Image Credit: X/pawanks, AI
വൈകുന്നേരം വീട്ടിലെത്തുമ്പോള്‍ സമോസയുമായി വരണമെന്ന് ഭാര്യ പറഞ്ഞത് ഭര്‍ത്താവ് മറന്നു പോയതിനെ തുടര്‍ന്നുണ്ടായ വഴക്ക് കൂട്ടത്തല്ലില്‍ കലാശിച്ചു. വന്‍ കുടുംബ വഴക്കായി മാറിയ സമോസ തല്ലില്‍ നിരവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ ഓഗസ്റ്റ് 30നാണ് 'സമോസത്തല്ലു'ണ്ടായത്.
അനന്ത്പുര്‍ സ്വദേശിയായ ശിവം കുമാറിനോട് ഭാര്യ സംഗീത വൈകുന്നേരത്തെ കാപ്പിക്ക് സമോസ വാങ്ങി വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. സമോസയുടെ കാര്യമേ മറന്ന് കയ്യും വീശി ശിവം വീട്ടിലെത്തി. ഇതോടെ സംഗീതയ്ക്ക് സങ്കടമായി. അത്താഴം ഉപേക്ഷിച്ചു ഇത് വഴക്കായി. പിറ്റേന്ന് രാവിലെയായതോടെ സംഗീത തന്‍റെ മാതാപിതാക്കളെ വിളിച്ച് വിവരം പറഞ്ഞു. ഇതോടെ സംഗീതയുടെ മാതാപിതാക്കളും ബന്ധുക്കളും രാവിലെ തന്നെ ഇവരുടെ വീട്ടിലേക്ക് എത്തി. കുടുംബക്കാര്‍ എത്തി സംസാരിക്കാന്‍ തുടങ്ങിയതിന് പിന്നാലെ സംഗീത ആദ്യം ശിവത്തെ തല്ലി. പിന്നാലെ സംഗീതയുടെ അമ്മയും അച്ഛനും അമ്മാവനുമെന്നിങ്ങനെ വീട്ടിലെത്തിയവരെല്ലാം ശിവത്തെ തലങ്ങും വിലങ്ങും തല്ലിച്ചതച്ചു. ഇടയ്ക്ക് കയറാന്‍ വന്ന ശിവത്തിന്‍റെ കുടുംബാംഗങ്ങള്‍ക്ക് നേരെയും അക്രമം ഉണ്ടായി.
കൂട്ടത്തല്ല് മൂര്‍ച്ഛിച്ചതോടെ ഇരുഭാഗത്തുള്ളവര്‍ക്കും പരുക്കേറ്റു. ശിവത്തിന്‍റെ അമ്മ നല്‍കിയ പരാതിയില്‍ സംഗീതയ്ക്കും മാതാപിതാക്കള്‍ക്കുമെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ശിവത്തിന്‍റെയും പിതാവ് വിജയ്യുടെയും മുഖത്തടക്കം ഇടിയേറ്റ പാടുകളുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പിലിഭിത്ത് എസ്എസ്പി അഭിഷേക് യാദവ് അറിയിച്ചു. സംഗീതയ്ക്കും വീട്ടുകാര്‍ക്കുമെതിരെ കൊലപാതക ശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. മേയ് 22നായിരുന്നു ശിവവും സംഗീതയുമായുള്ള വിവാഹം. ന്യായീകരിക്കാന്‍ കഴിയാത്ത അക്രമമാണ് സംഗീതയും കുടുംബവും നടത്തിയതെന്നും തക്ക ശിക്ഷ നല്‍കണമെന്നുമാണ് ശിവത്തിന്‍റെ കുടുംബത്തിന്‍റെ ആവശ്യം.