ബിഹാറിലെ കരട് വോട്ടർപട്ടികയിൽനിന്ന് പുറത്തായത് 65 ലക്ഷത്തിലധികംപേർ. പട്ന ജില്ലയിലാണ് കൂടുതൽപേർ പുറത്തായത്. കമ്മീഷൻ മരിച്ചെന്ന് പറഞ്ഞൊഴിവാക്കിയ പലരും ജീവിച്ചിരിപ്പുണ്ടെന്ന് കോൺഗ്രസ് പ്രതികരിച്ചു. ചോദ്യങ്ങൾക്കൊന്നും തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി ഇല്ലെന്ന് ആർജെഡി വിമർശിച്ചു.
ബീഹാറിലെ പരിഷ്കരിച്ച വോട്ടർ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചപ്പോൾ വോട്ടർമാരല്ലാതെയായത് 65,64,075 പേർ. 3,95,500 വോട്ടർമാർ പട്നയിലെ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായി. 3,52,545 ആളുകളുമായി മധുബനി രണ്ടാമത്. ഗോപാൽ ഗഞ്ചിൽ 3,10,363 പേരും പട്ടികക്ക് പുറത്തായി.
ഏറ്റവും കുറഞ്ഞ ആളുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ജില്ല ശൈഖ്പുരയാണ്, 26,256 പേർ. 22,34,501 പേരെ മരിച്ചെന്ന് കാണിച്ച് പുറത്താക്കി. എന്നാൽ ഇവരിൽ പലരും ജീവിച്ചിരിപ്പുണ്ടെന്നും വിവരങ്ങൾ ശേഖരിച്ച് പുറത്ത് വിടുമെന്നും കോൺഗ്രസ് പറഞ്ഞു. താമസം മാറിയവരും വോട്ടർപട്ടിയുമായി ബന്ധപ്പെട്ട പരിശോധനകളിൽ പങ്കെടുക്കാത്തവരുമായവർ 36,28,210 .
വോട്ടിരട്ടിപ്പ് 7,01,364. ഇവരെയെല്ലാം പട്ടികക്ക് പുറത്താക്കി.പരാതികൾക്കും തിരുത്തലും സെപ്റ്റംബർ ഒന്നു വരെ സമയമുണ്ട്. 7.89 കോടി വോട്ടർമാരിൽ 7.24 കോടി പേരുടെ എന്യൂമറേഷൻ ഫോമുകളാണ് കമ്മിഷന് ലഭിച്ചത്.