AI Generated Image
നവരാത്രി ഉത്സവകാലത്ത് മധ്യപ്രദേശിലെ മൈഹാറിലും ഉമാരിയയിലും മാംസം, മുട്ട, മത്സ്യം എന്നിവയുടെ വിൽപ്പന താല്‍ക്കാലികമായി നിരോധിച്ച് ജില്ലാ ഭരണകൂടം . മധ്യപ്രദേശ് സർക്കാർ മത നഗരമായി പ്രഖ്യാപിച്ച മൈഹാറിലാണ് പ്രശസ്തമായ മാ ശാരദാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
നവരാത്രി കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് ഭക്തർ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മാംസാഹാര വിൽപ്പന നിരോധിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.സെപ്റ്റംബർ 20നായിരുന്നു ഇങ്ങനെയൊരു ഉത്തരവിറക്കിയത്.
വിവിധ സമുദായങ്ങളിലെ അംഗങ്ങളുമായി ചര്‍ച്ച നടത്തിയശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് ഉമറിയ എസ്ഡിഎം കംലേഷ് നീരജ് പറഞ്ഞു. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെയായിരിക്കും മാംസം, മത്സ്യം, മുട്ട എന്നിവയുടെ വിൽപ്പന ഭരണകൂടം നിരോധിക്കുന്നത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023 ലെ സെക്ഷൻ 163 പ്രകാരമാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ ബിഎൻഎസ്എസ് സെക്ഷൻ 233 പ്രകാരം കേസെടുക്കാനാണ് സാധ്യത. ഇത് ആറ് മാസം തടവും 2,500 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
മൈഹാറില്‍ ആദ്യമായല്ല മാംസാഹരങ്ങള്‍ നിരോധിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ മാ ഷാര്‍ദാ ദേവി ക്ഷേത്രത്തിലെ ഛൈത്ര നവരാത്രി ഉത്സവത്തിന് ഭക്തര്‍ കൂടുതലായി എത്തുന്നുവെന്ന് പറഞ്ഞ് ഇത്തരത്തില്‍ മാംസാഹാരങ്ങള്‍ക്ക് അധികാരികള്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു. മധ്യപ്രദേശിലെ മറ്റ് ജില്ലകളായ ഭോപ്പാൽ, ഇൻഡോർ എന്നിവിടങ്ങളിലും രാമനവമി, മഹാവീർ ജയന്തി, ബുദ്ധ പൂർണിമ തുടങ്ങിയ മതപരമായ ഉത്സവങ്ങളിൽ ഇറച്ചിക്കടകൾ അടച്ചിടാൻ മുമ്പ് ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.