നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തില്‍ പ്രതികരണവുമായി മക്കൾ നീതി മയ്യം അധ്യക്ഷനും എംപിയുമായ കമൽ ഹാസൻ. വിജയ്ക്ക് ഉപദേശം കൊടുക്കാന്‍ കഴിയുന്ന സാഹചര്യത്തിലല്ല താനെന്ന് കമല്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ അനുഭവമാണ് ഗുരുവാകേണ്ടതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. മനോരമ ഹോര്‍ത്തൂസ് വേദിയിലാണ് കമലിന്‍റെ പ്രതികരണം. ആരെയും തിരുത്താറില്ല, സ്വയം തിരുത്താന്‍ ശ്രമിക്കും. ഞാന്‍ മിണ്ടിക്കൊണ്ടേയിരിക്കും എന്ന് കമല്‍ഹാസന്‍ പറഞ്ഞു. ഉലകനായകന്‍ എന്ന് വിളിക്കേണ്ടെന്നും കമല്‍ പറഞ്ഞു. ലോകത്തിന്‍റെ വലിപ്പം എനിക്കറിയാം അതിന്‍റെ നായകനെന്ന് വിളിക്കുമ്പോള്‍ നാണം വേണ്ടേ? എന്നും അദ്ദേഹം ചോദിച്ചു.
ആൾക്കൂട്ടങ്ങൾ വോട്ടായി മാറില്ലെന്ന് അടുത്തിടെ കമല്‍ പറഞ്ഞിരുന്നു. വിജയ്‌യുടെ പര്യടനത്തിനെത്തുന്ന ആൾക്കൂട്ടത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു കമലിന്‍റെ മറുപടി. താനടക്കമുള്ള എല്ലാ നേതാക്കൾക്കും ബാധകമായ കാര്യമാണിത്. ആളുകൾ ഒത്തുകൂടുന്നതു കൊണ്ടു വിജയിച്ചു എന്നല്ല അർഥം. നല്ല പാതയിലൂടെ ധൈര്യമായി മുന്നോട്ടു പോകണം. ജനങ്ങൾക്കായി പ്രവൃത്തിക്കണമെന്നും കമല്‍ പറഞ്ഞു.