AI Generating Image

TOPICS COVERED

ട്രെയിന്‍ യാത്രയിലെ സ്ത്രീകളുടെ സുരക്ഷിതത്വം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ വനിതാ റിസർവേഷനുകളുളള കംപാർട്ട്‌മെന്റുകൾ, സിസിടിവി നിരീക്ഷണം, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ (ആർപിഎഫ്) നിരീക്ഷണം, ഹെൽപ്പ്‌ലൈൻ നമ്പറുകൾ തുടങ്ങി ഒട്ടനവധി സേവനങ്ങളും റെയില്‍വേ ഒരുക്കിയിട്ടുണ്ട്. അപ്പോഴും സ്ത്രീകള്‍ സുരക്ഷിതരല്ലെന്നു വ്യക്തമാകുന്ന ഒരു അനുഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ട്രെയിന്‍ യാത്രക്കിടെ ഉണ്ടായ ദുരനുഭവം ഒരു യുവതി റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. യാത്രക്കിടെ തന്റെ ടിക്കറ്റ് പരിശോധിച്ച ഉദ്യോഗസ്ഥനെക്കുറിച്ചാണ് കുറിപ്പ്. ടിക്കറ്റ് പരിശോധന കഴിഞ്ഞ് അല്‍പസമയം കഴിഞ്ഞ് താന്‍ മൊബൈല്‍ നോക്കിയപ്പോള്‍ ഞെട്ടിപ്പോയെന്നാണ് യുവതി പറയുന്നത്. അതേ ഉദ്യോഗസ്ഥന്‍ യുവതിക്ക് ഇന്‍സ്റ്റഗ്രാമില്‍ റിക്വസ്റ്റ് അയച്ചിരിക്കുന്നു. 

റിസർവേഷൻ ചാർട്ടിൽ നിന്നാണ് ഉദ്യോഗസ്ഥന് തന്റെ പേരും മ​റ്റു വിവരങ്ങളും ലഭിച്ചത്. യാത്രക്കാർ ടിക്കറ്റെടുക്കുമ്പോള്‍ നൽകുന്ന സ്വകാര്യ വിവരങ്ങൾ ഇങ്ങനെയും ഉപയോഗിക്കാനാകുമോ? എന്നാണ് യുവതി പോസ്റ്റിലൂടെ ചോദിക്കുന്നത്. യുവതിയുടെ കുറിപ്പ് വൈറലായതോടെ പലരും ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട ആകുലതകൾ പങ്കുവയ്ക്കാൻ ആരംഭിച്ചു. പരാതി നൽകണമെന്നും  ടിക്കറ്റ് പരിശോധനക്കെത്തുന്നവരുമായി ഇടപെഴകുമ്പോള്‍ ജാഗ്രത വേണമെന്നും പലരും പറയുന്നു. 

അതേസമയം തന്നെ ടിടിഇമാരില്‍ നിന്നുണ്ടായ മോശം അനുഭവങ്ങളും ചിലര്‍ പങ്കുവച്ചു. ഒരു ടിടിഇ ടിക്കറ്റ് പരിശോധിച്ചതിനു പിന്നാലെ തന്റെ കൂടെ വരാന്‍ ആവശ്യപ്പെട്ടെന്നും നമ്പർ നൽകാനും സൗഹൃദത്തിലാകാനും പ്രേരിപ്പിച്ചെന്നും ഒരു യുവതി പറയുന്നു.

ENGLISH SUMMARY:

Train travel safety is paramount, especially for women. The incident highlights privacy concerns and the potential misuse of passenger information by railway staff, emphasizing the need for enhanced security measures.