ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ 37കാരന്‍ മരിച്ചു. പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡിലുള്ള ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് വെളളം കുടിച്ചതിനു പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. ജിമ്മിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
വെള്ളംകുടിച്ചതിനു പിന്നാലെ ഒന്നു തിരിയുന്നതും ഉടന്‍ തന്നെ കുഴഞ്ഞുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മിലിന്ദ് കുൽക്കർണിയുടെ മരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ജിമ്മിലുണ്ടായിരുന്നവർ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മിലിന്ദിന്റെ ഭാര്യ ഡോക്ടറാണ്. കഴിഞ്ഞ ആറുമാസമായി ജിമ്മില്‍ പോകുന്നയാളാണ് മിലിന്ദ്.
65 വയസ്സിന് മുകളിലുള്ളവർക്ക് ഹൃദയാഘാത സാധ്യത കൂടുതലാണെന്ന് പറയുന്നുണ്ടെങ്കിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി 50 വയസ്സിന് താഴെയുള്ളവരിൽ ഹൃദയാഘാത കേസുകളിൽ വലിയ വർദ്ധനവാണ് കണ്ടുവരുന്നത്. 30-കളിലും 40-കളിലുമുള്ളവരിൽ ഹൃദയാഘാത വർദ്ധനവ് ചൂണ്ടിക്കാണിക്കുന്ന നിരവധി ആഗോള മെഡിക്കൽ റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മുളന്തുരുത്തിയില്‍ ജിമ്മില്‍ വ്യായാമത്തിനിടെ 42കാരന്‍ കുഴഞ്ഞുവീണു മരിച്ചത്.