രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ തുടരുന്നു. അസമില്‍ സ്കൂളിലെ അലങ്കാരങ്ങള്‍ തീവ്രഹിന്ദു സംഘടകള്‍ നശിപ്പിച്ചു. ഛത്തീസ്ഗഡിലെ റായ്പുരില്‍ ഷോപ്പിങ് മാളില്‍ ഒരുക്കിയ സാന്റായും നക്ഷത്രങ്ങളും അടിച്ചുതകര്‍ത്തു. യു.പിയില്‍ പള്ളിക്കു പുറത്ത് ഹനുമാന്‍ ചാലിസ ചൊല്ലി. വട്ടുള്ള ചിലരാണ് ആക്രമണം നടത്തുന്നതെന്നും ബി.ജെ.പിക്ക് ഉത്തരവാദിത്തമില്ലെന്നും സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.
അസമിലെ നല്‍ബരി ജില്ലയിലെ സെന്‍റ് മേരിസ് സ്കൂളില്‍ ഇന്നലെയാണ് വി.എച്ച്.പി, ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ഒരുക്കിയ പുല്‍ക്കൂടും നക്ഷത്രങ്ങളും തകര്‍ത്തെറിഞ്ഞു. ജയ്ശ്രീറാം മുദ്രാവാക്യം മുഴക്കിയാണ്പ്രവര്‍ത്തകര്‍ എത്തിയത്. റായ്പുരിലെ മാളില്‍ വടികളുമായി എത്തിയ 90 അംഗ സംഘമാണ് ആക്രമണം നടത്തിയത്. സാന്റാക്ലോസിന്‍റെ രൂപമടക്കം അടിച്ചുതകര്‍ത്തു.
ക്രിസ്ത്യാനികള്‍ക്കെതിരെ സര്‍വ ഹിന്ദു സമാജ് ഇന്നലെ ആഹ്വാനംചെയ്ത ഹര്‍ത്താലിന്‍റെ മറവിലായിരുന്നു അതിക്രമം. യുപിയിലെ ബറേലിയില്‍ പൊലീസിന്‍റെ സാന്നിധ്യത്തിലാണ് ക്രിസ്ത്യന്‍ പള്ളിക്കുപുറത്ത് ഹനുമാന്‍ ചാലിസ ചൊല്ലിയത്. രാത്രി ക്രിസ്മസ് പ്രാര്‍ഥന നടക്കുമ്പോഴായിരുന്നു പ്രതിഷേധം. അതിക്രമങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കേണ്ടെന്നും നിയമനടപടി സ്വീകരിക്കണമെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയില്‍ പ്രതികരിച്ചു. പ്രധാനമന്ത്രിക്കൊപ്പം സി.എന്‍.ഐ സഭാ ആസ്ഥാനത്ത് പ്രാര്‍ഥനയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം
കഴിഞ്ഞ ദിവസങ്ങളില്‍ മധ്യപ്രദേശിലും ഡല്‍ഹിയിലും അടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ വ്യാപക അക്രമങ്ങള്‍ നടന്നിരുന്നു.