എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

ബിഹാറില്‍ മകളെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മാതാവിന് വധശിക്ഷ. 2023 ല്‍ നടന്ന സംഭവത്തിലാണ് രണ്ട് വര്‍ഷത്തിന് ശേഷം വിധി പ്രഖ്യാപിച്ചത്. 11 കാരിയായ ശിവാനിയാണ് കൊല്ലപ്പെട്ടത്. ശിവാനിയുടെ മാതാവ് പൂനം ദേവി (35) ആണ് കേസില്‍ മുഖ്യപ്രതി. അരാരിയ ജുഡീഷ്യൽ ഡിവിഷനിലെ ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജി റാബി കുമാറാണ് ശിക്ഷ വിധിച്ചത്. അപൂർവങ്ങളിൽ അപൂർവം എന്നു നിരീക്ഷിച്ചാണ് കോടതി പൂനം ദേവിക്ക് വധശിക്ഷ വിധിച്ചത്. 

2023 ജൂലൈ 11 ന് രാത്രി 11 മണിയോടെയാണ് ക്രൂരകൃത്യം നടന്നത്. ശിവാനിയുടെ അമ്മ പൂനം ദേവിക്ക് അതേ ഗ്രാമത്തിലെ മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നു. ശിവാനി ഇത് അറിഞ്ഞതോടെയാണ് സ്വന്തം മകളെ ഇല്ലാതാക്കാന്‍ ആ അമ്മ തയ്യാറെടുക്കുന്നത്. യുവാവിനോടൊപ്പം പൂനം ദേവിയെ കണ്ട കുട്ടി, പഞ്ചാബില്‍ ജോലിക്ക് പോയ പിതാവ് തിരിച്ചെത്തിയാല്‍ കണ്ടതെല്ലാം പറഞ്ഞുകൊടുക്കുമെന്ന് പൂനത്തിനോട് പറഞ്ഞു. തുടര്‍ന്ന് ഭര്‍ത്താവ് തിരിച്ചെത്തിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ ഓര്‍ത്ത് പൂനം മകളെ വകവരുത്തുകയായിരുന്നു.

പ്രോസിക്യൂഷൻ പറയുന്നതനുസരിച്ച് ശിവാനിക്കുള്ള ഭക്ഷണത്തില്‍ കൂടിയ അളവില്‍ വിഷാംശമുള്ള ഓർഗാനോഫോസ്ഫറസ് എന്ന കീടനാശിനി കലര്‍ത്തുകയായിരുന്നു പൂനം. ഭക്ഷണം കഴിച്ച ശിവാനി ബോധരഹിതയായപ്പോൾ, കുട്ടിയുടെ കഴുത്ത് അറുത്തു കൊലപ്പെടുത്തി, തുടര്‍ന്ന് കാമുകന്റെ സഹായത്തോടെ മൃതദേഹം വീടിന് പിന്നിലുള്ള ചോളത്തോട്ടത്തിൽ മറവുചെയ്തു. ശിവാനിയുടെ അടുത്ത ബന്ധുക്കളാരും തന്നെ സംഭവത്തില്‍ പൊലീസിനെ സമീപിച്ചിരുന്നില്ല. മറിച്ച് അയല്‍വാസിയാണ് പൊലീസിലെത്തുന്നത്. ഇയാളുടെ രേഖാമൂലമുള്ള മൊഴിയുടെ അടിസ്ഥാനത്തിൽ സനർപത്ഗഞ്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

കാമത്തിന് മുന്നിൽ മാതൃത്വത്തിന്റെ സ്നേഹവും, വാത്സല്യവും, പവിത്രമായ ബന്ധവും ഇല്ലാതായെന്നും മാതൃത്വം തന്നെ പരാജയപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തു എന്നാണ് യുവതിക്കെതിരെ വാദിച്ച പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പറഞ്ഞത്. സമൂഹത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്നതും അങ്ങേയറ്റം ക്രൂരവുമാണ് പൂനത്തിന്‍റെ പ്രവൃത്തിയെന്ന് നിരീക്ഷിച്ച കോടതി എന്നും നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ നല്‍കണമെന്നും വിധി പ്രസ്താവിക്കുമ്പോൾ പറഞ്ഞു.

ENGLISH SUMMARY:

A Bihar court has sentenced Poonam Devi (35) to death for the cruel murder of her 11-year-old daughter, Shivani, in 2023. Araria Judicial Divisional Additional Sessions Judge Rabi Kumar ruled the case as 'rarest of the rare.' Poonam Devi murdered Shivani on July 11, 2023, after the girl witnessed her mother with her lover and threatened to tell her father upon his return from Punjab. Poonam poisoned Shivani's food with organophosphorus pesticide, and when the girl became unconscious, she slit her throat and buried the body in a cornfield with her lover's help. The court noted that the mother's act, driven by lust, destroyed the sacred bond of motherhood and shook the conscience of society, necessitating the maximum punishment prescribed by law.