കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അവഗണിച്ച് വിജയ്. വിജയ്‌യെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. താത്പര്യമില്ലെന്ന് വിജയ് മറുപടി നൽകി. കരൂർ ദുരന്തത്തിന് പിന്നാലെയാണ് അമിത് ഷാ വിജയ് യെ ബന്ധപ്പെടാൻ ശ്രമിച്ചതെന്നാണ് സൂചന. ദുരന്തത്തിന്റെ പിറ്റേന്ന് അമിത് ഷായുടെ ഓഫീസ് ബന്ധപ്പെട്ടു. വിജയ്‌യുടെ അച്ഛൻ ചന്ദ്രശേഖറും സിനിമാമേഖലയിലെ ചിലരും വഴിയാണ് ബന്ധപ്പെട്ടത്. ഇരുവരും തമ്മിൽ ഫോൺ സംഭാഷണത്തിന് വഴിയൊരുക്കാൻ ആവശ്യപ്പെട്ടു. ടിവികെയുടെ മുതിർന്ന നേതാക്കളുമായി ബന്ധപ്പെട്ടു. എന്നാൽ അമിത് ഷായോട് സംസാരിക്കാൻ താല്പര്യമില്ലെന്ന് വിജയ് പ്രതികരിച്ചു.
അതേ സമയം അമിത് ഷായെ അവഗണിച്ച വിജയ് രാഹുൽ ഗാന്ധിയുമായി സംസാരിച്ചു. നേരത്തെ രാഹുൽ ഗാന്ധിയെ ഡൽഹിയിൽ അറസ്റ്റ് ചെയ്ത വേളയിൽ അറസ്റ്റിനെതിരെ വിജയ് പ്രസ്താവന ഇറക്കിയിരുന്നു. വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് വർഷങ്ങൾക്ക് മുൻപ് രാഹുൽ നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഫോൺ വിളിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
അതേ സമയം കരൂർ സംഭവത്തിൽ വിശദീകരണവുമായി വിജയ് രംഗത്തെത്തി. ജീവിതത്തിൽ ഇത്രയും വേദന അനുഭവിച്ച സന്ദർഭം ഉണ്ടായിട്ടില്ലെന്ന് വിജയ് എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. കരൂർ ദുരന്തത്തിന് ശേഷം ഇതാദ്യമായാണ് വിജയ് വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.കരൂർ ദുരന്തത്തിൽ വേദന മാത്രമേ ഉള്ളുവെന്ന് വിജയ് പറഞ്ഞു.