ഗുജറാത്തിലെ രാജ്കോട്ടിലുള്ള പ്രസവാശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തില്‍ പരിശോധനയ്ക്ക് വിധേയരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ അശ്ലീലവെബ്സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടതിനു കാരണം ദുര്‍ബലമായ പാസ്‍വേര്‍ഡ് എന്ന് റിപ്പോര്‍ട്ട്. തീര്‍ത്തും ജാഗ്രതയോടെ ശക്തമായ സുരക്ഷാപാസ്‍വേര്‍ഡ് ഉപയോഗിക്കേണ്ട സ്ഥാനത്ത് ആശുപത്രി ടെക്നിക്കല്‍ വിഭാഗം ഉപയോഗിച്ചത് ‘admin123’ എന്ന പാസ്‌വേര്‍ഡ്. ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ ഹാക്ക് ചെയ്യാവുന്ന പാസ്‌വേര്‍ഡ് ഉപയോഗിച്ചതാണ് ഈ ഗുരുതരമായ കുറ്റകൃത്യത്തിലേക്ക് വഴിവച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
കഴിഞ്ഞ ഫെബ്രുവരി മാസത്തിലായിരുന്നു ഈ വിവാദം പുറത്തുവന്നത്. രാജ്‌കോട്ടിലെ പായൽ മെറ്റേണിറ്റി ഹോമിൽ വസ്ത്രം മാറിക്കൊണ്ടിരുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ പ്രത്യക്ഷപ്പെടുകയും ടെലിഗ്രാം ഗ്രൂപ്പുകളിൽ വിൽപ്പനയ്ക്ക് വയ്ക്കുകയും ചെയ്തതോടെയായിരുന്നു സംഭവം പുറത്തുവന്നത്. സെർവർ ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് ആശുപത്രി അധികൃതർ അന്ന് പരാതിപ്പെട്ടിരുന്നു. സിസിടിവി സെര്‍വര്‍ ഹാക്ക് ചെയ്യപ്പെട്ട സംഭവത്തില്‍ അധികൃതര്‍ പൊലീസിനു പരാതി നല്‍കുകയും ചെയ്തു. ഹാക്കിങ്ങിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് സംശയിച്ച ചിലരെ വിവാദത്തിനു പിന്നാലെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും വിഡിയോകള്‍ ജൂണ്‍മാസം വരെ ടെലിഗ്രാം ഗ്രൂപ്പുകളില്‍ വില്‍പ്പനയ്ക്ക് ലഭ്യമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഈ പ്രസവാശുപത്രിയുടെ സിസിടിവി ഡാഷ്‌ബോർഡ് ഇന്ത്യയിലുടനീളം ഹാക്ക് ചെയ്യപ്പെട്ട 80 എണ്ണത്തിൽ ഒന്നുമാത്രമാണെന്ന് അന്വേഷണത്തിൽ വെളിപ്പെട്ടു. ഡൽഹി, പൂനെ, മുംബൈ, നാസിക്, സൂറത്ത്, അഹമ്മദാബാദ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളും ഹാക്ക് ചെയ്യപ്പെട്ടവയിൽ ഉൾപ്പെടുന്നു. 2024-ൽ ആശുപത്രി ദൃശ്യങ്ങളിലേക്ക് പൂര്‍ണമായും പ്രവേശിക്കാന്‍ ഹാക്കർമാർക്ക് സാധിച്ചു. ആശുപത്രികള്‍ കൂടാതെ സ്കൂളുകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, സിനിമാ ഹാളുകൾ, ഫാക്ടറികൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളും ഹാക്കര്‍മാര്‍ ശേഖരിച്ചു.
ആശുപത്രി ഉൾപ്പെടെ ഹാക്ക് ചെയ്യപ്പെട്ട മിക്ക സ്ഥലങ്ങളിലേയും സിസിടിവി ഡാഷ്‌ബോർഡിന്റെ പാസ്‌വേഡ് ‘admin123’ എന്നായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. സ്ഥാപനങ്ങളുടെ സെര്‍വറുകളിലേക്ക് പ്രവേശിക്കുന്നതിനായി ഹാക്കർമാർ ചില സ്ഥിരം വാക്കുകൾ, അക്കങ്ങൾ, ചിഹ്നങ്ങൾ എന്നിവ ഉപയോഗിച്ച് ഒരു ബ്രൂട്ട് ഫോഴ്സ് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് സംഘം പറയുന്നത്. പാസ്‌വേര്‍ഡിന്റെ ദുര്‍ബലത ഹാക്കര്‍മാര്‍ക്ക് ഉപകരിക്കുന്ന വിധത്തിലുള്ളവയായിരുന്നു. ശക്തമായ പാസ്‌വേഡുകളുടെ ആവശ്യകതയും സാധിക്കുന്ന അവസരങ്ങളില്‍ ടു-ഫാക്ടർ ഓതന്റിക്കേഷനും ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും ബോധ്യപ്പെടുത്തുന്ന സംഭവമാണിത്.