പത്തനംതിട്ട അടൂർ പറക്കോട് ലഹരി സംഘത്തിന്‍റെ ക്രൂരമായ വീടുകയറി ആക്രമണം. ലഹരിവിൽപനയുമായി ബന്ധപ്പെട്ട വിവരം പോലീസിന് നൽകിയെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്കും അവരുടെ അമ്മയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്.

രാത്രി ഒൻപതരയോടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ലഹരി വില്പന സംഘ അംഗങ്ങളായ സാബിർ, അർഷിദ്, ശ്രേയസ് എന്നിവർ മാരകായുധങ്ങളുമായി അഴിഞ്ഞാടുകയായിരുന്നു. 17 വയസ്സുള്ള അഫ്സലിനെയും 15 വയസ്സുള്ള ഫൈസലിനെയും ബൈക്ക് ചെയിനും ചെയിൻ സോക്കറ്റും ഉപയോഗിച്ച് പ്രതികൾ ക്രൂരമായി മർദ്ദിച്ചു. കുട്ടികളുടെ ശരീരമാസകലം മർദ്ദനമേറ്റ് പരുക്കേറ്റിട്ടുണ്ട്. മക്കളെ രക്ഷിക്കാൻ തടസ്സം പിടിക്കാനെത്തിയ അമ്മ സലീനയെയും സംഘം വെറുതെവിട്ടില്ല. സലീനയുടെ നൈറ്റി വലിച്ചുകീറുകയും അടിവയറ്റിൽ ചവിട്ടുകയും ചെയ്തു.

 വീടിന്‍റെ ജനൽചില്ലുകളും ഫർണിച്ചറുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ പൂർണ്ണമായും തകർത്ത ശേഷമാണ് പ്രതികൾ സ്ഥലം വിട്ടത്.ലഹരിമരുന്ന് കൈവശം വെച്ചതിന് ഒന്നാം പ്രതിയായ സാബിറിനെ മുൻപ് പോലീസ് പിടികൂടിയിരുന്നു. താൻ പിടിയിലാകാൻ കാരണം അഫ്സൽ പോലീസിന് നൽകിയ വിവരമാണെന്ന വൈരാഗ്യമാണ് ഈ അതിക്രമത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ മൂന്ന് പ്രതികൾക്കുമായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ENGLISH SUMMARY:

Adoor drug gang attack involved a brutal home invasion in Pathanamthitta. This incident highlights the violent repercussions of reporting drug sales to the police