anjel-chakma

സോഷ്യല്‍ ലോകം മുഴുവന്‍ ഒരു 24കാരന്‍റെ നീതിയ്ക്കായി മുറവിളി കൂട്ടുകയാണ്. മരിക്കും മുന്‍പ് അവന്‍ പറഞ്ഞ വാക്കുകള്‍ ഏറ്റുപറയുകയാണ് ഓരോ ഇന്ത്യക്കാരനും. വംശീയ അധിക്ഷേപത്തിനെതിരെ ശബ്ദമുയർത്തിയതിന് പിന്നാലെയായിരുന്നു എയ്​ഞ്ചല്‍ ചക്മ എന്ന ചെറുപ്പക്കാരന്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായത്. ഒരു ഞെട്ടലോടെയാണ് ഉത്തരാഖന്ധിലെ ഡറാഡൂണില്‍ നടന്ന ആള്‍ക്കൂട്ട ആക്രമണത്തിന്‍റെ നടുക്കുന്ന വാര്‍ത്ത രാജ്യം കേട്ടത്. ഇന്നിപ്പോള്‍ രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ അവന് വേണ്ടി  ക്യാംപെയ്നുകളും പ്രതിഷേധ പ്രകടനങ്ങളും നടക്കുന്നു. അവന് നീതി  ലഭിക്കാന്‍ സൈബറിടം ഇത്രമേല്‍ ശബ്ദമുയര്‍ത്തുന്നെങ്കില്‍ എന്തായിരിക്കും അവന് സംഭവിച്ചത്? ആരാണ് എയ്​ഞ്ചല്‍ ചക്മ?

ത്രിപുര സ്വദേശിയായ എയ്​ഞ്ചല്‍ ചക്മ ഡെറാഡൂണിലെ സ്വകാര്യ സർവകലാശാലയിൽ എംബിഎ അവസാനവർഷ വിദ്യാർഥിയായിരുന്നു. പഠനം പൂര്‍ത്തിയാക്കി നല്ല പ്ലേസ്മെന്‍റും പ്രതീക്ഷിച്ചിരിക്കെയാണ് എയ്ഞ്ചലിന്‍റെ വിധി മാറ്റിയെഴുതപ്പെട്ടത്. ഡിസംബര് 9ന് സഹോദരന്‍ മൈക്കിളിനൊപ്പം വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റിലെത്തിയതായിരുന്നു എയ്ഞ്ചല്‍. ഇതിനിടെ അവിടെയുണ്ടായിരുന്നു ഒരു ആറംഗസംഘം ഇരുവര്‍ക്കും നേരെ വംശീയാധിക്ഷേപം നടത്തി. ചൈനാക്കാരനെന്നും ചിങ്കിയെന്നും നേപ്പാളി, മോമോ എന്നെല്ലാം വിളിച്ച് കളിയാക്കാന്‍ തുടങ്ങിയതോടെ എയ്ഞ്ചലിന്‍റെ സഹോദരന്‍ മൈക്കിള്‍ ഗതികെട്ട് അവരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. 

മദ്യപിച്ച് ലക്കുകെട്ടിരിക്കുകായിരുന്ന ആറംഗസംഘം മൈക്കിളിനെ ആക്രമിക്കാന്‍ തുടങ്ങിയപ്പോഴാണ് എയ്ഞ്ചല്‍ ചക്മ പ്രശ്നത്തില്‍ ഇടപെട്ടത്. അവരില്‍ നിന്നും സഹോദരെ പിടിച്ചുമാറ്റി അവന്‍റെ ജീവന്‍ രക്ഷിക്കുക മാത്രമായിരുന്നു എയ്ഞ്ചലിന്‍റെ ലക്ഷ്യം. ഞങ്ങള്‍ ചൈനീസ് അല്ലെന്നും ഇന്ത്യക്കാരാണെന്നും എയ്ഞ്ചല്‍ അവരോട് പറഞ്ഞു. എന്നാല്‍ എയ്ഞ്ചിനുനേരെ പാഞ്ഞടുത്ത അക്രമി സംഘം കത്തികൊണ്ട് പുറത്തും വയറ്റിലും കുത്തിപ്പരുക്കേല്‍പ്പിച്ചു. ഇടവള കൊണ്ട് തലയ്ക്ക് പലപ്രാവശ്യം ഇടിച്ചു. ഈ ആക്രമണത്തിനിടയിലും എയ്ഞ്ചല്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു...ഞങ്ങള്‍ ചൈനീസ് അല്ല ഇന്ത്യാക്കാരാണെന്ന്. 

ഇതിനിടയില്‍ എയ്​ഞ്ചലിന്‍റെ സഹോദരനും പരുക്കേറ്റിരുന്നു. കുത്തേറ്റതിനെ തുടർന്ന് എയ്ഞ്ചലിനെ അടിയന്തിരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 17 ദിവസം കടുത്ത വേദന സഹിച്ച് എയ്​ഞ്ചല്‍ ജീവനുവേണ്ടി പോരാടിയെങ്കിലും ‍ഡിസംബര്‍ 26ന് മരണത്തിന് കീഴടങ്ങി. എയ്‌ഞ്ചലിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. അതേസമയം ഡിസംബർ ഒൻപതിനു നടന്ന ആക്രമണത്തിൽ കേസെടുക്കാൻ പൊലീസ് വിസമ്മതിച്ചെന്നും ഓൾ ഇന്ത്യ ചക്മ സ്‌റ്റുഡന്റ്സ് യൂണിയന്റെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും സമ്മർദത്തിനു ശേഷമാണ് നടപടിയുണ്ടായതെന്നും ബിഎസ്എഫ് ജവാന്‍ കൂടിയായ എയ്ഞ്ചലിന്‍റെ പിതാവ് ആരോപിച്ചു. 

ജോലിയില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കാന്‍ മകനെപ്പോഴും പറയുമായിരുന്നെന്ന് വിതുമ്പലോടെ പറയുകയാണ് എയ്ഞ്ചലിന്‍റെ പിതാവ്. താനുണ്ട് കുടുംബം നോക്കാന്‍, അച്ഛന്‍ ഇനി വിശ്രമിക്കൂ എന്ന വാക്ക് പൂര്‍ത്തിയാക്കാനാകാതെയായിരുന്നു എയ്ഞ്ചലിന്‍റെ മടക്കം.

രാജ്യത്തങ്ങിങ്ങായി പ്രതിഷേധം കടുത്തതോടെ എയ്ഞ്ചലിന്‍റെ കൊലപാതകത്തില്‍ പൊലീസ് 5 പ്രതികളെ അറസ്റ്റുചെയ്തു. അതില്‍ 2 പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ആയതിനാല്‍ അവരെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ഒരാള്‍ ഇപ്പോഴും കാണാമറയത്താണ്. നേപ്പാള്‍ സ്വദേശിയായ ആക്രമി രാജ്യം വിട്ടുകാണുമെന്നാണ് നിഗമനം. ഇവരില്‍ ആരാണ് എയ്​ഞ്ചലിനെ കുത്തിയതെന്ന് കണ്ടെത്താന്‍ ഇപ്പോഴും പൊലീസിന് കഴിഞ്ഞിട്ടില്ല. കൊലപാതകത്തില്‍ ത്രിപുരയില്‍ വ്യാപക പ്രതിഷേധവും തുടരുകയാണ്. ഡല്‍ഹിയിലെ ജന്ദര്‍ മന്ദറിന് മുന്നിലും എയ്ഞ്ചലിന് നീതി ആവശ്യപ്പെട്ട് വിദ്യാര്‍ഥികളടക്കം ഒത്തുകൂടി പ്രതിഷേധിച്ചു. ബി.ജെ.പി പ്രചരിപ്പിക്കുന്ന വെറുപ്പിന്‍റെ രാഷ്ട്രീയമാണ് കൊലപാതകത്തിന്കാരണമെന്ന് ലോക്സഭയിലെ  പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ആരോപിച്ചു. എയ്ഞ്ചിലിന്‍റെ കൊല്ലപാതകത്തില്‍ കടുത്ത അമര്‍ഷവും ദുഃഖവും രേഖപ്പെടുത്തിയ കേന്ദ്രമന്ത്രി കിരണ്‍ റിജിജു  കൊലപാതകത്തിന് രാഷ്ട്രീയനനിറംനല്‍കേണ്ടെതില്ലെന്നും പറഞ്ഞു. എയ്ഞ്ചിലിന്‍റെ കുടുംബത്തിന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ധനസഹായവും പ്രഖ്യാപിച്ചു. 

ഇത്രയൊക്കെയായിട്ടും എയ്ഞ്ചിലിന്‍റെ കൊലപാതകത്തില്‍ നീതി നിഷേധിക്കപ്പെടുകയാണ്. അക്രമിസംഘത്തിലെ ആറാമന്‍ കാണാമറയത്ത് തന്നെ നില്‍ക്കുന്നു. ഇക്കൂട്ടര്‍ക്ക് തക്ക  ശിക്ഷ ഉറപ്പാക്കാന്‍ നീതിന്യായ വ്യവസ്ഥയ്ക്കാകണം. അല്ലെങ്കില്‍  വംശീയഅധിക്ഷേപത്തിനും  കൊലപാതകങ്ങള്‍ക്കുംഇറങ്ങിപ്പുറപ്പെടുന്നവര്‍ക്ക് ആത്മവിശ്വാസമേറും. 

ENGLISH SUMMARY:

Angel Chakma's tragic death due to racial abuse has sparked widespread protests. The incident highlights the urgent need to address racial discrimination and ensure justice for victims of hate crimes.