conductor-death

 ഡല്‍ഹി ചെങ്കോട്ടയ്ക്കടുത്തുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരില്‍ ഒരു ബസ് കണ്ടക്ടറും. സ്ഫോടനത്തില്‍ മരിച്ചവരുടെ പേരുകളടങ്ങിയ ലിസ്റ്റെടുത്ത് വായിക്കുന്നതിനിടെ ബന്ധുവാണ് കണ്ടക്ടര്‍ അശോക് കുമാറിന്റെ പേരുകണ്ട് ഞെട്ടിയത്. ഉത്തർപ്രദേശിലെ അമ്രോഹ സ്വദേശിയായ അശോക് എട്ട് പേരടങ്ങുന്ന കുടുംബത്തിലെ ഏക ആശ്രയം കൂടിയാണ്. ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ കണ്ടക്ടറായി ജോലി ചെയ്യുകയായിരുന്നു അശോക്.

പഴയ ഡല്‍ഹി റൂട്ടിലൂടെ സര്‍വീസ് നടത്തുന്ന ക്ലസ്റ്റര്‍ ബസിലെ കണ്ടക്ടറാണ് . സ്ഫോടനസമയത്ത് അശോക് ഡ്യൂട്ടിയിലാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും അദ്ദേഹം പതിവായി ബൈക്കില്‍ യാത്ര ചെയ്യുന്ന വഴിയാണിതെന്നും ബന്ധു എന്‍ഡിടിവിയോട് പറഞ്ഞു. അപകടസ്ഥലത്തുനിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ ജഗത്പൂരിൽ ഭാര്യയോടും നാല് മക്കളോടുമൊപ്പമാണ് അശോക് താമസിച്ചിരുന്നത്. മൂന്ന് പെണ്‍കുട്ടികളും ഒരു മകനുമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പകല്‍നേരത്ത് കണ്ടക്ടറായും രാത്രിയില്‍ സെക്യൂരിറ്റി ഗാര്‍ഡായും ജോലി ചെയ്താണ് മാതാപിതാക്കളേയും കുടുംബത്തേയും അദ്ദേഹം സംരക്ഷിച്ചുപോന്നതെന്നും ബന്ധു പപ്പു പറയുന്നു.

ഡല്‍ഹി സ്ഫോടനത്തില്‍ പരുക്കേറ്റവരെ ചികിത്സിക്കുന്ന എൽഎൻജെപി ആശുപത്രിക്ക് പുറത്തുനിന്നുള്ള കാഴ്ച അങ്ങേയറ്റം വേദനാജനകമാണ്. ബന്ധുക്കളേയും ഉറ്റവരേയും കാണാതായവര്‍ക്കായുള്ള തിരച്ചിലും കൂട്ടക്കരച്ചിലുമാണ് ഈ പ്രദേശത്തെല്ലാം നിറയുന്നത്. തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ ഒന്നിനു സമീപത്ത് സിഗ്നലിലൂടെ സാവധാനം നീങ്ങുകയായിരുന്ന ഹ്യുണ്ടായ് i20 കാർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് ഒമ്പത് പേർ മരിച്ചത്. വൈകുന്നേരം 6.52 നാണ് സ്ഫോടനം നടന്നത്. സമീപത്തുണ്ടായിരുന്ന വാഹനങ്ങൾക്കും നാശനഷ്ടങ്ങളുണ്ടായി. ഫോറൻസിക് തെളിവുകളുടേയും ഇന്റലിജൻസ് വിവരങ്ങളുടേയും അടിസ്ഥാനത്തില്‍ ഡൽഹി പോലീസ് യുഎപിഎ വകുപ്പുകൾ ചുമത്തി സ്ഫോടനം ഒരു ഭീകരാക്രമണമായി അന്വേഷിച്ചുവരികയാണ്.

തലസ്ഥാനത്ത് നിന്ന് 50 കിലോമീറ്റർ മാത്രം അകലെ ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ അതേ ദിവസമാണ് ഈ സ്ഫോടനവും നടന്നത്.

ENGLISH SUMMARY:

Delhi blast near Red Fort claimed lives, including a bus conductor. The explosion, investigated as a terrorist attack, has left families in grief and authorities searching for answers.