ചത്ത പാമ്പുകളെ പോലും വിശ്വസിക്കേണ്ടെന്നാണ് പുതിയ പഠനങ്ങള്‍ . അസമിലെ ഒരു സംഘം ജിയോളജിസ്റ്റുകളും ആരോഗ്യ വിദഗ്ധരും നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. മൂര്‍ഖനും, രാജവെമ്പാലകളും വെള്ളിക്കെട്ടന്‍, ശംഖുവരയന്‍ എന്നീ പേരുകളിലറിയപ്പെടുന്നയിനം പാമ്പുകളും ചത്തതിനു ശേഷവും കടിച്ച് വിഷബാധയേറ്റ കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യാനാന്തര പ്രസിദ്ധീകരണമായ ‘ഫ്രോണ്ടിയേഴ്സ് ഇൻ ട്രോപ്പിക്കൽ ഡിസീസിന്‍റെ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍ ഉള്ളത്. ചത്തതോ, തലയറുത്തതോ ആയ റാറ്റിൽസ്നേക്കുകൾ, കോപ്പർഹെഡുകൾ, സ്പിറ്റിംഗ് കോബ്രകൾ, ഓസ്ട്രേലിയൻ റെഡ്-ബെല്ലിഡ് ബ്ലാക്ക് സ്നേക്കുകൾ പോലുള്ളവയും ഇന്ത്യയിലെ രാജവെമ്പാല, ശംഖുവരയന്‍ എന്നീ പാമ്പുകൾക്കും ചത്ത ശേഷവും വിഷം കുത്തിവെച്ച് മനുഷ്യരെയും മറ്റ് മൃഗങ്ങളെയും കൊല്ലുകയോ അംഗഭംഗം വരുത്താനോ സാധിക്കുമെന്നാണ് പഠനറിപ്പോര്‍ട്ട്.
ജിയോളജിസ്റ്റ് സുസ്മിത താക്കൂർ, ബയോടെക്നോളജിസ്റ്റ് റോബിൻ ഡോളി, അനസ്തേഷ്യോളജിസ്റ്റ് സുരജിത് ഗിരി, ശിശുരോഗ വിദഗ്ധരായ ഗൗരവ് ചൗധരി, ഹെമെൻ നാഥ് എന്നിവരാണ് 'ഡെത്ത് ടു ബൈറ്റ്: എ കേസ് റിപ്പോർട്ട് ഓഫ് ഡെഡ് സ്നേക്ക് എൻവെനോമിംഗ് ആൻഡ് ട്രീറ്റ്മെൻറ്’ എന്ന പേരില്‍ പഠനം നടത്തിയത്. ചത്ത പാമ്പുകള്‍ കടിച്ച് വിഷബാധയേറ്റ മൂന്ന് കേസുകളാണ് സംഘം പ്രധാനമായും മുന്നോട്ടുവച്ചത്. രണ്ടു കേസുകള്‍ അസമിലെ ശിവസാഗറിലുള്ള ഡെമോ റൂറൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററില്‍ പ്രവേശിപ്പിച്ച മോണോക്ലെഡ് മൂര്‍ഖന്‍ (Naja kaouthia) കടിച്ചവയും, ഒരെണ്ണം തെക്കുപടിഞ്ഞാറൻ അസമിലെ ബോക്കോയിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററില്‍ പ്രവേശിപ്പിച്ച ലെസ്സർ ബ്ലാക്ക് ക്രെയിറ്റ് (Bungarus lividus) കടിച്ചതുമാണ്.
വിഷബാധയേറ്റ എല്ലാവർക്കും 20 വയൽസ് ആന്റി-സ്നേക്ക് വെനം നൽകേണ്ടിവന്നു. 25 ദിവസത്തോളം ആശുപത്രിവാസവും ഇവര്‍ക്ക് വേണ്ടിവന്നു. മൂന്ന് മണിക്കൂറോളം ചത്തുകിടന്ന ലെസ്സർ ബ്ലാക്ക് ക്രെയിറ്റ്, ശംഖുവരയന്‍ കടിച്ചയാൾക്ക് മറ്റ് മരുന്നുകളും വെൻ്റിലേഷൻ സപ്പോർട്ടും ആവശ്യമായി വന്നു. ആദ്യകേസില്‍ ചത്തു രണ്ടായിക്കിടന്ന പാമ്പിന്‍റെ ശരീരം ഉപേക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് തലയില്‍ നിന്നും കടിയേറ്റത്. ചത്ത പാമ്പുകള്‍ കടിച്ച കേസുകള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് അസമില്‍ നിന്നാണെന്ന് ഡോ ഗിരി പറയുന്നു.
ചൂട് രക്തമുള്ള സസ്തനികളുടെ തലയറുത്ത ശേഷവും പ്രവർത്തനരഹിതമാകാൻ ആറേഴ് മിനിറ്റെടുക്കുമ്പോള്‍ തണുത്ത രക്തമുള്ള പാമ്പുകളുടെ തലച്ചോറ് തലയറുത്ത ശേഷമോ ചത്തതിന് ശേഷമോ നാല് മുതൽ ആറ് മണിക്കൂർ വരെ സജീവമായി നിലനിൽക്കും. ആരെങ്കിലും അവയുടെ തലയിലോ കഴുത്തിലോ തൊട്ടാൽ അവ പ്രതികരണമായി കടിക്കുമെന്നും ഡോക്ടര്‍ പറയന്നു. പാമ്പിന്‍റെ മന്ദഗതിയിലുള്ള മെറ്റബോളിസം കാരണമാണിതെന്നാണ് ലഭിക്കുന്ന സൂചന.