്നവർ പലരും റോയിയുടെ മരണത്തോടെ ആശങ്കയിലായി. കേരളത്തിലെ പദ്ധതികൾക്കു വേണ്ടി ദുബായിൽനിന്നു നിക്ഷേപകരെ കണ്ടെത്താനുള്ള ശ്രമങ്ങളും റോയ് നടത്തിയിരുന്നു.
അതേസ്വയം റോയ് സ്വയം വെടിവെച്ച് ജീവനൊടുക്കിയത് ആദായനികുതി ഉദ്യോഗസ്ഥരുടെ സമ്മര്‍ദം കാരണമാണെന്ന് സഹോദരന്‍ സി.ജെ.ബാബു ആരോപിക്കുന്നു. ഓഫിസിൽ അദ്ദേഹത്തെ തടഞ്ഞുവച്ചെന്നും ഉദ്യോഗസ്ഥർ സമ്മർദത്തിലാക്കിയതിനെത്തുടർന്നാണു ജീവനൊടുക്കിയതെന്നും ലീഗൽ അഡ്വൈസർ പ്രകാശ് ആരോപിച്ചു. രേഖകളെടുക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ചു കാബിനിലേക്കു പോയ റോയിയെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നെന്നും പ്രകാശ് പറയുന്നു. ലാങ്ഫഡ് ടൗണിലെ കമ്പനി ആസ്ഥാനത്ത് ഉച്ചകഴിഞ്ഞ് മൂന്നേകാലിനായിരുന്നു സംഭവം.
കഴിഞ്ഞ മൂന്നു ദിവസമായി വിവിധ ഓഫീസുകളില്‍ റെയ്ഡ് തുടരുകയായിരുന്നു. നോട്ടിസ് നൽകി റോയിയെ ദുബായിൽനിന്നു വിളിച്ചുവരുത്തിയ ശേഷമായിരുന്നു റെയ്ഡ്. റോയ് സ്വയം നിറയൊഴിച്ചത് അറിഞ്ഞശേഷവും റെയ്ഡ് തുടർന്നതായി ആരോപണമുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. കൊച്ചിയിൽനിന്നുള്ള എട്ടംഗ ആദായനികുതി സംഘമാണ് റെയ്ഡ് നടത്തിയത്. ആദായനികുതിയുമായി ബന്ധപ്പെട്ട് അപ്‌ലറ്റ് ട്രൈബ്യൂണലിലും കർണാടക ഹൈക്കോടതിയിലും കോൺഫിഡന്റ് ഗ്രൂപ്പിനു കേസുകളുണ്ടായിരുന്നു.