Image Credit: X
കൊറിക്കാന്‍ കുര്‍ക്കുറെ വാങ്ങാന്‍ അമ്മ 20 രൂപ തന്നില്ലെന്ന് പൊലീസില്‍ വിളിച്ച് പരാതി പറഞ്ഞ് എട്ടുവയസുകാരന്‍. മധ്യപ്രദേശിലെ സിങ്ഗ്രൗളിയിലാണ് സംഭവം. 20 രൂപ ചോദിച്ചതോടെ അമ്മയും സഹോദരിയും ചേര്‍ന്ന് തന്നെ കെട്ടിയിട്ട് അടിച്ചുവെന്നായിരുന്നു 112 ലേക്ക് വിളിച്ച് കുരുന്നിന്‍റ പരാതി. അമ്മ പൈസ തന്നില്ല, പകരം അടിച്ചുവെന്ന് പറഞ്ഞതിന് പിന്നാലെ കുട്ടി കരച്ചിലും തുടങ്ങി. ഫോണെടുത്ത പൊലീസുകാരന്‍ കരയേണ്ടെന്ന് ആശ്വസിപ്പിച്ചു. ഉടന്‍ സ്ഥലത്തെത്താമെന്നും കുട്ടിയെ സമാധാനിപ്പിച്ചു.
ഫോണ്‍ വച്ചതിന് പിന്നാലെ ലൊക്കേഷന്‍ നോക്കി സ്ഥലം കണ്ടുപിടിച്ച ഉമേഷ് വിശ്വകര്‍മയെന്ന പൊലീസുകാരന്‍ കുര്‍ക്കുറെയുമായി സ്ഥലത്തെത്തി. അമ്മയെയും കുട്ടിയെയും കണ്ടുപിടിച്ചു. കുട്ടിയെ ഇനി അടിക്കരുതെന്നും സമാധാനത്തില്‍ കാര്യം പറഞ്ഞ് മനസിലാക്കിയാല്‍ മതിയെന്നും നിര്‍ദേശവും നല്‍കി. കരഞ്ഞുനിലവിളിച്ച കുട്ടിക്ക് അഞ്ചാറ് പാക്കറ്റ് കുര്‍ക്കുറെ നല്‍കിയ ശേഷമാണ് പൊലീസ് മടങ്ങിയത്.
സംഭവത്തിന്‍റെ വിഡിയോ പൊലീസ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കാര്യം നിസാരമാണെങ്കിലും കുഞ്ഞിന്‍റെ കണ്ണീരൊപ്പിയ പൊലീസ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. കുട്ടിയുടെ പരാതിക്ക് പൊലീസിന്‍റെ മറുപടി ഏറെ ഹൃദ്യമാണെന്നും നേരില്‍ കാണാനെത്തിയത് നന്നായെന്നും ആളുകള്‍ കുറിക്കുന്നു.