ഷോപ്പില്‍ പോയി മെനക്കെടാതെ സാധനങ്ങള്‍ കയ്യിലെത്തുമെന്നതാണ് ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ ഗുണം. ഭക്ഷണവിഭവങ്ങളും പലചരക്കുസാധനങ്ങളും വസ്ത്രങ്ങളുമുള്‍പ്പെടെ എന്തും ഏതും ഓണ്‍ലൈനായി കിട്ടും. എന്നാല്‍ ചെറിയൊരു തെറ്റിദ്ധാരണയോ,അക്ഷരപ്പിശകോ,ആശയവിനിമയത്തില്‍ വീഴ്ചയോ വന്നാല്‍ എല്ലാം പൊളിയും.
ഇവിടെ സൊമാറ്റോ വഴി പിറന്നാള്‍ കേക്ക് ലഭിച്ച യുവതിയുടെ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത്. ഓണ്‍ലൈന്‍ ആപ്പില്‍ നിന്നും ഇഷ്ടപ്പെട്ട കേക്ക് തിരഞ്ഞെടുക്കുക, കേക്കിനു മുകളില്‍ എഴുതേണ്ട സന്ദേശം ചേര്‍ക്കുക, പണമടയ്ക്കുക. ഇത്രയും ചെയ്താല്‍ ആഘോഷത്തിനുള്ള ഒരുക്കമായി.
എന്നാല്‍ എല്ലായ്പ്പോഴും കാര്യങ്ങള്‍ അത്ര വെടിപ്പാകുമെന്ന് കരുതേണ്ട, ഇവിടെ യുവതിയുടെ ജന്‍മദിനത്തില്‍ സുഹൃത്ത് ഓര്‍ഡര്‍ ചെയ്ത കേക്ക് കിട്ടിയപ്പോള്‍ അത് കണ്ടവരെല്ലാം മൂക്കത്ത് കൈവച്ചുപോയി. ‘ഹാപ്പി ബര്‍ത്ഡേ’ എന്നെഴുതേണ്ട സ്ഥാനത്ത് ഡെലിവറി ഏജന്റിന് നല്‍കിയ നിര്‍ദേശം എഴുതിവന്നാല്‍ എങ്ങനെയിരിക്കും, ‘ലീവ് അറ്റ് സെക്യൂരിറ്റി’ എന്നെഴുതിയ കേക്ക് കണ്ട് അമ്പരന്ന തനിക്കും സുഹൃത്തുക്കള്‍ക്കും വിഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാതിരിക്കാന്‍ തോന്നിയില്ലെന്ന് പറയുന്നു യുവതി.
വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ നിരവധി പേരാണ് സമാന അനുഭവങ്ങള്‍ പറഞ്ഞെത്തിയത്. ഒരു തവണ റൈറ്റ് ഹാപ്പി ബര്‍ത്ഡേ മോം എന്നെഴുതാന്‍ പറഞ്ഞപ്പോള്‍ കേക്കിനു മുകളില്‍ ‘റൈറ്റ് ഹാപ്പി ബര്‍ത്ഡേ മോം’ എന്നെഴുതി വന്ന കാര്യം ഒരു യുവതി പറയുന്നു. ‘ഹാന്‍ഡില്‍ വിത് കെയര്‍’, എന്നെഴുതി വന്ന അനുഭവം മറ്റൊരാള്‍ കുറിച്ചു.
ഏതായാലും കേക്ക് കാണുമ്പോള്‍ ഒരു പൊട്ടിച്ചിരിക്ക് വക തരുന്നുണ്ട് ഇത്തരം തെറ്റുകളെന്നാണ് ഒരു ഉപയോക്താവിന്റെ പ്രതികരണം.