Image: X
വിവാഹമോചനം നടത്താതെ മൂന്നുവര്‍ഷത്തിനിടെ മൂന്നു സ്ത്രീകളെ വിവാഹം ചെയ്ത യുവാവ് അറസ്റ്റില്‍. ബിഹാറിലെ ഗോപാല്‍ഗഞ്ച് സ്വദേശി പിന്റു ബൻവാൾ ആണ് അറസ്റ്റിലായത്. ഗാർഹിക പീഡനം, സ്ത്രീധനം ആവശ്യപ്പെട്ടുള്ള മര്‍ദനം എന്നീ ആരോപണങ്ങളുന്നയിച്ച് ആദ്യരണ്ട് ഭാര്യമാര്‍ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.
അതേസമയം ഒരു രൂപ പോലും താന്‍ സ്ത്രീധനം വാങ്ങിയിട്ടില്ലെന്നും മറ്റ് ഗാര്‍ഹിക പീഡന ആരോപണങ്ങളുള്‍പ്പെടെ കെട്ടിച്ചമച്ചതാണെന്നും പിന്റു പറയുന്നു. മൂന്നു സ്്ത്രീകളെ വിവാഹം ചെയ്തുവെന്നത് സത്യമാണെന്നും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടാണ് അതുസംഭവിച്ചതെന്നും പിന്റു പറയുന്നു. തന്റെ അമ്മയ്ക്ക് 60 വയസുണ്ടെന്നും ഭാര്യമാരൊന്നും ഞങ്ങള്‍ക്ക് ഭക്ഷണം ഉണ്ടാക്കി തരില്ലന്നും അവര്‍ക്ക് ഞാനാണ് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നതെന്നും പിന്റു വിവാഹത്തിനു കാരണമായി പറയുന്നു.
ആദ്യഭാര്യയായ ഖുശ്ബു തന്നെ കത്തിയെടുത്ത് കൊല്ലാന്‍ വന്നെന്നും അത് നാട്ടുകാര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണെന്നും പിന്റു പറയുന്നു. തമ്മിൽ 10 വയസ്സിന്റെ പ്രായവ്യത്യാസമുണ്ടെന്നും ശാരീരിക ബന്ധം ഉണ്ടായിരുന്നില്ലെന്നും ബലാത്സംഗ ആരോപണങ്ങളെല്ലാം കള്ളമാണെന്നും പിന്റു വ്യക്തമാക്കുന്നു.
അമ്മയുടെ ആരോഗ്യനില കാരണമാണ് വീണ്ടും വിവാഹം ചെയ്തത്. എന്നാല്‍ രണ്ടാമത്തെ ഭാര്യയും ഒരു ദിവസം വീട്ടില്‍ നിന്നും ഇറങ്ങിപ്പോയെന്നും പിന്റു വ്യക്തമാക്കുന്നു. ഇതിനു ശേഷം മൂന്നാമതും വിവാഹം ചെയ്തതെന്നും അമ്മയ്ക്ക് ഹൃദ്രോഗവും പ്രമേഹവും ഉള്‍പ്പെടെയുണ്ടെന്നും അവരെ പരിപാലിക്കേണ്ടത് അനിവാര്യമായിരുന്നുവെന്നും പിന്റു. മൂന്നാമത്തെ ഭാര്യ ഒരു വർഷത്തോളം തന്റെ വീട്ടിൽ താമസിച്ചെന്നും നന്നായി പെരുമാറിയെന്നും പരാതിക്ക് കാരണങ്ങളൊന്നുമില്ലെന്നും പിന്റു പറയുന്നു.
ഒന്നും രണ്ടും ഭാര്യമാർ രഹസ്യമായി തനിക്കെതിരെ ഒന്നിക്കുകയായിരുന്നുവെന്ന് ഇയാള്‍ ആരോപിക്കുന്നു. രണ്ട് ഭാര്യമാര്‍ രേഖാമൂലം നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് പിന്റുവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. നിലവില്‍ ജയിലിലേക്ക് വിട്ടതായാണ് റിപ്പോര്‍ട്ട്.