ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ച് ഡല്‍ഹിയില്‍ നിന്നുള്ള മറ്റൊരു യുവതിയെ രഹസ്യമായി വിവാഹം കഴിക്കാന്‍ ശ്രമിക്കുന്നതായി, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നീതിക്കായി അപേക്ഷിച്ച് പാക് യുവതി. നികിത നാഗ്ദേവ് എന്ന യുവതിയാണ് നരേന്ദ്ര മോദിയിൽ നിന്ന് നീതി തേടി സോഷ്യല്‍ മീഡിയയില്‍ വിഡിയോയിലൂടെ പരാതി പങ്കുവച്ചത്. ഇരു രാജ്യങ്ങളിലും സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായിട്ടുണ്ട്.
2020 ജനുവരി 26നാണ് ദീർഘകാല വീസയിൽ ഇൻഡോറിൽ താമസിക്കുന്ന പാകിസ്താൻ വംശജനായ വിക്രം നാഗ്ദേവിനെ വിവാഹം കഴിച്ചതെന്ന് യുവതി പറയുന്നു. ഹൈന്ദവാചാരപ്രകാരം കറാച്ചിയില്‍ വച്ചായിരുന്നു വിവാഹം. പിന്നാലെ ഒരു മാസത്തിന് ശേഷം ഫെബ്രുവരി 26 ന് വിക്രം നികിതയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. എന്നാൽ മാസങ്ങൾക്കുള്ളിൽ തന്റെ ജീവിതം കീഴ്മേൽ മറിഞ്ഞുവെന്ന് നികിത പറയുന്നു. കോവിഡ്-19 ലോക്ക്ഡൗൺ സമയത്ത് തന്നെ തിരിച്ചയച്ചതായും പിന്നീട് തിരികെ വരാന്‍ അനുവദിച്ചിട്ടില്ലെന്നുമാണ് യുവതിയുടെ പരാതി.
2020 ജൂലൈ 9 ന് വീസ സാങ്കേതികയുടെ പേരില്‍ തന്നെ അട്ടാരി അതിർത്തിയിൽ ഉപേക്ഷിക്കുകയും തുടര്‍ന്ന് ബലമായി പാകിസ്ഥാനിലേക്ക് തിരിച്ചയയ്ക്കുകയും അതിനുശേഷം, വിക്രം ഒരിക്കല്‍ പോലും തന്നെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചിട്ടില്ലെന്നും നികിത പറഞ്ഞു. കറാച്ചിയിൽ തിരിച്ചെത്തിയപ്പോളാണ് വിക്രം ഒരു ഡൽഹിക്കാരിയുമായി രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുകയാണെന്ന് നികിത കണ്ടെത്തിയത്. നിയമപരമായി വിവാഹിതനായിരിക്കെയായിരുന്നു ഈ രണ്ടാം വിവാഹത്തിനുള്ള ശ്രമം. തുടര്‍ന്ന് നികിത 2025 ജനുവരി 27 ന് നികിത രേഖാമൂലം പരാതി നല്‍കുകയും ചെയ്തു.
മധ്യപ്രദേശ് ഹൈക്കോടതി അധികാരപ്പെടുത്തിയ സിന്ധി പഞ്ച് മീഡിയേഷൻ ആൻഡ് ലീഗൽ കൗൺസൽ സെന്ററിന് മുന്നിലാണ് കേസ് എത്തിയത്. തുടര്‍ന്ന് വിക്രമിനും വിക്രമിന്‍റെ പ്രതിശ്രുതവധുവിനും നോട്ടിസയച്ചു. എന്നാല്‍ മധ്യസ്ഥത പരാജയപ്പെടുകയായിരുന്നു. ഇരുവരും ഇന്ത്യൻ പൗരന്മാരല്ലാത്തതിനാൽ വിഷയം പാകിസ്ഥാന്റെ അധികാരപരിധിയിൽ വരുമെന്നായിരുന്നു 2025 ഏപ്രിൽ 30 ല്‍ സമര്‍പ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. തുടര്‍ന്ന് വിക്രമിനെ പാകിസ്ഥാനിലേക്ക് നാടുകടത്താനാണ് അന്വേഷണ സംഘം ശുപാര്‍ശ ചെയ്തത്. 2025 മെയില്‍ നികിത ഇൻഡോർ സോഷ്യൽ പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഇതേമറുപടിയാണ് ലഭിച്ചത്. തുടര്‍ന്നാണ് വിഡിയോയില്‍ പ്രധാനമന്ത്രിക്ക് അപേക്ഷയുമായി നികിത രംഗത്തെത്തിയത്.
‘എന്നെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുപോകാന്‍ ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചുകൊണ്ടിരുന്നു. പക്ഷേ തുടര്‍ച്ചയായി നിരസിക്കുകയായിരുന്നു. ഇന്ന് നീതി ലഭിച്ചില്ലെങ്കിൽ സ്ത്രീകൾക്ക് നീതിയിലുള്ള വിശ്വാസം നഷ്ടപ്പെടും. പല പെൺകുട്ടികളും അവരുടെ ഭര്‍ത്താവിന്‍റെ വീടുകളിൽ ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിടുന്നുണ്ട്. എല്ലാവരും എന്നോടൊപ്പം നിൽക്കണമെന്നാണ് ഞാൻ അഭ്യർത്ഥിക്കുന്നത്’ പുറത്തുവിട്ട വിഡിയോയില്‍ നികിത പറയുന്നു.
വിവാഹത്തിനു തൊട്ടുപിന്നാലെ തനിക്കു നേരിട്ട പീഡനങ്ങളെക്കുറിച്ചും നികിത വിഡിയോയില്‍ പറയുന്നുണ്ട്. ‘ഞാൻ പാകിസ്ഥാനിൽ നിന്ന് ഭര്‍ത്താവിന്‍റെ വീട്ടിലെത്തിയപ്പോള്‍ അവരുടെ പെരുമാറ്റം പൂർണ്ണമായും മാറി. എന്റെ ഭർത്താവിന് മറ്റൊരു ബന്ധുവുമായി ബന്ധമുണ്ടെന്ന് ഞാൻ മനസ്സിലാക്കി. ഞാന്‍ അദ്ദേഹത്തിന്‍റെ അച്ഛനോട് പറഞ്ഞപ്പോള്‍ ആൺകുട്ടികൾക്ക് അവിഹിത ബന്ധങ്ങളുണ്ടാകും അതിനിപ്പോള്‍ ഒന്നും ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞതായി നികിത പറഞ്ഞു.