AI Generated Image
കേട്ടാലും കണ്ടാലും അവിശ്വസനീയം, കുടുംബത്തിനും നാട്ടുകാര്‍ക്കുമുണ്ടായ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. വിവാഹച്ചടങ്ങിനു പിന്നാലെ വധുവിന് അസ്വസ്ഥത തോന്നി, മറ്റൊന്നുമല്ല പ്രസവവേദന, അധികം താമസിച്ചില്ല, പ്രസവിച്ചു, ആരോഗ്യമുള്ള കുഞ്ഞ്. തരിത്തുനില്‍ക്കുകയാണ് ഒരു ഗ്രാമം മുഴുവന്‍.
ഉത്തർപ്രദേശിലെ റാംപൂർ ജില്ലയിലെ അസീംനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കുമ്ഹരിയ ഗ്രാമത്തിലാണ് കേട്ടുകേള്‍വിയില്ലാത്ത സംഭവം നടക്കുന്നത്. വിവാഹാഘോഷങ്ങള്‍ അമ്പരപ്പിലേക്ക് മാറിയത് പെട്ടെന്നായിരുന്നു. വിവാഹച്ചടങ്ങ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വരന്റെ വീട്ടില്‍ നിന്നും കേട്ടത് കുഞ്ഞിന്റെ കരച്ചിലാണ്.
കുമ്ഹരിയ സ്വദേശിയായ റിസ്വാന്‍ അയല്‍ഗ്രാമമായ ബഹദൂർഗഞ്ചിലെ യുവതിയെയാണ് വിവാഹം കഴിച്ചത്. വിവാഹത്തിനു മുന്‍പേ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. പ്രണയം കുടുംബത്തിലും ചര്‍ച്ചയായിരുന്നെന്നും യുവതി നേരത്തേ വിവാഹാവശ്യവുമായി മുര്‍സൈന പൊലീസിനെ സമീപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് പൊലീസും ഗ്രാമത്തലവന്‍മാരും കുടുംബവും ഇടപെട്ട് വിവാഹത്തിയതി നിശ്ചയിച്ചു.
വിവാഹം നടന്ന് അര്‍ധരാതിയോടെ വധുവിന് കടുത്ത വയറുവേദന വന്നതായും വനിതാ ഡോക്ടറെ വിളിച്ചുവരുത്തിയതായും കുടുംബം പറയുന്നു. അധികം താമസിയാതെ യുവതി പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. വാര്‍ത്ത കാട്ടുതീ പോലെ പരന്നു. വിവാഹദിനത്തില്‍ പിറന്ന കുഞ്ഞിനെ കാണാനായി നേരം വെളുത്തപ്പോഴേക്കും വീടിനു മുന്‍പില്‍ വന്‍ജനക്കൂട്ടം. സംഗതി സോഷ്യല്‍മീഡിയയിലും വൈറലായി.
സൈബറിടം ഞെട്ടല്‍ രേഖപ്പെടുത്തിയതിനൊപ്പം തന്നെ തമാശയായും സംഭവത്തെ വിലയിരുത്തുകയാണ്. വിവാഹത്തിനു മുന്‍പുള്ള കഥ, വിവാഹത്തിനു ശേഷം പുറത്തുവന്നു എന്നാണ് ഒരാളുടെ കമന്റ്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നെങ്കിലും ഒന്നു ഞെട്ടിയതിന്റെ ആഘാതം ആ ഗ്രാമത്തെ വിട്ടുപോയില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.