ഉത്തർപ്രദേശിലെ ഡൽഹി- ലഖ്‌നൗ ദേശീയപാതയില്‍ റെയില്‍വേ പാലത്തില്‍ നിന്ന് താഴേക്ക് തൂങ്ങിക്കിടന്ന് ചിന്‍ അപ്പ് ചെയ്ത് യുവാവിന്‍റെ അഭ്യാസം. ഹാപൂർ ഭാഗത്തായിരുന്നു യുവാവിന്‍റെ അപകടകരമായ സ്റ്റണ്ട്. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സംഭവത്തില്‍ യുവാവിനെ തിരിച്ചറിയാൻ ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഹാപൂർ പൊലീസ് അറിയിച്ചു.
പ്രചരിക്കുന്ന വിഡിയോയില്‍ ദേശീയ പാതയ്ക്ക് മുകളിലുള്ള റെയിൽവേ പാലത്തിൽ നിന്ന് ഒരു യുവാവ് തൂങ്ങിക്കിടക്കുന്നത് കാണാം. യാതൊരു വിധത്തിലുള്ള സുരക്ഷാ മുന്‍കരുതലുമില്ലാതെയാണ് യുവാവ് ചിന്‍ അപ്പ് ചെയ്യുന്നത് എന്ന് വ്യക്തമാണ്. അപകടകരമായ ഉയരത്തില്‍, അതും താഴെ വാഹനങ്ങള്‍ അതിവേഗത്തില്‍ സഞ്ചരിക്കുമ്പോള്‍. റീല്‍സിനായിട്ടായിരുന്നു ഈ അപകടകരമായ സ്റ്റണ്ടെന്നാണ് കരുതുന്നത്.
പാലത്തില്‍ നിന്നുള്ള ചിന്‍ അപ്പ് മാത്രമല്ല ഇതേ യുവാവ് ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിക്കൊപ്പം റെയിൽവേ ട്രാക്കിലൂടെ ഓടുന്ന മറ്റൊരു വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ട്രാക്കിന് മുകളിൽ പുഷ് അപ്പുകൾ എടുക്കുന്നതും ചാടുന്നതുമെല്ലാം വിഡിയോയിലുണ്ട്. ഉത്തർപ്രദേശിലെ പിൽഖുവ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, മാസങ്ങൾക്ക് മുമ്പ് ഹാപൂരിൽ ബാഗ്പത്തിന് സമീപം എന്‍എച്ച് 9ല്‍ ഓടുന്ന എസ്‌യുവിയിൽ അപകടകരമായ സ്റ്റണ്ട് നടത്തിയതിന് യുവാവ് അറസ്റ്റിലായിരുന്നു. വൈറലായ വിഡിയോയിൽ, രണ്ട് വാതിലുകളും തുറന്നിട്ട നിലയിൽ യുവാവ് സ്കോർപിയോ ഓടിക്കുന്നത് കാണാം. തുടർന്ന് സ്റ്റിയറിങ് വീൽ ഉപേക്ഷിച്ച് സീറ്റിൽ നിന്നിറങ്ങി ബോണറ്റിൽ നിൽക്കുന്നു. ഒരു ഘട്ടത്തിൽ, അയാൾ ബോണറ്റിൽ ഇരിക്കുകയും ചെയ്തു. വിൻഡ്‌ഷീൽഡിൽ ചാരി നിന്ന് റൂഫിലേക്ക് കയറി നില്‍ക്കുന്നതും വിഡിയോയില്‍ കാണാം.