Image Credit: Instagram
ഹെല്‍മറ്റ് ധരിക്കാത്തതിന്‍റെ പേരില്‍ ബൈക്ക് യാത്രികനെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുന്ന പൊലീസുകാരന്‍റെ ദൃശ്യങ്ങള്‍ സൈബറിടത്ത് ചിരിപടര്‍ത്തുന്നു. മധ്യപ്രദേശിലെ ഒരു സാധാരണ വാഹനപരിശോധനയ്ക്കിടെയുണ്ടായ രസകരമായ സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് വൈറലായിമാറിയിരിക്കുന്നത്. പൊലീസുകാരന്‍റെ ചോദ്യത്തിന് ബൈക്ക് യാത്രികന്‍ നല്‍കിയ മറുപടിയാണ് വിഡിയോ ശ്രദ്ധനേടാന്‍ കാരണമായത്.
@vivekanandtiwarithetrafficcop എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഹെല്‍മറ്റില്ലാതെ വരുന്ന ബൈക്ക് യാത്രികനെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുന്ന പൊലീസുകാരനെയാണ് വിഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. എന്തുകൊണ്ടാണ് ഹെൽമറ്റ് വയ്ക്കാത്തത് എന്ന പൊലീസുകാരന്‍റെ ചോദ്യത്തിന് തികച്ചും സത്യസന്ധമായ മറുപടിയാണ് ബൈക്ക് യാത്രികന്‍ നല്‍കിയത്. തന്റെ തലയുടെ അളവിന് ചേർന്ന ഹെൽമറ്റ് കിട്ടാനില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
എന്നാല്‍ ബൈക്ക് യാത്രികന്‍റെ മറുപടി പൊലീസുകാരന്‍ വിശ്വസിച്ചില്ല. ഒരു ഹെല്‍മറ്റെടുത്ത് കൊടുത്തിട്ട് ബൈക്ക് യാത്രികനോട് തലയില്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടു. യാതൊരു മടിയും കൂടാതെ ബൈക്ക് യാത്രികന്‍ അത് വാങ്ങി തലയില്‍ വയ്ക്കാന്‍ ശ്രമിച്ചെങ്കിലും തലയുടെ വലിപ്പക്കൂടുതല്‍ മൂലം ഹെല്‍മറ്റ് കയറിയില്ല. ഇത് കണ്ടതോടെ ഒരു പൊട്ടിച്ചിരിയായിരുന്നു പൊലീസുകാരന്‍റെ പ്രതികരണം. ഉടനെ തന്നെ പൊലീസുകാരന്‍ ഹെല്‍മറ്റ് കമ്പനി നിര്‍മാതാക്കളോട് കുറച്ചുകൂടി വലുപ്പമുളള ഹെല്‍മറ്റ് നിര്‍മിക്കണേ എന്ന് ചിരിച്ചുകൊണ്ട് അഭ്യര്‍ഥിക്കുന്നതും വിഡിയോയില്‍ കാണാം.
വിഡിയോ വൈറലായതോടെ പൊലീസുകാരന്‍റെ അഭ്യര്‍ത്ഥന ശരിവച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. കമ്പനികള്‍ വലിപ്പമുളള ഹെല്‍മറ്റുകള്‍ നിര്‍മിക്കണമെന്നും അതിനും ആവശ്യക്കാരേറെയാണെന്നും കമന്‍റുകള്‍ വ്യക്തമാക്കുന്നു.