ബിഹാറിലെ നവാഡ ജില്ലയിൽ ക്രൂരമായ ആൾക്കൂട്ട ആക്രമണത്തിരയായി ചികില്‍സയിലായിരുന്ന മുഹമ്മദ് അത്തർ ഹുസൈൻ മരിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് 40കാരനായ ഹുസൈൻ മരണത്തിന് കീഴടങ്ങിയത്. ഡിസംബർ അഞ്ചിനാണ് ഹുസൈനെതിരെ ആക്രമണം നടന്നത്. തുണിക്കച്ചവടക്കാരനായ ഹുസൈൻ കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു. സൈക്കിളില്‍ സഞ്ചരിച്ചാണ് തുണി വില്‍പന നടത്തിയിരുന്നത്. കച്ചവടം കഴിഞ്ഞ് ദുമ്രി ഗ്രാമത്തിൽ നിന്ന് തന്‍റെ വീട്ടിലേക്ക് മടങ്ങവേയായിരുന്നു ആക്രമണം.
ഇതിനിടയ്ക്ക് നാലോ അഞ്ചോ പേരടങ്ങുന്ന ഒരു സംഘം തന്നെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് മരണത്തിന് മുന്‍പ് ഹുസൈന്‍ നല്‍കിയ മൊഴി. തന്നോട് പേര് ചോദിച്ചു. പേര് പറഞ്ഞതോടെ ആക്രമണം തുടങ്ങി. മുസ്ലിമാണെന്ന് ഉറപ്പുവരുത്താൻ പാന്റ് അഴിച്ചുനോക്കി. അതിനുശേഷം കൈകളും കാലുകളും കെട്ടിയിട്ടു, കമ്പികളും ഇഷ്ടികകളും കൊണ്ട് ക്രൂരമായി മർദിച്ചു, നെഞ്ചിൽ ചവിട്ടി നിന്നു, തന്‍റെ വായില്‍ നിന്നും ചോര വന്നു. പ്ലെയര്‍ ഉപയോഗിച്ച് വിരലുകൾ ചതച്ചു, ചൂടുള്ള ഇരുമ്പ് ദണ്ഡുകൾ കൊണ്ട് ശരീരത്തിൽ പൊള്ളലേൽപ്പിച്ചു, തൊലി പൊളിച്ച് അടര്‍ത്തിയെടുത്തു. കൈവശമുണ്ടായിരുന്ന 18,000 രൂപയും കവർന്നെടുത്തു.
ഗുരുതരമായി പരുക്കേറ്റ് ഹുസൈനെ ആദ്യം നവാഡ സദർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും നില വഷളായതിനെ തുടർന്ന് മറ്റൊരു ആശുപ്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഇയാൾക്കെതിരെ മോഷണക്കുറ്റം ആരോപിച്ച് സിക്കന്ദർ യാദവ് എന്നയാൾ പരാതി നൽകി.
വിരലുകൾ ഒടിഞ്ഞുപോയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ട്, കൊഴുത്തുവെച്ചതിന്‍റെ ലക്ഷണങ്ങളും ഗുരുതരമായ തലയ്ക്കേറ്റ ക്ഷതങ്ങളും പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സയ്ക്കായി മാറ്റുന്നതിനിടെ ഹുസൈന്‍ മരിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് 15 പേർക്കെതിരെ പേര് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സോനു കുമാർ, രഞ്ജൻ കുമാർ, സച്ചിൻ കുമാർ, ശ്രീ കുമാർ എന്നിവരുൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.