കരളിന്‍റെ കരളായ ഭര്‍ത്താവിന് കരളിന്‍റെ പാതി പകുത്തുനല്‍കിയതിനു പിന്നാലെ രണ്ടുപേരും മരിച്ചു. മഹാരാഷ്ട്രയിലാണ് സംഭവം. ദമ്പതികളുടെ മരണത്തിനു പിന്നാലെ പൂനെയിലെ സ്വകാര്യ ആശുപത്രിക്ക് നോട്ടിസ് അയച്ചതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. കൂടാതെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൈമാറാനും ആശുപത്രിയോട് ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 15നായിരുന്നു ബാപ്പു കോംകറൂടേയും ഭാര്യ കാമിനിയുടേയും ശസ്ത്രക്രിയ നടത്തിയത്. കരള്‍മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ബാപ്പു കോംകറുടെ നില വഷളാവുകയും ഓഗസ്റ്റ് 17-ന് അദ്ദേഹം മരിക്കുകയും ചെയ്തു. കാമിനി ഓഗസ്റ്റ് 21-ന് അണുബാധ വന്ന് നില ഗുരുതരമായതിനെത്തുടര്‍ന്നാണ് മരിച്ചത്. സഹ്യാദ്രി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്.
‘ആശുപത്രിക്ക് നോട്ടീസ് നൽകുകയും സ്വീകർത്താവിന്റെയും ദാതാവിന്റെയും വിവരങ്ങൾ, അവരുടെ വീഡിയോ റെക്കോർഡിംഗുകൾ, ചികിത്സാ രീതി എന്നിവ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് മുമ്പായി എല്ലാ വിവരങ്ങളും നൽകാൻ ആശുപത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്’–ആരോഗ്യ സേവന വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. നാഗ്നാഥ് യെംപല്ലെ അറിയിച്ചു.
സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് ഇവരുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തി. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. അതേസമയം ശസ്ത്രക്രിയ സാധാരണ മെഡിക്കൽ പ്രോട്ടോക്കോളുകൾ എല്ലാം അനുസരിച്ചാണ് നടത്തിയതെന്ന് ആശുപത്രി പ്രസ്താവിച്ചു. ബാപ്പു കോംകർ നിരവധി സങ്കീർണ്ണതകളുള്ള ഉയർന്ന അപകടസാധ്യതയുള്ള രോഗിയായിരുന്നുവെന്നും ആശുപത്രി വ്യക്തമാക്കി.
ശസ്ത്രക്രിയയുടെ അപകടസാധ്യതകളെക്കുറിച്ച് കുടുംബാംഗങ്ങളെയും ദാതാവിനെയും മുൻകൂട്ടി പൂർണ്ണമായി ധരിപ്പിച്ചിരുന്നു എന്നും ആശുപത്രി അറിയിച്ചു. നിർഭാഗ്യവശാൽ, മാറ്റിവെക്കലിന് ശേഷം സ്വീകർത്താവിന് കാർഡിയോജെനിക് ഷോക്ക് സംഭവിച്ചാണ് മരണമെന്നും അധികൃതര്‍ പറയുന്നു.
കാമിനിക്ക് ആദ്യം പ്രശ്നങ്ങളില്ലായിരുന്നുവെന്നും പിന്നീട് സെപ്റ്റിക് ഷോക്കും മൾട്ടി-ഓർഗൻ ഡിസ്ഫംഗ്ഷനും ഉണ്ടായതിനാല്‍ ചികിത്സ ഫലപ്രദമായില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.