cj-roy

Image Credit : https://www.instagram.com/p/DB3-rCSSkAX/

പരാജയങ്ങളില്‍ തളരാതെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത പോരാളിയാണ് ചിരിയങ്കണ്ടത്ത് ജോസഫ് റോയ് എന്ന ഡോ.സി.ജെ.റോയ്. ബെംഗളൂരുവിലെ 30 സെന്‍റ് സ്ഥലത്തുനിന്ന് ആയിരം ഏക്കറിലേക്ക് പടര്‍ന്ന് പന്തലിച്ച റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യത്തിന്‍റെ അധിപന്‍. തന്‍റെ ആഡംബര ജീവിതത്തിന്‍റെ വര്‍ണാഭമായ കാഴ്ചകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കാനും തല്‍പ്പരനായിരുന്നു സി.ജെ.റോയ്.

 

സിനിമാക്കഥയെ വെല്ലും സി.ജെ.റോയിയുടെ ജീവിതം. നഗരാതിര്‍ത്തിയോട് ചേര്‍ന്ന് സര്‍ജാപൂരില്‍ പണ്ട് സെന്‍റിന് ആറായിരം രൂപയ്ക്ക് റോയി വാങ്ങിയിട്ട ഭൂമി പിന്നീട് സെന്‍റിന് 18 ലക്ഷം രൂപ വിലയ്ക്കാണ് ഐ.ടി സിറ്റി പദ്ധതിക്കു വേണ്ടി കൈമാറിയത്. ഭൂമിയുടെ മൂല്യം 300 മടങ്ങ് കൂടി 12 കോടിയിലെത്തി. ഭൂമിയിലായിരുന്നു എന്നും തൃശൂര്‍ ചിരിയങ്കണ്ടത്ത് കുടുംബക്കാരനായ റോയ് പണമിറക്കിയത്, പില്‍ക്കാലത്ത് സിനിമയിലും. മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്ന റോയ് ഏഴുവര്‍ഷം എച്ച്.പിയില്‍ ജോലി ചെയ്തശേഷമാണ് ബെംഗളൂരുവിലെത്തി റിയല്‍ എസ്റ്റേറ്റ് ബിസിനസ് തുടങ്ങിയത്. ജനിച്ചുവളര്‍ന്ന നഗരത്തില്‍ തുടങ്ങിയ പദ്ധതി പച്ചപിടിക്കാതെ വന്നതോടെ റോയ് നേരെ കൊച്ചിക്ക് പറന്നു. 

 

2006ല്‍ കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് സ്ഥാപിച്ചു. കാക്കനാട് 100 ഫ്ളാറ്റകളുമായി തുടങ്ങിയ അപ്പാര്‍ട്മെന്‍റ് പദ്ധതിക്കായി ദുബായില്‍ റോഡ് ഷോ നടത്തിയിട്ടും ഒന്നുപോലും വിറ്റുപോയില്ല. അത് 201 ഫ്ളാറ്റുകളാക്കി റീഡിസൈന്‍ ചെയ്ത് ചാനലിലെ റിയാലിറ്റി ഷോ വഴി ബ്രാന്‍റിങ് നടത്തിയപ്പോള്‍ ഹിറ്റായി. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഈറ്റ്, ഡ്രിങ്ക് ആന്‍ഡ് സ്ലീപ് യുവര്‍ ബിസിനസ് എന്നതായിരുന്നു റോയിയുടെ പോളിസി. ദുബായിലടക്കം കൈമാറിയതും നിര്‍മാണത്തിലിരിക്കുന്നതുമായി 210 പ്രോജക്ടുകള്‍. കടമില്ലാത്ത കമ്പനിയെന്ന് പരസ്യം ചെയ്യാനുള്ള ചങ്കൂറ്റം. അടിസ്ഥാനസൗകര്യവികസനം, ഹോസ്പിറ്റാലിറ്റി, വിനോദവ്യവസായം, വിദ്യാഭ്യാസം, ഗോള്‍ഫ് കോഴ്സ് അങ്ങനെ പടര്‍ന്നു പന്തലിച്ചു സി.ജെ.റോയ്. കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പായും കാന്‍സര്‍ രോഗികള്‍ക്കുള്ള സഹായമായും കിട്ടിയതില്‍ കുറേ സമൂഹത്തിലേക്കും മടക്കി നല്‍കി അദ്ദേഹം.

 

2008 ല്‍ ആദ്യ റോള്‍സ് റോയ്സ് കാര്‍ വാങ്ങിയ അദ്ദേഹത്തിന്‍റെ ഗരേജില്‍ പിന്നെ 11 റോള്‍സ് റോയ്സ് കാറുകള്‍ കൂടെ കയറി. ലംബോര്‍ഗിനിയും ബുഗാട്ടി വെയ്റോണുമൊക്കെ സ്വന്തമാക്കിയപ്പോള്‍ തോന്നിയ ആഗ്രഹത്തിന്‍റെ പുറത്ത് പണ്ട് താന്‍ വിറ്റ മാരുതി 800 കാര്‍ 10 ലക്ഷത്തിന് തിരിച്ചു വാങ്ങിയ ചരിത്രവുമുണ്ട് റോയിക്ക്. മുപ്പത്തിയാറാം വയസില്‍ റെഡി ക്യാഷ് നല്‍കി സ്വന്തമായി വിമാനവും വാങ്ങി. കാസിനോവ, മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം തുടങ്ങി മലയാളത്തിലും കന്നഡയിലുമായി പത്തിലേറെ സിനിമകള്‍ നിര്‍മിച്ചു. അഭിനയത്തിലും കൈവെച്ചു. പലതിലും കൈപൊള്ളി. 

 

കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന്‍റെ പേരില്‍ സിനിമ നിര്‍മിച്ചത് തന്‍റെയും കമ്പനിയുടെയും മാര്‍ക്കറ്റിങ്ങിനു വേണ്ടി ആയതിനാല്‍ പോയ പണത്തില്‍ തെല്ലും വിഷമമില്ലായിരുന്നു റോയിക്ക്. താന്‍ പറക്കുന്ന വിമാനം തകരാന്‍ പോകുകയാണെന്ന് അറിഞ്ഞാലും ഗെയിം കളിച്ചുകൊണ്ടിരിക്കുമെന്ന് ആത്മവിശ്വാസത്തിന്‍റെ പരകോടിയില്‍ പറഞ്ഞ സി.ജെ. റോയിയാണ് ആദായനികുതി പരിശോധനയുടെ പേരില്‍ ഇത്രയും നാള്‍ താന്‍ ആഘോഷിച്ച ജീവിതത്തിന് ഫുള്‍ സ്റ്റോപ് ഇട്ടത് എന്നത് അവിശ്വസനീയം.

ENGLISH SUMMARY:

Dr. C.J. Roy is an inspiring entrepreneur who built a vast real estate empire from humble beginnings, overcoming numerous failures. His journey from a small plot of land to thousands of acres, marked by luxury and philanthropy, is a testament to his resilience and business acumen.