ഐടി സർവീസ് മേഖലയുടെ അന്ത്യം കുറിക്കപ്പെട്ടു എന്ന വാദങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞ്  ടെക് മഹീന്ദ്ര നെക്സ്റ്റ് ജെൻ വെർട്ടിക്കൽസ് പ്രസിഡന്റ് കുനാൽ പുരോഹിത്. മാറ്റം സംഭവിക്കുന്നത് സാങ്കേതികവിദ്യയിലല്ല, മറിച്ച് മനുഷ്യന്റെ 'റോളുകളിലാണ്. പഴയ എൻജിനീയറിങ് രീതികളിൽ നിന്ന് എഐ അസിസ്റ്റഡ് രീതികളിലേക്ക് തൊഴിൽ മേഖല പരിണമിക്കുകയാണെന്നും മനോരമ ഓൺലൈൻ 'ടെക്സ്പെക്റ്റേഷൻസി'ൽ കുനാൽ പുരോഹിത് ചൂണ്ടിക്കാട്ടി. 

പരമ്പരാഗത ഐടി ജോലികൾ ഇല്ലാതാകുകയല്ല, മറിച്ച് കൂടുതൽ ഉത്തരവാദിത്തമുള്ള പുതിയ പേരുകളിലേക്ക് മാറുകയാണെന്നാണ് കുനാൽ പുരോഹിതിൻ്റെ പക്ഷം. ജൂനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ എന്നത് എഐ അസിസ്റ്റഡ് പ്രോഡക്ട് എൻജിനീയറും, സീനിയർ ഡവലപ്പർ സിസ്റ്റം ആൻഡ് ഏജന്റ് ആർക്കിടെക്ടുമായി മാറി. 

എൻജിനീയർമാർ സ്വന്തമായി കോഡ് എഴുതിയിരുന്ന കാലവും മാറി. വൈബ് കോഡിങ്' എന്ന എഐ അധിഷ്ഠിത രീതിയിലേക്ക് ലോകം മാറിക്കഴിഞ്ഞു. 2 മിനിറ്റിനുള്ളിൽ ഒരു വെബ്സൈറ്റ് വരെ നിർമ്മിക്കാവുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തി. ഇതോടെ കമ്പനികൾക്ക് സമയവും പണവും ലാഭിക്കാനായി. സങ്കീർണ്ണമായ കാര്യങ്ങൾ ഓട്ടമേറ്റ് ചെയ്യപ്പെടുന്നതോടെ കോഡിങ് കൂടുതൽ 'ഫൺ' ആയി മാറുകയാണ്. 

എഐ നൽകുന്ന സൗകര്യങ്ങൾക്കിടയിലും സ്ഥാപനങ്ങൾ പാലിക്കേണ്ട ചില നിബന്ധനകൾ കുനാൽ പുരോഹിത് മുന്നോട്ടുവെക്കുന്നുണ്ട്. വിശ്വാസ്യതയും സുരക്ഷയുമാണ് എഐ യുഗത്തിലെ പ്രധാന വെല്ലുവിളികൾ. അതിനാൽ തന്നെ ഓരോ കമ്പനിയും തങ്ങളുടെ ഐഡന്റിറ്റി സംരക്ഷിച്ചുകൊണ്ട് വേണം നിർമിത ബുദ്ധി ഉപയോഗിക്കാൻ. എഐക്ക് നൽകുന്ന വിവരങ്ങൾ എത്രത്തോളം സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. എഐ നൽകുന്ന ഔട്ട്പുട്ടുകളുടെ ക്വാളിറ്റി നിരന്തരം പരിശോധിക്കപ്പെടണം. 

വിദേശ സാങ്കേതികവിദ്യ പിന്തുടരുന്ന രീതിയിൽ നിന്ന് യഥാർഥ/തദ്ദേശീയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന രാജ്യമായി ഇന്ത്യ മാറുകയാണ്. 'സർവം എഐ' പോലുള്ള സംരംഭങ്ങൾ ഇന്ത്യൻ ഭാഷകളിൽ എഐ മോഡലുകൾ വികസിപ്പിക്കുന്നുണ്ട്. ഇന്ത്യൻ പ്രൊഫഷണലുകൾക്ക് പുതിയ കഴിവുകൾ ആർജ്ജിക്കാനുള്ള വലിയ അവസരമാണ് മുന്നിലുള്ളത്. ചുരുക്കത്തിൽ എഐ എന്നത് തൊഴിൽ വിപണിയെ തകർക്കുന്ന ഒന്നല്ല, മറിച്ച് ബിസിനസ്സുകളെ 'റീഡിസൈൻ' ചെയ്യാനും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനുമുള്ള ടൂൾ മാത്രമാണെന്നും കുനാൽ പുരോഹിത് ചൂണ്ടിക്കാട്ടുന്നു. 

ENGLISH SUMMARY:

AI in IT services is not the end of the IT service sector, but rather a transformation of human roles. This evolution is driven by AI-assisted methods, shifting traditional IT jobs into more responsible and advanced positions.