ഒരു ദിവസം അറിയാതെ കേറിയങ്ങ് വൈറലായാല്‍ എന്തു ചെയ്യും? 'സോറി, എനിക്ക് പ്രശസ്തി താത്പര്യമില്ല' എന്ന് പറഞ്ഞ് മാറിനിൽക്കുമോ? എന്നാൽ 'ബന്‍ഡാന ഗേളിന്' അത് ചെയ്യേണ്ടി വന്നു. വിവിധ നിറത്തിലുള്ള തൂവാല തലയിൽ കെട്ടി ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ എടുത്ത രണ്ട് സെക്കൻഡ് വിഡിയോ ആയിരുന്നു ബന്‍ഡാനയുടെ വൈറല്‍ തുടക്കം. 'മേയ്ക്കപ്പ് ഏറ്റ് ടുഡേ' എന്ന ക്യാപ്ഷനോടെ 'വേഡ് ജനറേറ്റർ' എന്ന X അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഈ വിഡിയോ കണ്ടത് 100 മില്യൺ ആളുകളാണ്. ലൈക്കുകളും റീച്ചും കുമിഞ്ഞുകൂടി. ആരോരുമറിയാതെ അജ്ഞാതയായിരുന്ന പെൺകുട്ടി പെട്ടെന്ന് പ്രശസ്തയായി. പ്രിയങ്ക എന്നായിരുന്നു അവളുടെ പേരെന്ന് 'ദി ജഗ്ഗർ നോട്ട്' പോലുള്ള വെബ്‌സൈറ്റുകൾ പിന്നീട് 'അന്വേഷിച്ച്' കണ്ടെത്തുകയും ചെയ്തു.
അപ്രതീക്ഷിതമായി ലഭിച്ച ഈ പ്രശസ്തി വലിയൊരു ചർച്ചയ്ക്കും വഴിതുറന്നു. ഇത്രയും റീച്ചുള്ള ഒരു വിഡിയോയിലൂടെ അവൾക്ക് എത്ര വരുമാനം ലഭിക്കുമെന്നായി ആളുകളുടെ കണക്കുകൂട്ടൽ. ഒരു സാധാരണ പോസ്റ്റിന് പോലും അഞ്ച് ലക്ഷം രൂപ വരെ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കണ്ടന്റ് ക്രിയേറ്റർമാരും വിദഗ്ധരും അഭിപ്രായപ്പെട്ടത്. പ്രമോഷനാണെങ്കിൽ വരുമാനം അതിലും കൂടുമത്രെ. ചർച്ചകൾ പുരോഗമിക്കുന്നതിനിടെ വിഡിയോക്ക് താഴെ കമന്റുകളും മീമുകളും നിറഞ്ഞു. ബാൻഡാന ഗേളിന്‍റെ എഐ ജനറേറ്റഡ് വിഡിയോകളും പ്രത്യക്ഷപ്പെട്ടു. 1000 ലൈക്ക് മാത്രമേ പ്രിയങ്ക പ്രതീക്ഷിച്ചുള്ളൂവെങ്കിലും, പോസ്റ്റ് ട്രെൻഡിങ്ങിൽ ഇടം പിടിച്ചു.
എന്നാൽ പ്രശസ്തി പ്രിയങ്കയ്ക്ക് തലവേദനയാവുകയായിരുന്നു. കൗതുകം കുറച്ച് കൂടിപ്പോയ ചിലർ പ്രിയങ്ക മുൻപ് ഷെയർ ചെയ്ത ഡിഗ്രി സർട്ടിഫിക്കറ്റ് വരെ കണ്ടെത്തി. ഇത് വഴി അവളുടെ മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തപ്പിപ്പിടിച്ച് ഇക്കൂട്ടര്‍ യഥാർത്ഥ ഫോട്ടോകളും പ്രചരിപ്പിച്ചു. എഐ ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ ചിത്രങ്ങൾ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ഇടയിൽ വരെയെത്തി. ഇതോടെ പൊറുതിമുട്ടിയ പ്രിയങ്ക, തന്‍റെ സ്വകാര്യത സംരക്ഷിക്കാനായി X അക്കൗണ്ടിന് പൂട്ടിട്ടു. അതെ, ഇന്നത്തെ കാലത്ത് വൈറലായാലും പ്രശ്നമാണ്!