അണ്ണാ ഡിഎംകെയിൽ നിന്ന് പുറത്താക്കിയ മുൻ മന്ത്രി കെ.എ.സെങ്കോട്ടയ്യൻ വിജയ്‌യുടെ ടിവികെയില്‍. പനയൂരിലെ പാർട്ടി ആസ്ഥാനത്തെത്തി അംഗത്വമെടുത്തു. വിജയ് തന്നെയാണ് അംഗത്വം നല്‍കിയത്. സെങ്കോട്ടയ്യനെ സ്വാഗതം ചെയ്തുകൊണ്ടുള്ള വിഡിയോയും വിജയ് പങ്കുവച്ചിട്ടുണ്ട്. സെങ്കോട്ടയ്യന്റെ 50 വർഷം നീണ്ട രാഷ്ട്രീയ അനുഭവ സമ്പത്ത് ടിവികെയ്ക്ക് മുതൽ കൂട്ടാകുമെന്നും വിജയ് പറഞ്ഞു.
എംജിആറിനും ജയലളിതയ്ക്കും ഒപ്പം പ്രവർത്തിച്ച നേതാവ് കൂടിയാണ് സെങ്കോട്ടയ്യൻ. ജനറൽ സെക്രട്ടറി എൻ.ആനന്ദ് ഒഴികെ വലിയ രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടുന്ന ആരും തന്നെ നിലവിൽ ടിവികെയുടെ തലപ്പത്ത് ഇല്ല. അങ്ങിനെയിരിക്കെ ടിവികെയില്‍ ചേരുന്ന ആദ്യത്തെ പ്രധാന നേതാവ് കൂടിയാണ് അദ്ദേഹം. സെങ്കോട്ടയ്യൻ ടിവികെയില്‍ എത്തുന്നത് പാർട്ടിയുടെ കരുത്ത് കൂട്ടും. തമിഴ്നാട്ടിലെ കൊങ്കുനാട് മേഖലയിൽ ശക്തമായ സ്വാധീനമാണ് അദ്ദേഹത്തിനുള്ളത്. ഇവിടെ വോട്ടുകൾ നേടുന്നതിന് സെങ്കോട്ടയ്യന്റെ നേതൃത്വം സഹായകരമാകും എന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.