കനത്ത ട്രാഫിക് ബ്ലോക്ക് നേരിടുന്ന ബെംഗളൂരുവില്‍ ഓഫീസിലെത്താന്‍ സ്ത്രീകള്‍ ഉപയോഗിക്കുന്ന യാത്രാ മാര്‍ഗമാണ് റാപ്പിഡോ ബൈക്ക് ടാക്സി. സമയം ലാഭിക്കാനും ചെറിയ വഴികളിലൂടെ പോകുന്നതിനാൽ ബുദ്ധിമുട്ടുകളില്ലാതെ എളുപ്പത്തിലെത്താനും സഹായകമാണ് ഈ യാത്ര. രജിസ്റ്റര്‍ ചെയ്ത ഡ്രൈവര്‍മാരാണ് ഈ ബൈക്ക് റൈഡ് സര്‍വീസ് നടത്തുന്നത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്ന സംഭവം സ്ത്രീയാത്രക്കാരെ ആശങ്കയിലാക്കുന്നതാണ്.
റാപ്പിഡോ ബൈക്ക് യാത്രികന്‍ യാത്രക്കാരിയോട് മോശമായി പെരുമാറിയ സംഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യാത്രക്കിടെ യാത്രക്കാരിയുടെ തുടകളിലും കാലുകളിലും പലതവണ സ്പര്‍ശിച്ചെന്നാണ് യുവതി പരാതി നല്‍കിയത്. ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ കേട്ടില്ലെന്നും വീണ്ടും തന്‍റെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുകയായിരുന്നുവെന്നും യുവതി പരാതി നല്‍കി. ഈ ദുരനുഭവം യാത്രയിലുടനീളം ഇയാള്‍ തുടരുകയായിരുന്നു. യുവതി റൈഡറുടെ മോശം പെരുമാറ്റം ഫോണില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം.
യുവതിയുടെ പരാതിയില്‍ വിൽസൺ ഗാർഡൻ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ലോകേഷ് എന്ന റൈഡറുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. റാപ്പിഡോ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് തനിക്ക് തോന്നിയെന്നും, ഇത്തരം സംഭവങ്ങൾ ബൈക്ക് ടാക്സികൾ ഉപയോഗിക്കുന്ന വനിതാ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതായും യുവതി പറയുന്നു.