യഹ്യ ഖാനും നൂര്‍ ജഹാനും
പാക്കിസ്ഥാന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടായിരുന്നു 1971ല്‍ ഇന്ത്യയോടേറ്റ തോല്‍വി. രാജ്യത്തിന്‍റെ നേര്‍പകുതി നഷ്ടപ്പെട്ടു. 93,000 സൈനികര്‍ യുദ്ധത്തടവുകാരായി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകംകണ്ട ഏറ്റവും വലിയ സൈനിക കീഴടങ്ങല്‍. പാക്കിസ്ഥാന്‍റെ നെഞ്ചിനുള്ളില്‍ ഇന്നും ഉണങ്ങാത്ത ആഴമുള്ള മുറിവ്. അതാണ് ബംഗ്ലദേശിന്‍റെ പിറവിയും ആ യുദ്ധത്തിലെ തോല്‍വിയും.
General Rani | AI Enhanced Image
1971 ഡിസംബര്‍ 16. ധാക്കയിലെ രംണ റേസ് കോഴ്സ്. ആരോ തിടുക്കത്തില്‍ വലിച്ചിട്ട മേശയ്ക്കരികില്‍ തലകുനിച്ചിരിക്കുന്ന പാക്കിസ്ഥാന്‍റെ ഈസ്റ്റേണ്‍ കമാന്‍ഡ് മേധാവി ലഫ്റ്റനന്‍റ് ജനറല്‍ അമീര്‍ അബ്ദുല്ല ഖാന്‍ നിയാസി. തൊട്ടടുത്ത് ഇന്ത്യയുടെ അഭിമാനമായ ലഫ്റ്റനന്‍റ് ജനറല്‍ ജഗ്‍ജീത് സിങ് ഔറോറ. ചുറ്റും ബംഗ്ലദേശ് മുക്തിബാഹിനി കമാന്‍ഡര്‍മാര്‍. ബാരിക്കേഡുകള്‍ക്ക് പുറത്ത് പാക്കിസ്ഥാന്‍ സൈനികരെ വലിച്ചുകീറാന്‍ കാത്തുനില്‍ക്കുന്ന ബംഗ്ലാദേശി ജനത. വിറയ്ക്കുന്ന കൈകൊണ്ട് ലഫ്റ്റനന്‍റ് ജനറല്‍ നിയാസി കീഴടങ്ങല്‍ രേഖയില്‍ ഒപ്പിടുന്ന ആ ദൃശ്യം ലോകം ഒരുകാലത്തും മറക്കില്ല. കാരണം അത്ര വലിയ നാണക്കേട് ഒരു രാജ്യവും ഒരു സൈന്യവും അന്നോളം ഏറ്റുവാങ്ങിയിട്ടില്ല.
ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ ആ യുദ്ധം പാക്കിസ്ഥാനില്‍ സ്വാഭാവികമായും ഉയര്‍ത്തിയ ചോദ്യം ഇതായിരുന്നു. എന്തുകൊണ്ട് തോറ്റു? ഇത്രവലിയ നാണക്കേട് എങ്ങനെയുണ്ടായി? യുദ്ധത്തിന് തൊട്ടുപിന്നാലെ അധികാരത്തിലെത്തിയ പ്രസിഡന്‍റ് സുല്‍ഫിക്കര്‍ അലി ഭൂട്ടോ അതറിയാന്‍ ഒരു കമ്മിഷനെ നിയമിച്ചു. ചീഫ് ജസ്റ്റിസ് ഹമുദുര്‍ റഹ്മാന്‍ കമ്മിഷന്‍. യുദ്ധത്തിലെ തോല്‍വിയേക്കാള്‍ നാണക്കേടായിരുന്നു കമ്മിഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. കിഴക്കന്‍ പാക്കിസ്ഥാന്‍ നഷ്ടപ്പെടുമെന്നുറപ്പായ രാത്രിയിലും പാക്കിസ്ഥാന്‍ പ്രസിഡന്‍റും പട്ടാളത്തലവനുമായ ജനറല്‍ യഹ്യ ഖാന്‍ മദ്യലഹരിയില്‍ സ്ത്രീകള്‍ക്കൊപ്പം കൂത്താടുകയായിരുന്നുവത്രെ. കൂടുതല്‍ ആയുധങ്ങളും സൈനികരെയും ആവശ്യപ്പെട്ട് ധാക്കയില്‍ നിന്നെത്തിയ കേബിള്‍ സന്ദേശങ്ങളൊന്നും ജനറല്‍മാര്‍ ആരും ഗൗനിച്ചതുപോലുമില്ല. ഒടുവില്‍ ഹാങ്ങോവര്‍ മാറി സൈനിക മേധാവികള്‍ കണ്ണുതുറന്നപ്പോള്‍ പകുതി രാജ്യം തന്നെ നഷ്ടമായി. യഹ്യ രാജിവച്ചൊഴിഞ്ഞു.
യഹ്യ ഖാന്‍
സൈനികനേതൃത്വത്തിന്‍റെ അധാര്‍മിക പ്രവൃത്തികള്‍ – അതാണ് ബംഗ്ലദേശ് യുദ്ധത്തിലെ പെരുംതോല്‍വിക്ക് ഹമുദുര്‍ റഹ്മാന്‍ കമ്മിഷന്‍ ഒറ്റവരിയില്‍ കുറിച്ചിട്ട കാരണം. സൈനികമേധാവിമാരുടെ കുത്തഴിഞ്ഞ ലൈംഗിക ജീവിതം, മദ്യം, അഴിമതി, അധികാര ദുര്‍വിനിയോഗം, അതെല്ലാം ചേര്‍ന്നുണ്ടാക്കിയ വിഷലിപ്തമായ അന്തരീക്ഷം. ഇതായിരുന്നു നാണംകെട്ട തോല്‍വിയിലേക്ക് പാക്കിസ്ഥാനെ നയിച്ചത്. 1972ല്‍ നിയമിക്കപ്പെട്ട കമ്മിഷന്‍ 1974ല്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതില്‍ പ്രധാനപ്പെട്ട രണ്ട് സൂചനകളായിരുന്നു ജനറല്‍ റാണിയും നൂര്‍ ജഹാനും.
ആരാണ് ജനറല്‍ റാണി?
അക്‌ലീം അക്തര്‍. 1960കളില്‍ പാക്കിസ്ഥാനിലെ ഏറ്റവും സ്വാധീനമുണ്ടായിരുന്ന സ്ത്രീ. ജനപ്രതിനിധിയല്ല, ഉദ്യോഗസ്ഥയല്ല, രാഷ്ട്രീയനേതാവല്ല, മറ്റെന്തെങ്കിലും യോഗ്യതയില്ല. എന്നിട്ടും പാക്കിസ്ഥാനില്‍ എന്തുനടക്കണം എന്ന് തീരുമാനിക്കാനുള്ള കരുത്ത് അവര്‍ക്കുണ്ടായിരുന്നു. സുന്ദരി, കൗശലക്കാരി, കര്‍ക്കശക്കാരി. ഇതിനെല്ലാം അപ്പുറം ജനറല്‍ യഹ്യ ഖാന്‍റെ കൂട്ടുകാരി എന്ന റോളാണ് എല്ലാ അധികാരവും അക‌്‌ലീമിന്‍റെ കാല്‍ച്ചുവട്ടില്‍ എത്തിച്ചത്. സൈന്യത്തിനുള്ളിലും പുറത്തും അവര്‍ അറിയപ്പെട്ടത് ‘ജനറല്‍ റാണി’ എന്നാണ്. ധാക്കയില്‍ ലഫ്റ്റനന്‍റ് ജനറല്‍ നിയാസി കീഴടങ്ങല്‍ രേഖ ഒപ്പിടുന്നതിന് മണിക്കൂറുകള്‍ മുന്‍പാണ് ‘ജനറല്‍ റാണി’ പ്രസിഡന്‍റിന്‍റെ കിടപ്പറയില്‍ നിന്ന് പോയത്.
Image: wikipedia
കിടപ്പറ സംഭാഷണങ്ങളും ഭരണപരമായ തീരുമാനങ്ങളും തമ്മില്‍ ഒരന്തരവും ഇല്ലാത്ത അവസ്ഥയായിരുന്നു യഹ്യയുടെ ഭരണകാലം. ഏകാധിപതിയായി മാറിയ പട്ടാളമേധാവിയുടെ വസതിയില്‍ നിന്ന് രാജ്യത്തെ കൈപ്പിടിയില്‍ നിര്‍ത്തിയ കിങ്മേക്കര്‍. അതായിരുന്നു ‘ജനറല്‍ റാണി’. കരാറുകള്‍ക്കായി ബിസിനസുകാരും കൂടിക്കാഴ്ചകള്‍ക്കായി രാഷ്ട്രീയക്കാരും സ്ഥാനക്കയറ്റങ്ങള്‍ക്കായി സൈനികഉദ്യോഗസ്ഥരുമെല്ലാം അവരുടെ മുന്നില്‍ പ്രണമിച്ചുനിന്നു. ആ ഭരണകൂടത്തിന്‍റെ എല്ലാ കൊള്ളരുതായ്മകളുടെയും പ്രതീകം. ഒടുവില്‍ ബംഗ്ലദേശ് യുദ്ധം കഴിഞ്ഞപ്പോള്‍ പാക്കിസ്ഥാനില്‍ അപമാനത്തിന്‍റെയും നാണക്കേടിന്‍റെയും പ്രതീകമായി മാറി അക്‌ലീം അക്തര്‍ എന്ന ‘ജനറല്‍ റാണി’.
നൂര്‍ ജഹാന്‍ എന്ന സംഗീതലഹരി
Image: X
‘ജനറല്‍ റാണി’ യഹ്യയുടെ മനസാക്ഷിസൂക്ഷിപ്പുകാരി ആയിരുന്നെങ്കില്‍ യഹ്യയുടെ ഏറ്റവും വലിയ ദൗര്‍ബല്യമായിരുന്നു പാട്ടുകാരി നൂര്‍ ജഹാന്‍. സ്വാതന്ത്ര്യത്തിന് മുന്‍പുവരെ ഇന്ത്യയുടെയും സ്വാതന്ത്ര്യത്തിനുശേഷം പാക്കിസ്ഥാന്‍റെയും ഹൃദയം കീഴടക്കിയ സംഗീതകോകിലം. ജനറല്‍ റാണി അധികാരത്തിലെ അഴിമതിയുടെ മുഖചിത്രമായിരുന്നെങ്കില്‍ അതിന്‍റെ നിസ്സാരത തെളിയിച്ച വ്യക്തിത്വമായിരുന്നു നൂര്‍ ജഹാന്‍. പാക്കിസ്ഥാനിലെ ഏറ്റവും പ്രശസ്തമായ ദേശഭക്തി ഗാനങ്ങള്‍ പാടിയത് നൂര്‍ ജഹാന്‍ ആയിരുന്നു. പക്ഷേ ബംഗ്ലദേശില്‍ പാക് സൈന്യം തോറ്റോടുമ്പോഴും അതേ പാട്ടുകള്‍ പ്രക്ഷേപണം ചെയ്യാന്‍ അവര്‍ പാക്കിസ്ഥാന്‍ റേഡിയോ അധികാരികളെ ഭീഷണിപ്പെടുത്തി. അതിനവര്‍ക്ക് ധൈര്യം നല്‍കിയത് ജനറല്‍ യഹ്യ ഖാനിലുള്ള സ്വാധീനമായിരുന്നു. യുദ്ധം നടക്കുമ്പോള്‍ പലദിവസങ്ങളിലും നൂര്‍ ജഹാന്‍ പ്രസിഡന്‍റിന്‍റെ ലഹോറിലെ വസതിയില്‍ രാത്രികള്‍ ചെലവിട്ടിരുന്നതായി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യം കത്തുമ്പോള്‍, യുദ്ധം കൊടുമ്പിരിക്കൊണ്ട് നില്‍ക്കുമ്പോള്‍, സ്വന്തം സൈനികര്‍ തോറ്റോടുമ്പോള്‍, ധാക്കയില്‍ ഇന്ത്യന്‍ പതാക പാറുമ്പോള്‍ പട്ടാളമേധാവിയായ പാക്കിസ്ഥാന്‍ പ്രസിഡന്‍റ് മദ്യത്തിനും നൂര്‍ജഹാനുമൊപ്പം രാത്രികള്‍ ആസ്വദിക്കുകയായിരുന്നു.
ജനറല്‍ റാണിയെയും നൂര്‍ ജഹാനെയും നേരിട്ട് പരാമര്‍ശിച്ചല്ല ഹമുദുര്‍ റഹ്മാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. പക്ഷേ അതിലുള്‍പ്പെടുത്തിയ മൊഴികളിലും തെളിവുകളിലുമെല്ലാം വിവരണങ്ങളിലുമെല്ലാം ഈ രണ്ട് പേരുകള്‍ ഉരുക്കിവിളക്കിയതുപോലെ കിടപ്പുണ്ട്. ജനറല്‍ റാണിയെ ഭരണത്തിലും തീരുമാനങ്ങളിലും അനധികൃതമായി ഇടപെടാന്‍ യഹ്യ അനുവദിച്ചപ്പോള്‍ നൂര്‍ ജഹാന്‍ തീരുമാനങ്ങളെടുക്കാനുള്ള യഹ്യയുടെ ശേഷി ദുര്‍ബലപ്പെടുത്തി എന്നായിരുന്നു കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍റെ ചുരുക്കം.
യഹ്യയും നൂര്‍ ജഹാനും | AI Enhanced Image
പട്ടാളഭരണാധികാരി മദ്യത്തിലും മദിരാക്ഷികളിലും മയങ്ങിക്കിടക്കുമ്പോള്‍ അയാളുടെ അനുയായികളും കീഴുദ്യോഗസ്ഥരും അങ്ങനെയല്ലാതാകില്ലല്ലോ. ലഫ്റ്റനന്‍റ് ജനറല്‍ നിയാസി തന്നെ ഉദാഹരണം. ഒരു കമാന്‍ഡറുടെ പദവിക്കോ റാങ്കിനോ അര്‍ഹതയില്ലാത്ത വ്യക്തിത്വമായിരുന്നു നിയാസിയുടേതെന്ന് കമ്മിഷന്‍ നിസ്സംശയം പറയുന്നു. അതില്‍ ഏറ്റവും പ്രധാനം അയാളുടെ കുത്തഴിഞ്ഞ ലൈംഗിക ജീവിതവും അഴിമതിയും തന്നെയായിരുന്നു. ലഹോറിലെ കുപ്രസിദ്ധമായ സെനോരിറ്റ ഹോം എന്ന ലൈംഗികവില്‍പ്പന കേന്ദ്രത്തിലെ നിത്യസന്ദര്‍ശകന്‍. അതിന്‍റെ ഉടമ സയീദ ബുഖാരിയുടെ അടുപ്പക്കാരന്‍. നിയാസിക്കുവേണ്ടി കോഴപ്പണം വാങ്ങിയിരുന്നത് സയീദ ആയിരുന്നു. നിയാസിയുടെ പ്രവര്‍ത്തികള്‍ ഈസ്റ്റേണ്‍ കമാന്‍ഡിന്‍റെ അച്ചടക്കത്തെയാകെ തകര്‍ത്തുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. ലൈംഗിക കുറ്റകൃത്യങ്ങള്‍ മറയില്ലാതെ അരങ്ങേറി. പാക് പട്ടാളവും കൂട്ടാളികളും ലക്ഷക്കണക്കിന് ബംഗ്ലാദേശി യുവതികളെയാണ് ബലാല്‍സംഗം ചെയ്തത്. കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്ന് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലേക്ക് സൈനിക വാഹനങ്ങളില്‍ കള്ളക്കടത്ത് നടത്തിയിരുന്നു നിയാസി. ഒടുവില്‍ ഒരു ചെറുത്തുനില്‍പ്പുമില്ലാതെ അയാളുടെ സൈന്യം ഇന്ത്യയ്ക്ക് മുന്നില്‍ മുട്ടുകുത്തി വീണു.
അധാര്‍മികത മാത്രമോ തോല്‍വിക്ക് കാരണം?
മദ്യവും മദിരാക്ഷിയും അഴിമതിയും അധികാരദുര്‍വിനിയോഗവുമെല്ലാം കാരണങ്ങളായിരിക്കാം. പക്ഷേ 1971ലെ തോല്‍വിക്ക് ഇടയാക്കിയത് അതുമാത്രമല്ലെന്നത് പകല്‍പോലെ വ്യക്തം. സൈന്യത്തിന്‍റെയും ഭരണകൂടത്തിന്‍റെയും യഥാര്‍ഥ വീഴ്ചകള്‍ മറയ്ക്കാന്‍ ഇതൊക്കെ സൗകര്യപൂര്‍വം ഉയര്‍ത്തിക്കാട്ടിയതാകാനും വഴിയുണ്ട്. കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയ ആരും യഥാര്‍ഥത്തില്‍ ശിക്ഷിക്കപ്പെട്ടില്ല എന്നതുതന്നെ കാരണം.
1971ലെ യുദ്ധത്തിൽ പരാജയപ്പെട്ടതിനെത്തുടർന്ന് കിഴക്കൻ പാക്കിസ്ഥാനിലെ കരസേന കമാൻഡിങ് ഓഫിസർ ലഫ്. ജനറൽ എ.എ.കെ.നിയാസി കീഴടങ്ങൽ കരാറിൽ ഒപ്പുവയ്ക്കുന്നു
ജനറല്‍ യഹ്യ ഖാന്‍: യുദ്ധത്തില്‍ തോറ്റയുടന്‍ രാജിവച്ചു. സുല്‍ഫിക്കര്‍ അലി ഭൂട്ടോയ്ക്ക് പ്രസിഡന്‍റ് പദവി കൈമാറി. ഭൂട്ടോ ജനറല്‍ യഹ്യയെ വീട്ടുതടങ്കലിലാക്കി. സൈനിക റാങ്കുകള്‍ എടുത്തുകളഞ്ഞു. വിചാരണ ചെയ്യുന്നതിന് പകരം കമ്മിഷന്‍റെ സാക്ഷിയാക്കി. പൊതുജനങ്ങളുമായി സമ്പര്‍ക്കമില്ലാതെയായിരുന്നു പിന്നീടുള്ള ജീവിതം. സ്ട്രോക്ക് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായി. 1980ല്‍ റാവല്‍പിണ്ടിയില്‍ വച്ച് യഹ്യ മരിച്ചു. ഒരു കേസിലും ശിക്ഷിക്കപ്പെടാതെ, വിചാരണ നേരിടാതെ.
എ.എ.കെ.നിയാസി: നിയാസിയെ കോര്‍ട്ട് മാര്‍ഷല്‍ ചെയ്യണമെന്നായിരുന്നു ജുഡീഷ്യല്‍ കമ്മിഷന്‍റെ ശുപാര്‍ശ. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല. വിചാരണ നടത്തി തന്‍റെ മേലുള്ള ദുഷ്പേര് നീക്കണമെന്ന് നിയാസി ആവശ്യപ്പെട്ടിട്ടും ഭരണകൂടം കേട്ടില്ലെന്ന് നടിച്ചു. ഉന്നതരുടെ വീഴ്ചകള്‍ക്ക് തന്നെ ബലിയാടാക്കുകയായിരുന്നുവെന്നാണ് നിയാസിയുടെ നിലപാട്. ‘ദ് ബിട്രേയല്‍ ഓഫ് ഈസ്റ്റ് പാക്കിസ്ഥാന്‍’ എന്ന ഓര്‍മക്കുറിപ്പുകളില്‍ അക്കാര്യം അയാള്‍ ഉന്നയിക്കുന്നുണ്ട്. ഇടയ്ക്ക് ചില യാഥാസ്ഥിതിക രാഷ്ട്രീയപാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചു. 2004ല്‍ ലഹോറില്‍ വച്ച് നിയാസി മരിച്ചു. അപമാനം എന്ന വാക്കിന് പാക്കിസ്ഥാനിലെ പ്രതിരൂപമാണ് നിയാസി, അന്നും ഇന്നും.
ഹമൂദുര്‍ റഹ്മാന്‍ കമ്മിഷന്‍ കണ്ടെത്തിയ കാര്യങ്ങളൊന്നും ഏറെക്കാലം പാക്കിസ്ഥാന്‍ ഭരണകൂടങ്ങള്‍ പുറത്തുവിട്ടില്ല. കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം പുറത്തുവരാന്‍ പതിറ്റാണ്ടുകളെടുത്തു. അതിലെ ശുപാര്‍ശകളോ നിര്‍ദേശങ്ങളോ ഒന്നും പരിഗണിക്കപ്പെട്ടില്ല. കുറ്റം ചെയ്തവരും അതിന് കൂട്ടുനിന്നവരും പ്രേരിപ്പിച്ചവരുമെല്ലാം അവരുടെ ജീവിതം അവര്‍ ഇച്ഛിച്ചതുപോലെ ജീവിച്ച് മറഞ്ഞു. വിഡ്ഢികളാക്കപ്പെട്ടത് പാക്കിസ്ഥാന്‍ ജനതയാണ്. ഇന്നും അത് തുടരുന്നു.