ശുചീകരണത്തിനിടെ റോഡരികില്‍ നിന്നും കിട്ടിയ 45ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പൊലീസിനെ ഏല്‍പ്പിച്ച തൊഴിലാളിക്ക് ഒരു ലക്ഷം രൂപ നല്‍കി മുഖ്യമന്ത്രി. ഞായറാഴ്ച ടി നഗറിലെ മുപ്പത്ത് അമ്മന്‍ കോവിലിനടുത്താണ് സംഭവം. പതിവുപോലെ ശുചീകരണം നടത്തുന്നതിനിടെയാണ് ട്രിപ്ലിക്കേന്‍ സ്വദേശിയായ എസ്. പത്മയ്ക്ക് സ്വര്‍ണാഭരണം അടങ്ങിയ ബാഗ് ലഭിച്ചത്.
ബാഗില്‍ സ്വര്‍ണമാണെന്ന് കണ്ടതോടെ സമീപത്തെ പോണ്ടിബസാര്‍ പൊലീസ് സ്റ്റേഷനിലെത്തി പത്മ സ്വര്‍ണം കൈമാറി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സ്വര്‍ണത്തിന്റെ യഥാര്‍ത്ഥ ഉടമയായ നങ്കനല്ലൂര്‍ സ്വദേശി രമേശിനെ കണ്ടെത്തി ബാഗ് തിരിച്ചുനല്‍കി.
ഇതോടെ പത്മയുടെ സത്യസന്ധതയെ അഭിനന്ദിച്ച് നിരവധിപ്പേരെത്തി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പത്മയ്ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം സമ്മാനിച്ചു. മുന്‍പ് പത്മയുടെ ഭർത്താവ് സുബ്രഹ്മണിക്കും മറീന ബീച്ചിനു സമീപത്തുനിന്നും സമാനമായ രീതിയില്‍ പണമുള്ള ബാഗ് ലഭിച്ചിരുന്നു. ഇതും അന്ന് പൊലീസിനു കൈമാറിയിരുന്നു. വാടകവീട്ടിൽ കഴിയുന്ന ദമ്പതികൾക്ക് രണ്ടു കുട്ടികളാണുള്ളത്.