Image: Instagram
യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കുന്നതാവും പലപ്പോഴും ഗതാഗതക്കുരുക്ക്. ബംഗളൂരുവിലാണെങ്കില്‍ പിന്നെ ഒന്നും പറയാനില്ല. നഗരത്തിലെ ഗതാഗതക്കുരുക്കിന്റെ തീവ്രത എത്രത്തോളമെന്ന് വ്യക്തമാക്കുന്ന ഒരു ഇന്‍സ്റ്റഗ്രാം കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ബംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തില്‍ സുഹൃത്തിനെ യാത്രയാക്കി തിരിച്ചുപോന്നതാണ് ഈ യുവതി. മണിക്കൂറുകളോളം കുരുക്കില്‍പ്പെട്ട് കിടക്കുന്നു. ഇതിനിടെ താന്‍ ദുബായിലെത്തിച്ചേര്‍ന്നെന്ന് സുഹൃത്തിന്റെ സന്ദേശം. ഇതോടെ നിലവിട്ട യുവതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു.
റോഡിലെ കുരുക്കിന്റെ വിഡിയോ കൂടി ചേര്‍ത്താണ് യുവതി പോസ്റ്റിട്ടിരിക്കുന്നത്. ഇതാണ് അവസ്ഥ. ബംഗളൂരു ജനതയെ മൊത്തം ടാഗ് ചെയ്യുന്നു എന്നുകൂടി പറയുന്നുണ്ട് യുവതി. അല്‍പം പോലും അതിശയോക്തിയില്ലെന്നും നഗരത്തിന്റെ സാധാരണ അവസ്ഥയിതാണെന്നും പറഞ്ഞ് നിരവധി കമന്റുകളും നിറയുന്നുണ്ട് പോസ്റ്റില്‍. ബംഗളൂരുവില്‍ ഒരു കിമീ, കാറില്‍ യാത്ര ചെയ്യാന്‍ മിനിമം സമയം മൂന്ന് മണിക്കൂറും നടക്കാന്‍ പത്തുമിനിറ്റും എന്നു പറയുകയാണ് മറ്റൊരു ഉപയോക്താവ്.
വിമാനയാത്രക്കായി കുറഞ്ഞത് ആറ് മണിക്കൂര്‍ മുന്‍പെങ്കിലും യാത്ര തുടങ്ങണമെന്നാണ് മറ്റൊരാള്‍ പറയുന്നത്. ഒരു അടിയന്തര സാഹചര്യം വന്നാല്‍ എന്തുചെയ്യുമെന്ന ആശങ്കയും പലരും ഉന്നയിക്കുന്നുണ്ട്.