Image Credit:X/ Aniltiwari

ഷാഹിദ് കപൂറും കരീനയും തകര്‍ത്തഭിനയിച്ച ജബ് വീ മെറ്റ് എന്ന ബോളിവുഡ് സിനിമയ്ക്ക് 18 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു 'റീമെയ്ക്ക്'. മധ്യപ്രദേശിലാണ് സംഭവം. കാമുകനൊപ്പം ജീവിക്കാന്‍ വീടുവിട്ടിറങ്ങിയ യുവതി ഒടുവില്‍ മറ്റൊരാളെ വിവാഹം കഴിച്ചതാണ് വാര്‍ത്ത. ശ്രദ്ധ തിവാരിയെന്ന യുവതിയാണ് കാമുകനായ സാര്‍ഥകിനൊപ്പം ജീവിക്കാന്‍ ലക്ഷ്യമിട്ട് ഓഗസ്റ്റ് 23ന് വീട്ടില്‍ നിന്നിറങ്ങിപ്പോയത്. 

റെയില്‍വേ സ്റ്റേഷനിലെത്തി കാത്തു നിന്നിട്ടും കാമുകന്‍ എത്തിയില്ല. വിളിച്ചിട്ട് ഫോണും എടുത്തില്ല. നേരമേറെ ആയിട്ടും കാണാതായതോടെ തകര്‍ന്ന ഹൃദയവുമായി ശ്രദ്ധ ട്രെയിനില്‍ കയറി. പ്രത്യേകിച്ച് ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ല. ട്രെയിന്‍ രത്​ലം റെയില്‍വേ സ്റ്റേഷനിലെത്തി. ഇതേ റെയില്‍വേ സ്റ്റേഷന്‍ തന്നെയാണ് ജബ് വീ മെറ്റ് സിനിമയിലും കാണിക്കുന്നത്. റെയില്‍വേ സ്റ്റേഷനില്‍ ഒറ്റയ്ക്കിരിക്കുന്ന ശ്രദ്ധയെ കണ്ടതും ഇന്‍ഡോറില്‍ ശ്രദ്ധയുടെ കോളജില്‍ ഇലക്ട്രീഷ്യനായിരുന്ന കരണ്‍ദീപ് ഓടിയെത്തി. എന്താണിവിടെ ഇരിക്കുന്നതെന്ന് ചോദിച്ചതും ശ്രദ്ധ നടന്ന കഥ മുഴുവന്‍ പറഞ്ഞു. ഇനിയൊന്നും നോക്കേണ്ട, മാതാപിതാക്കളെ വിളിച്ച് വീട്ടിലേക്ക് മടങ്ങൂവെന്നായിരുന്നു കരണിന്‍റെ ഉപദേശം. 

എന്നാല്‍ വിവാഹം കഴിക്കാനാണ് താന്‍ വീടുവിട്ടിറങ്ങിയതെന്നും വിവാഹിതയാകാതെ തിരിച്ചെത്തിയാല്‍ ജീവിക്കാന്‍ കഴിയില്ലെന്നും ശ്രദ്ധ നിലപാടെടുത്തു. പല തവണ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ കരണ്‍ ശ്രദ്ധയോട് വിവാഹാഭ്യര്‍ഥന നടത്തി. ശ്രദ്ധയും ഹാപ്പി. തുടര്‍ന്ന് ഇരുവരും മഹേശ്വര്‍–മണ്ഡലേശ്വറിലെത്തി താലി കെട്ടി. ഇവിടെ നിന്നും തിരികെ മാന്‍ഡസറിലേക്കും പോയി.

ഇതിനിടെ മകളെ കാണാനില്ലെന്നും വിവരം നല്‍കുന്നവര്‍ക്ക് അരലക്ഷം രൂപ പാരിതോഷികം നല്‍കാമെന്നും പ്രഖ്യാപിച്ച് ശ്രദ്ധയുടെ പിതാവ് അനില്‍ തിവാരി നാട്ടിലെങ്ങും അന്വേഷണം നടത്തി. താന്‍ മകളെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രവും വീടിന്‍റെ മതിലിലെല്ലാം ഒട്ടിച്ചു. വ്യാഴാഴ്ച ശ്രദ്ധ വീട്ടിലേക്ക് വിളിച്ച് താന്‍ സുരക്ഷിതയാണെന്നും മന്‍ഡസറിലുണ്ടെന്നും വിവരമറിയിച്ചു. ഇതോടെ വീട്ടുകാര്‍ക്ക് സമാധാനമായി. രാത്രി അവിടെ ഹോട്ടലില്‍ തങ്ങിയിട്ട് രാവിലെ വീട്ടിലേക്ക് വരാനായിരുന്നു പിതാവിന്‍റെ നിര്‍ദേശം. എന്നാല്‍ ഹോട്ടലുകാര്‍ ദമ്പതികള്‍ക്ക് റൂം നല്‍കാന്‍ വിസമ്മതിച്ചതോടെ നാട്ടിലേക്ക് എത്താനുള്ള ട്രെയിന്‍ ടിക്കറ്റിനുള്ള പണവും പിതാവ് അയച്ചു നല്‍കി. തിരികെ എത്തിയ ഇരുവരും പൊലീസ്  സ്റ്റേഷനിലെത്തി തങ്ങള്‍ വിവാഹിതരായെന്നും ഒന്നിച്ച് കഴിയാനാണ് താല്‍പര്യമെന്നും അറിയിച്ചു. മകള്‍  സുരക്ഷിതയായി മടങ്ങിയെത്തിയതില്‍ സന്തുഷ്ടനാണെന്നും പത്തു ദിവസം ഇരുവരും പിരിഞ്ഞ് കഴിഞ്ഞ ശേഷവും തന്‍റെ മകള്‍ക്ക് കരണിനോടുള്ള ഇഷ്ടം നിലനില്‍ക്കുകയാണെങ്കില്‍ ബന്ധം താന്‍ അംഗീകരിക്കാമെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. 

ENGLISH SUMMARY:

Jab We Met remake unfolds in real life. A woman who eloped to marry her lover ended up marrying someone else at a railway station, mirroring the Bollywood film's plot.