ഒരു സ്ത്രീക്ക് തന്റെ ഭർത്താവിന്റെ കാമുകിക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കാമെന്ന് ഡൽഹി ഹൈക്കോടതി. ഭാര്യയുടെ അപേക്ഷയിൽ മൂന്നാം കക്ഷിക്ക് കോടതി സമൻസും അയച്ചു. അകന്നു കഴിയുന്ന ഭാര്യക്ക് ഭർത്താവിന്റെ സ്നേഹത്തിന് അവകാശമുണ്ടെന്നും, എന്നാൽ കാമുകി കാരണം അത് ഇല്ലാതായെന്നും ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം തേടിയുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ദാമ്പത്യ തർക്കത്തില്‍, കാമുകിക്കെതിരായ സിവില്‍ എന്‍ക്വയറി പ്രാഥമികമായി നിലനിൽക്കുന്നുണ്ടെന്നും, ഇത് കുടുംബ കോടതികളുടെ പ്രത്യേക അധികാരപരിധിയിൽ നിന്ന് വ്യത്യസ്തമാണെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി കാമുകിയുടെ നിലപാട് തേടി.
"ഹിന്ദു വിവാഹ നിയമമോ മറ്റ് ഏതെങ്കിലും വിവാഹ നിയമങ്ങളോ പ്രകാരം, ഭാര്യയും ഭര്‍ത്താവുമല്ലാതെ കേസിലെ മൂന്നാം കക്ഷിക്കെതിരെ കുടുംബകോടതിക്ക് ഒന്നും ചെയ്യാനാവില്ല. അത്തരമൊരു സാഹചര്യത്തില്‍ മൂന്നാം കക്ഷിക്കെതിരെ നഷ്ടപരിഹാരം തേടിയുള്ള സിവിൽ നടപടി സിവിൽ കോടതിയിൽ തുടരാം". ജസ്റ്റിസ് പുരുഷൈന്ദ്ര കുമാർ കൗരവ് നിരീക്ഷിച്ചു. ഹർജിയെ എതിർത്തുകൊണ്ട്, ഭർത്താവും കാമുകിയും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു.