Image Credit: AP

Image Credit: AP

ലോകത്തെ ഏറ്റവും വിലയേറിയ വജ്രമാണ് കോഹിന്നൂര്‍. ബ്രിട്ടീഷ് രാജകിരീടത്തിലാണ് നിലവില്‍ കോഹിന്നൂര്‍ ഉള്ളത്. ലോകം എക്കാലവും അദ്ഭുതത്തോടെയും അതിശയത്തോടെയുമാണ് കോഹിന്നൂരിലേക്ക് നോക്കിയിട്ടുള്ളത്. 'പ്രകാശത്തിന്‍റെ പര്‍വത'മെന്നാണ് പേര്‍ഷ്യന്‍ ഭാഷയില്‍ അര്‍ഥമെങ്കിലും അത് കൈവശം വച്ച  പുരുഷന്‍മാര്‍ക്കെല്ലാം വല്ലാത്ത ദൗര്‍ഭാഗ്യത്തിന്‍റെ കഥയാണ് പറയാനുള്ളത്. അതുകൊണ്ട് തന്നെ ശാപംകിട്ടിയ വജ്രമാണ് അതെന്നും കഥകളുണ്ട്. 

kohinoor-display

Image Credit: PTI

ഭൂമിക്കും സമ്പത്തിനും അധികാരത്തിനും കിരീടത്തിനും സ്ത്രീകള്‍ക്കുമെന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്തത്രയും യുദ്ധങ്ങള്‍ ലോകത്ത് നടന്നിട്ടുണ്ട്. അതിലെല്ലാം നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ കോഹിന്നൂരിന്‍റെ കഥ അതല്ല. പതിമൂന്നാം നൂറ്റാണ്ടില്‍ കാകതീയ വംശത്തിന്‍റെ ഭരണകാലത്ത് ഇന്നത്തെ  തെലങ്കാനയില്‍ വരുന്ന കൊല്ലൂര്‍ ഖനികളില്‍ നിന്നാണ് കോഹിന്നൂര്‍ കണ്ടെത്തിയതെന്നാണ് ചരിത്രം. 105.6 കാരറ്റാണ് ഇതിന്‍റെ ഭാരം.1290കളില്‍ അമ്മാവനായ സുല്‍ത്താന്‍ ജലാലുദ്ദിനെ വകവരുത്തി അലാവുദ്ദീന്‍ ഖില്‍ജി ഡല്‍ഹി സാമ്രാജ്യത്തിന്‍റെ തലവനായി. ഇതിന് പിന്നാലെ ദക്ഷിണേന്ത്യയില്‍ നടത്തിയ പടയോട്ടത്തിലൂടെയാണ് കോഹിന്നൂര്‍ സ്വന്തമാക്കുന്നത്. പിന്നീട് അജ്ഞാത രോഗം ബാധിച്ച് അലാവുദ്ദീന്‍ ഖില്‍ജി മരിച്ചു. 

മുഗള്‍ രാജാവായ ഷാജഹാന്‍റെ മയൂര സിംഹാസനം കോഹിന്നൂര്‍ പതിച്ചതായിരുന്നു. മകന്‍ ഔറംഗസേബിനാല്‍ ഒറ്റുകൊടുക്കപ്പെട്ട ഷാജഹാനാവട്ടെ ശിഷ്ടകാലം ആഗ്ര കോട്ടയിലെ തടവറയിലാണ് കഴിഞ്ഞത്. 1739ലാണ് നാദിര്‍ഷാ കോഹിന്നൂരിന്‍റെ അധിപനാകുന്നത്. മുഗള്‍ രാജാവായ മുഹമ്മദ് ഷായുമായി നടത്തിയ തലപ്പാവ് കൈമാറ്റത്തിലൂടെയായിരുന്നു രത്നം പതിച്ച കിരീടം നാദിര്‍ ഷായുടെ തലയില്‍ എത്തിയത്. മണിക്കൂറുകള്‍ക്കകം ഡല്‍ഹി ചോരപ്പുഴയായി. 30,000ത്തിലേറെപ്പേര്‍ ഒന്‍പത് മണിക്കൂറിനിടെ കൊല ചെയ്യപ്പെട്ടു. 1747 ല്‍ വധിക്കപ്പെടുന്നത് വരെ കോഹിന്നൂര്‍ രത്നം നാദിര്‍ഷായുടെ പക്കല്‍ തന്നെയിരുന്നു. ഇത് കൊച്ചുമകനായ ഷാറോഖ് ഷായ്ക്കാണ് നാദിര്‍ഷാ കൈമാറിയത്. ഷാറോഖിനെ ആഗ മുഹമ്മദ് ഖാന്‍ 1796 ല്‍ വകവരുത്തി.

ഷാ ഷൂജ ദുറാനിയുടെ കൈകളിലേക്കാണ് കോഹിന്നൂര്‍ പിന്നീടെത്തിയത്. ബ്രേസ്​ലെറ്റായാണ് ദുറാനി ഇത് ധരിച്ചത്. ഒടുവില്‍ തന്‍റെ പ്രാണരക്ഷാര്‍ഥം രത്നം മഹാരാജ ര​ഞ്ജിത് സിങിന് സമര്‍പ്പിക്കേണ്ടി വന്നു. 1839 ല്‍ മഹാരാജ രഞ്ജിത് സിങ് മരിച്ചതോടെ രത്നം മൂത്തപുത്രനായ ഖരക് സിങിന് ലഭിച്ചു. ഖരകിനെ പിന്നീട് വിഷം ഉള്ളില്‍ ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സിഖ് രാജവംശമായ മഹാരാജയിലെ അവസാനത്തെ രാജാവായ മഹരാജ ദുലീപ് സിങിന്‍റെ പക്കലാണ് കോഹിന്നൂര്‍ എത്തിച്ചേര്‍ന്നത്. സിഖ് സാമ്രാജ്യത്തെ 1849 ല്‍ ബ്രിട്ടീഷുകാര്‍ പിടിച്ചെടുക്കുമ്പോള്‍ ദുലീപ് സിങിന് വെറും പത്തുവയസുമാത്രമായിരുന്നു പ്രായം. അവസാനത്തെ ലാഹോര്‍ ഉടമ്പടിയും ഒപ്പിട്ടതിന് പിന്നാലെ കോഹിന്നൂര്‍ വിക്ടോറിയ രാജ്ഞിക്ക് സമ്മാനിക്കുകയായിരുന്നു. 

1857ലെ  ഒന്നാം സ്വാതന്ത്ര്യസമരകാലത്താണ് പുരുഷന്‍മാര്‍ക്ക് കോഹിന്നൂര്‍ വാഴില്ലെന്നത് ബ്രിട്ടീഷുകാര്‍ അറിഞ്ഞത്. ഇതിന് ശേഷം രാജകുടുംബാംഗങ്ങളിലെ പുരുഷന്‍മാര്‍ കോഹിന്നൂര്‍ ധരിക്കുന്നതിന് വിലക്കും വന്നു. അതുകൊണ്ട് കോഹിന്നൂര്‍ പതിച്ച കിരീടം വിക്ടോറിയ രാജ്ഞിയില്‍ നിന്ന് അലക്സാന്ദ്ര രാജ്ഞിയിലേക്കും രാജമാതാവ് എലിസബത്ത് ഏയ്ഞ്ചല മാര്‍ഗരേറ്റ് ബൗസ് ലിയോണിലേക്കും ഒടുവില്‍ എലിസബത്ത് രാജ്ഞി II ലേക്കുമാണ് എത്തിയത്. നിലവില്‍ ടവര്‍ ഓഫ് ലണ്ടനിലെ ജ്യുവല്‍ ഹൗസിലാണ് കോഹിന്നൂര്‍ പ്രദര്‍ശനത്തിനായി വച്ചിരിക്കുന്നത്. രത്നം ഇന്ത്യയ്ക്ക് തിരികെ നല്‍കണമെന്ന് പലപ്പോഴായി ആവശ്യം ഉയര്‍ന്നിരുന്നു. 

ENGLISH SUMMARY:

Explore the mysterious history of the Kohinoor diamond, once known as the 'Mountain of Light'. History suggests a curse where every male ruler who possessed it met a tragic fate, from Alauddin Khalji to Ranjit Singh. Learn why only British Queens wear it today.